മാന്യ സദസ്സിന് നമസ്‌കാരം,
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം.
ആദ്യം നമുക്ക് എന്താണ് പ്രകൃതിയും പരിസ്ഥിതിയും തമ്മിലുള്ള വ്യത്യാസം എന്ന് ഒന്നു നോക്കാം. ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും, അവയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് പരിസ്ഥിതി. ഉദാഹരണത്തിന് ജീവനുള്ള മനുഷ്യന്റെയും, ഒരര്‍ത്ഥത്തില്‍ ജീവനില്ലാത്ത മണല്‍ത്തരിയുടേയും ഇടയില്‍ പ്ലാസ്റ്റിക് എന്ന ഘടകം കടന്നുവരുമ്പോള്‍ ചില പരിസ്ഥിതികള്‍ രൂപപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന പരിസ്ഥിതി, മനുഷ്യനോ മണ്ണിനോ അല്ലെങ്കില്‍ ഇവയുടെ രണ്ടിന്റേയും നിലനില്‍പ്പിനൊ പ്രശ്‌നമായി തീരുന്നു. അതേസമയം ഭൗതിക പ്രപഞ്ചത്തെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന വാക്കാണ് പ്രകൃതി. പ്രാപഞ്ചിക നിയമങ്ങള്‍ക്കനുസരിച്ച് സൃഷ്ടിക്കപ്പെടുന്നത് ഒഴിച്ച് ഒന്നും പ്രകൃതിയുടെ ഭാഗമായി കണക്കാക്കുന്നില്ല. ഉദാഹരണത്തിന് മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത കോണ്‍ക്രീറ്റ് വീടും, പ്ലാസ്റ്റിക്കും എല്ലാം കൃത്രിമമായി കണക്കാക്കുന്നു. ഇവയില്‍ പ്രകൃതിക്ക് ദോഷമാകുന്നവയും നല്ലതായിതീരുന്നവയും ഉണ്ടാകാം എന്നാല്‍ പ്രകൃതിക്ക് ദോഷകരമായ പരിസ്ഥിതി രൂപപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്ന് മനുഷ്യന്‍ മാറിനില്‍ക്കുന്നതിനും പ്രകൃതിയെ അതിന്റെ തനതായ അവസ്ഥയില്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നാം പ്രകൃതിസംരക്ഷണ ദിനം ആചരിക്കുന്നത്
അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെ കുറിച്ച് ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിയ്ക്കുവാനുമുള്ള ഒരു ദിനം.
മനുഷ്യന്റെയും മറ്റ് ലക്ഷക്കണക്കിന് ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ ഭൂമി, മറ്റ് ഗ്രഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഈ ഭൂമിയിലെ ആവാസവ്യവസ്ഥ നമ്മുടെ ഇടപെടല്‍ കൊണ്ട് നാശത്തിന്റെ പാതയിലാണെന്ന് പലരും തിരിച്ചറിയുന്നില്ല. പൂക്കളും പൂമ്പാറ്റകളും പുഴയും നീല ജലാശയവും മഞ്ഞു മലകളും മഴയും വെയിലും കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള ഈ ഭൂമി,അറിഞ്ഞിടത്തോളം ജീവന്‍ നിലനില്‍ക്കുന്ന ഏക ഗോളമാണ്. പക്ഷെ ഈ തിരിച്ചറിവുകള്‍ ശരിയായി ലഭിക്കാത്ത മനുഷ്യന്‍, അവന്റെ സുഖത്തിനുവേണ്ടി മാത്രം ജീവന്റെയും അടിസ്ഥാനമായ ഈ ഭൂമിയെ നശിപ്പിക്കുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.
ഈ ഭൂമിയില്‍ മനുഷ്യന്‍ നിലനില്‍ക്കണമെങ്കില്‍ നമ്മുടെ പ്രകൃതിയിലെ ആവാസവ്യവസ്ഥയിലെ കണ്ണികള്‍ ഒന്നുപോലും മുറിയാതെ നിലനില്‍ക്കണം. പൂവും പുഴുവും പുല്‍ച്ചാടിയും മനുഷ്യരും മറ്റ് മുഴുവന്‍ ജീവജാലങ്ങളും അന്തരീക്ഷത്തിലെ ഓരോ അണുവും അതിലെ കണ്ണികളാണ്. ഈ കണ്ണികളില്‍ ഒന്നിനുപോലും ശക്തിക്ഷയം സംഭവിക്കുന്നത് ഈ ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കും. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് ജലസംരക്ഷണം, മണ്ണ് സംരക്ഷണം, വന സംരക്ഷണം, മൃഗസംരക്ഷണം, മറ്റ് ജീവജാലങ്ങളുടെ സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്റെ അതിരറ്റ ദുര മൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്നും അതില്‍ മനുഷ്യന്റെ പങ്ക് വളരെ വലുതായിരിക്കുമെന്നും ആധുനിക പഠനങ്ങള്‍ പറയുന്നു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെ കുറിച്ച് ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിയ്ക്കുവാനുമുള്ള ഒരു ദിനമാണ് നമുക്ക് മുന്നിലേക്ക് എത്തുന്നത്. ഈ വരുന്ന ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമാണന്ന തിരിച്ചറിവില്‍ ഓരോ മനുഷ്യനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.
നന്ദി നമസ്‌കാരം.
No comments:
Post a Comment