I daily kerala syllabus: ഇന്ത്യന്‍ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് ഭാഗം-1-അദ്ധ്യായം 2 ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 1950-90

ഇന്ത്യന്‍ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് ഭാഗം-1-അദ്ധ്യായം 2 ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 1950-90

അദ്ധ്യായം 2 
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 1950-90

വിവിധതരം സമ്പദ് വ്യവസ്ഥകള്‍
മൂന്ന് സാമ്പത്തിക സംവിധാനങ്ങള്‍ ഉണ്ട്.

1. മുതലാളിത്ത സമ്പദ്വ്യവസ്ഥ
സ്വകാര്യ ഉടമസ്ഥത, പ്രധാനലക്ഷ്യം ലാഭം, വില മെക്കാനിസത്തിന്റെ പ്രവര്‍ത്തനം എന്നിവയാണ് സവിശേഷതകള്‍. 

2. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
ഗവണ്‍മെന്റ് ഉടമസ്ഥത, പ്രധാനലക്ഷ്യം സാമൂഹ്യക്ഷേമം, കേന്ദ്ര ആസൂത്രണ അതോറിറ്റിയുടെ പ്രവര്‍ത്തനം എന്നിവയാണ് സവിശേഷതകള്‍.

3. മിശ്ര സമ്പദ് വ്യവസ്ഥ:
പൊതുമേഖലയും സ്വകാര്യമേഖലയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പ്രധാന ലക്ഷ്യം ലാഭവും സാമൂഹ്യക്ഷേമവും ആണ്. വില മെക്കാനിസവും പ്ലാനിങ്ങും പ്രവര്‍ത്തിക്കുന്നു. ഇന്ത്യ ഒരു മിശ്ര സമ്പദ്വ്യവസ്ഥയാണ്.

ആസൂത്രണം

രാജ്യത്തിന്റെ വിഭവങ്ങളുടെ കേന്ദ്രീകൃതവും മനഃപൂര്‍വ്വവുമായ ഉപയോഗം ആണ് ആസൂത്രണം. 1950 മാര്‍ച്ച് 15 ന് ഇന്ത്യന്‍ പ്ലാനിങ്ങ് കമ്മീഷന്‍ സ്ഥാപിച്ചു. (എന്നാല്‍ ജനുവരി 1, 2015 ന് ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ് നിലവില്‍ വന്നു).

ഇന്ത്യയില്‍ നടപ്പാക്കിയത് പഞ്ചവത്സര പദ്ധതികള്‍ (FYP) ആണ്. ആദ്യ പഞ്ചവത്സരപദ്ധതി 1951 ലാണ് ആരംഭിച്ചത്.

പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങള്‍
ഓരോ പഞ്ചവത്സര പദ്ധതികളിലും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ 20 വര്‍ഷം കൊണ്ട് നേടേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളും ഉണ്ട്. ദീര്‍ഘകാല പദ്ധതിയെ പരിേ്രപക്ഷ്യ പദ്ധതി എന്നും വിളിക്കുന്നു.

1. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച

സാധന സേവനങ്ങളുടെ പരമാവധി ഉത്പാദനം എന്നാണ് അര്‍ത്ഥം. മൊത്തം ആഭ്യന്തര ഉത്പന്നം (ജിഡിപി) ആണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകം.

2. ആധുനികവല്‍ക്കരണം

സാങ്കേതികവിദ്യയുടെ പുരോഗതിയാണ് ആധുനികവല്‍ക്കരണം. ഉത്പാദനക്ഷമത വര്‍ദ്ധിക്കുന്നു. സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം ഉണ്ടാകണം.

3. സ്വാശ്രയത്വം

വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് തദ്ദേശീയമായി ഉത്പാദിപ്പിക്കണം. ഇറക്കുമതി കുറയുന്നു. 

4. സമത്വം

വളര്‍ച്ചയോടൊപ്പം നീതിയും ലക്ഷ്യമിടുന്നു. വരുമാനത്തിന്റെയും വിതരണത്തിലെയും അസമത്വം കുറയ്ക്കണം. സാമ്പത്തിക വളര്‍ച്ചയുടെ ഗുണങ്ങള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ലഭിക്കണം.

പദ്ധതികളുടെ നേട്ടങ്ങളും പരാജയങ്ങളും

താഴെപ്പറയുന്ന മേഖലകളിലൂടെ ഈ 4 ലക്ഷ്യങ്ങള്‍ എത്രത്തോളം പൂര്‍ത്തീയാക്കിയിട്ടുണ്ട് എന്ന് വിശകലനം ചെയ്യാം.

കൃഷി

കാര്‍ഷികമേഖലയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് സ്വീകരിച്ച പ്രധാന രണ്ട് നടപടികള്‍ ആണ് 

(a) ഭൂപരിഷ്‌ക്കരണം
(b) ഹരിതവിപ്ലവം

(a) ഭൂപരിഷ്‌ക്കരണം
കാര്‍ഷിക മേഖലയില്‍ സമത്വം (നീതി) നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഭൂമി അധ്വാനിക്കുന്ന ജനവിഭാഗത്തിന് എന്നതായിരുന്നു നയം.

ഭൂപരിഷ്‌ക്കരണ നടപടികള്‍

(i) ഇടനിലക്കാരെ ഇല്ലാതാക്കി
(ii) ഭൂവുടമസ്ഥാവകാശം കുടിയാന്മാര്‍ക്ക് നല്‍കി
(iii) കൃഷിഭൂമിയ്ക്ക് പരിധി നിശ്ചയിച്ചു. ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാന്‍ കഴിയുന്ന ഭൂമിയുടെ അളവാണ് പരിധി.
(iv) മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു.
(v) കൃഷിഭൂമി ഏകീകരിച്ചു.

ഭൂപരിഷ്‌കരണം ഇന്ത്യയില്‍ വിജയമായിരുന്നോ?

കേരളത്തിലും പശ്ചിമബംഗാളിലും ഭൂപരിഷ്‌കരണം വിജയമായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭൂപരിഷ്‌കരണം പൂര്‍ണ്ണമായി വിജയിച്ചില്ല. നിയമത്തില്‍ ധാരാളം പഴുതുകള്‍ ഉണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍ ഭൂവുടമകള്‍ തന്നെ കൃഷി ഭൂമി സ്വന്തമാക്കി. ബന്ധുമിത്രാദികളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. നിയമങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഭൂരിഭാഗം യഥാര്‍ത്ഥ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കാതെ വന്നു.

(b) ഹരിതവിപ്ലവം

അത്യുല്പാദനശേഷിയുളള വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ജലസേചന സൗകര്യങ്ങള്‍, ആധുനിക കൃഷി ഉപകരണങ്ങള്‍ മുതലായവയുടെ ഉപയോഗത്തിലൂടെ കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയാണ് ഹരിതവിപ്ലവം.

ഹരിതവിപ്ലവത്തിന് രണ്ട് ഘട്ടങ്ങളുണ്ട്

ഒന്നാം ഘട്ടം (1965 - 1975)  പഞ്ചാബ്, തമിഴിനാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് നടപ്പാക്കിയത്. നേട്ടമുണ്ടാക്കിയ പ്രധാന വിള ഗോതമ്പ് ആയിരുന്നു.

രണ്ടാം ഘട്ടം (1975 - 1985)  മറ്റ് സംസ്ഥാനങ്ങളിലേക്കും കൂടുതല്‍ വിളകളിലേക്കും ഇത് വ്യാപിപ്പിച്ചു.

ഹരിതവിപ്ലവത്തിന്റെ അനന്തരഫലങ്ങള്‍

(i) ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിച്ചു.
(ii) കമ്പോള മിച്ചം : കാര്‍ഷിക ഉത്പന്നത്തിന്റെ ഒരുഭാഗം കമ്പോളത്തില്‍ വിറ്റ് ലാഭം നേടി. കൃഷി വാണിജ്യവല്‍ക്കരിക്കപ്പെട്ടു.
(iii) ഉയര്‍ന്ന ഉത്പാദനം ആപേക്ഷികമായി ഭക്ഷ്യധാന്യങ്ങളുടെ വില കുറച്ചു.
(iv) ഗവണ്‍മെന്റ് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു. ഭക്ഷ്യ ദൗര്‍ലഭ്യം നേരിടാന്‍ ഇത് ഗവണ്‍മെന്റിനെ സഹായിച്ചു.
(v) അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു.
(vi) ചെറുകിട കര്‍ഷകര്‍ക്കും ധനിക കര്‍ഷകര്‍ക്കും പ്രയോജനമായി.

ഹരിതവിപ്ലവത്തിന്റെ ദോഷങ്ങള്‍

(i) കീടബാധ വര്‍ദ്ധിച്ചു.
(ii) മണ്ണ്, ജലം എന്നിവയെ മലിനമാക്കി.
(iii) ഒന്നാം ഘട്ടത്തില്‍ ഹരിതവിപ്ലവം ഏറെക്കുറെ ഗോതമ്പ് വിപ്ലവമായി മാറി. 
(iv) ധനിക കര്‍ഷകരും ദരിദ്ര കര്‍ഷകരും തമ്മിലുളള അന്തരം വര്‍ദ്ധിച്ചു.
(v) ജലസേചന സൗകര്യങ്ങളെ അമിതമായി ആശ്രയിച്ചു.

സബ്‌സിഡി വിവാദം
സബ്‌സിഡി സംബന്ധിച്ച് ചൂടേറിയ വാദങ്ങള്‍ നടക്കുന്നുണ്ട്.

അനുകൂല വാദങ്ങള്‍
(i) പുത്തന്‍ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് ചിലവേറിയതാണ്. അത് പരീക്ഷിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കണം.
(ii) സബ്‌സിഡി ഉത്പാദനച്ചെലവ് കുറയ്ക്കും.
(iii) സബ്‌സിഡി ഇല്ലാതായാല്‍ ദരിദ്ര-ധനിക കര്‍ഷകര്‍ തമ്മിലുളള അന്തരം വര്‍ദ്ധിക്കും.
 (iv) ഇന്ത്യയില്‍ കൃഷി നഷ്ടസാധ്യതയുളള ഒരു ബിസിനസ് ആണ്.

പ്രതികൂല വാദങ്ങള്‍
(i) പുത്തന്‍ സാങ്കേതികവിദ്യ ലാഭകരമായാല്‍ വീണ്ടും സബ്‌സിഡി നല്‍കരുത്.
(ii) ഗവണ്‍മെന്റിന്റെ ബാധ്യത വര്‍ദ്ധിപ്പിക്കുന്നു.
(iii) സബ്‌സിഡിയുടെ ഗുണം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ഇത് ഭൂരിഭാഗവും സമ്പന്ന കര്‍ഷകര്‍ക്കും രാസവള നിര്‍മാതാക്കള്‍ക്കും ലഭിക്കുന്നു.
(iv) വൈദ്യുതി, വെളളം മുതലായവ സൗജന്യമായി നല്‍കുമ്പോള്‍ അത് പാഴാക്കപ്പെടാം. വില ഈടാക്കിയാല്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കും.

വ്യവസായവും വ്യാപാരവും
വ്യവസായ വികസനത്തില്‍ പൊതു-സ്വകാര്യമേഖലകളുടെ പങ്ക്

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം വ്യവസായവല്‍ക്കരണം ആയിരുന്നു. ഗവണ്‍മെന്റിന് വലിയ പങ്ക് വഹിക്കേണ്ടി വന്നു. 

ഇതിന്റെ പ്രധാന കാരണങ്ങള്‍
(i) സ്വകാര്യമേഖലയുടെ മൂലധന അപര്യാപ്തത 
(ii) വലിയ കമ്പോളത്തിന്റെ അപര്യാപ്തത 
(iii) സോഷ്യലിസ്റ്റ് ചായില്‍ ഊന്നിയുളള വികസനം, പൊതുമേഖലയ്ക്ക് പൂരകമായി സ്വകാര്യമേഖലയും എന്ന നയമാണ് സ്വീകരിച്ചത്.

വ്യവസായ നയപ്രമേയം (IPR)  1956
(i) പൊതുമേഖല പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന വ്യവസായം. ഉദാ:- അടിസ്ഥാന വ്യവസായങ്ങള്‍, തന്ത്ര പ്രധാന വ്യവസായങ്ങള്‍, പൊതുജനോപകാര വ്യവസ്ഥകള്‍
(ii) പൊതുമേഖലയുടെ ഉടമസ്ഥതയിലുളളതും, അതിനു പൂരകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്വകാര്യ മേഖല. 
(iii) ബാക്കിയുളള വ്യവസായങ്ങള്‍ സ്വകാര്യമേഖലയില്‍ ആയിരുന്നു.
ഇത് രണ്ടാമത്തെ വ്യവസായ നയമായിരുന്നു. രണ്ടാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇത്. വ്യവസായങ്ങളെ മൂന്നായി തരംതിരിച്ചു.

എന്നാല്‍ ഗവണ്‍മെന്റില്‍ നിന്നും ലൈസന്‍സും അനുമതിയും സ്വകാര്യമേഖല നേടണമായിരുന്നു. കൂടാതെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും ലൈസന്‍സ് നേടണം. എന്നാല്‍ പിന്നോക്ക പ്രദേശങ്ങളില്‍ ലൈസന്‍സ് വേഗം ലഭിക്കും. നികുതിയിളവുകളും കുറഞ്ഞ താരിഫില്‍ വൈദ്യുതിയും നല്‍കി. അങ്ങനെ പ്രാദേശിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിച്ചു.

ചെറുകിട വ്യവസായം (SSI)

നിക്ഷേപ പരിധിയുടെ അടിസ്ഥാനത്തിലാണ് ചെറുകിട വ്യവസായങ്ങള്‍ നിര്‍വചിക്കുന്നത്. നേരത്തെ നിക്ഷേപപരിധി 5 ലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ ഇത് 1 കോടി രൂപയാണ്.

ചെറുകിട വ്യവസായത്തിന്റെ പ്രാധാന്യം
(1) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു 
(2) കുറഞ്ഞ മൂലധനം
(3) ഗ്രാമീണ വികസനത്തെ സഹായിക്കുന്നു
(4) പ്രദേശിക വിഭവങ്ങള്‍ ഉപയോഗിക്കുന്നു
(5) കുറഞ്ഞ ഇറക്കുമതി
(6) പരിസ്ഥിതി സൗഹൃദമാണ്.
(7) ഗ്രാമീണ വികസനത്തിനും ക്ഷേമത്തിനും സഹായിക്കുന്നു.

കാര്‍വെ കമ്മിറ്റി (1955) or ഗ്രാമീണ ചെറുകിട വ്യവസായ കമ്മിറ്റി
ഗ്രാമീണ വികസനത്തില്‍ ചെറുകിട വ്യവസായങ്ങളുടെ സാധ്യത ഈ കമ്മിറ്റി പറയുന്നു.
ചെറുകിട വ്യവസായങ്ങളുടെ (SSIs) ന്റെ സംരക്ഷണത്തിനുവേണ്ടി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍. 
(1) ചില വ്യവസായങ്ങള്‍ സംവരണം ചെയ്തു 
(2) കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കി
(3) നികുതിയിളവ് 
(4) സാങ്കേതിക സഹായം
(5) വിപണന സൗകര്യം.

വ്യാപാര നയം : ഇറക്കുമതി ബദല്‍ തന്ത്രം
നമ്മുടെ വ്യവസായനയം വ്യാപാരനയവുമായി ബന്ധപ്പെട്ടതാണ്. ഇറക്കുമതി ബദല്‍ തന്ത്രമാണ് നടപ്പാക്കിയത്.
ഇറക്കുമതി ബദല്‍ തന്ത്രം:- ആഭ്യന്തര ഉത്പാദനത്തിലൂടെ സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതാണ് ഈ തന്ത്രം. വിദേശ മത്സരത്തില്‍ നിന്നും തദ്ദേശ വ്യവസായങ്ങളെ സംരക്ഷിച്ചു. വിദേശ രാജ്യങ്ങളിലുളള ആശ്രയത്വം കുറച്ചു. ഗവണ്‍മെന്റ് സംരക്ഷണ നയം സ്വീകരിച്ചു. ഇതിനായി രണ്ട് നടപടികള്‍ സ്വീകരിച്ചു.
(a) താരിഫ് (ഇറക്കുമതി ചുങ്കം) ഇറക്കുമതിയില്‍ ചുമത്തുന്ന നികുതി (ചുങ്കം) ആണ് ഇത്. ഇറക്കുമതി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. ഇറക്കുമതി കുറയ്ക്കുന്നു.
(b) കോട്ട:- ഇറക്കുമതി സാധനങ്ങളുടെ അളവ് നിജപ്പെടുത്തുന്നു. ഇറക്കുമതി കുറയ്ക്കുന്നു.

മേന്മകള്‍
വ്യവസായ വികസന നയങ്ങളുടെ ഫലങ്ങള്‍ (19501990)
(1) ജി.ഡി.പി യിലുളള വ്യവസായ മേഖലയുടെ സംഭാവന വര്‍ദ്ധിച്ചു.
(2) വ്യവസായ മേഖലയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക് ഈ കാലയളവില്‍ 6% ആയിരുന്നു.
(3) വ്യവസായ മേഖല വൈവിധ്യവല്‍ക്കരിക്കപ്പെട്ടു. ഇതിന് പ്രധാന കാരണം പൊതുമേഖല ആയിരുന്നു.
(4) ചെറുകിട വ്യവസായങ്ങള്‍ വികസിച്ചു. 
(5) ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ തദ്ദേശീയ വ്യവസായങ്ങള്‍ വികസിച്ചു.

പോരായ്മകള്‍
(1) പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ്. മിക്കതും ഭീമമായ നഷ്ടത്തിലായി. വിഭവങ്ങളുടെ ചോര്‍ച്ചയ്ക്ക് കാരണമായി.
(2) ലൈസന്‍സ് പെര്‍മിറ്റ് രാജ്‌സമ്പ്രദായം ചുവപ്പുനാടയ്ക്കും അഴിമതിയ്ക്കും കാലതാമസത്തിനും കാരണമായി.
(3) മത്സരമില്ലായ്മ മൂലം ഗുണമേന്മ ഉണ്ടായില്ല.
(4) പല സ്വകാര്യ സംരംഭങ്ങളും വികസിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും തടസ്സമായി.
(5) ഇറക്കുമതി നിയന്ത്രണം മൂലം തദ്ദേശ സാധനങ്ങള്‍ മാത്രം വാങ്ങുവാന്‍ നിര്‍ബന്ധിതരായി. 
(6) പൊതുമേഖല അനാവശ്യ മേഖലകളിലും പ്രവേശിച്ചു. ഉദാ:- ബ്രഡ് നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം മുതലായവ
(7) സംവരണം പൊതുമേഖലയുടെ കുത്തകയ്ക്ക് കാരണമായി.
എന്നിരുന്നാലും പൊതുമേഖലയെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, സാമൂഹ്യക്ഷേമത്തിന്റെ അടിസ്ഥാനത്തിലും വിലയിരുത്തപ്പെടണമെന്നും വാദിക്കുന്നു.


ഈപാഠത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
1. വിവിധ തരം സമ്പദ് വ്യവസ്ഥകള്‍ ഏതെല്ലാം.
a. മുതലാളിത്ത സമ്പദ് വ്യവസ്ഥ.
b. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ.
c. മിശ്ര സമ്പദ് വ്യവസ്ഥ.

മുതലാളിത്ത സമ്പദ് വ്യവസ്ഥ
എല്ലാ ഉല്പ്പാദന ഉപാധികളും സ്വകാര്യ ഉടമസ്ഥതയിലുള്ള സമ്പദ് വ്യവസ്ഥയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ. സ്വകാര്യ ലാഭം, സ്വകാര്യസ്വത്ത്, ഉടമസ്ഥന്റെ പരമാധികാരത്തിലുള്ള വില സംവിധാനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
എല്ലാ ഉല്പാദനോപാധികളും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സമ്പത് വ്യവസ്ഥയാണിത് കൃത്യമായ ആസൂത്രണം, ജനങ്ങളുടെ ക്ഷേമം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.

മിശ്ര സമ്പദ് വ്യവസ്ഥ
മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും നല്ല വശങ്ങള്‍ ചേര്‍ന്നുണ്ടായ സമ്പദ് വ്യവസ്ഥയാണിത്.

2. എന്താണ് ആസൂത്രണം( പ്ലാനിങ് )
ഒരു നിശ്ചിത കാലയളവില്‍ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ചില ലക്ഷ്യങ്ങള്‍ നേടാനായി വിഭവങ്ങളുടെ കാര്യക്ഷമതയോടെയുള്ള കൈകാര്യ പ്രക്രിയയാണ് ആസൂത്രണം

3. ലോകത്ത് ആദ്യമായി ആസൂത്രണം നടപ്പിലാക്കിയ രാജ്യം 

റഷ്യ

4. ഇന്ത്യയിലെ പ്ലാനിങ് ശില്പി ആര് 

പിസി മഹലനോബിസ്

5. ഇന്ത്യയിലെ പ്ലാനിങ് അറിയപ്പെടുന്നത് എന്ത് പേരിലാണ് 

പഞ്ചവത്സര പദ്ധതി.ഇത് ഇപ്പോള്‍ നീതിആയോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്

6. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം

1951

7. ഇന്ത്യന്‍ പ്ലാനിംഗ് പ്രധാന ലക്ഷ്യങ്ങള്‍
a. സാമ്പത്തിക വളര്‍ച്ച
b. ആധുനീകരണം
c. സ്വാശ്രയത്വം
d. സാമൂഹ്യനീതി

8. പഞ്ചവത്സര പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍

a. ഭൂപരിഷ്‌കരണം
b. ഭൂപരിധി നിശ്ചയിക്കല്‍
C. ഹരിതവിപ്ലവം

എന്താണ് ഹരിതവിപ്ലവം
ഉല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍ കീടനാശിനികള്‍ ആധുനിക ഉപകരണങ്ങള്‍, ജലസേചന സൗകര്യങ്ങള്‍ എന്നിവ ഉപയോഗിച്ച് കാര്‍ഷികമേഖലയെ സമ്പുഷ്ടമാക്കുന്ന പദ്ധതിയാണ് ഹരിതവിപ്ലവം. 

(ലോകത്ത് ആദ്യമായി ഹരിതവിപ്ലവം നടപ്പിലാക്കിയത് മെക്‌സിക്കോയില്‍ നോര്‍മന്‍ ബോര്‍ലോഗ് ആണ്. ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം എസ് സ്വാമിനാഥന്‍ ആണ് ഹരിതവിപ്ലവം ഇന്ത്യയില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. ഒന്നാംഘട്ടത്തില്‍ ഗോതമ്പാണ് ഏറ്റവും കൂടുതല്‍ കൃഷി ചെയ്തത്. അതിനാല്‍ ഇത് ഗോതമ്പ് വിപ്ലവം എന്നും അറിയപ്പെടുന്നു. ഇതിലൂടെ ഇന്ത്യക്ക് ഭക്ഷ്യ രംഗത്ത് സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞു.)

ഹരിതവിപ്ലവത്തിന് ഗുണങ്ങള്‍
1.ഭക്ഷ്യക്ഷാമം ഇല്ലാതായി.
2.ഭക്ഷ്യധാന്യ ശേഖരം ഉണ്ടാക്കാന്‍ കഴിഞ്ഞു.
3.കുറഞ്ഞവിലയ്ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു.
4.ദാരിദ്ര്യം കുറയ്ക്കാന്‍ സാധിച്ചു.

ഹരിത വിപ്ലവത്തിന്റെ ദോഷങ്ങള്‍.
1. ധനിക ദരിദ്ര കര്‍ഷകര്‍ തമ്മിലുള്ള അന്തരം കൂട്ടി.
2. ഇതിന്റെ ഗുണങ്ങള്‍ കൂടുതലും ലഭിച്ചത് ധനിക കര്‍ഷകര്‍ക്കാണ്.
3. ദരിദ്ര കര്‍ഷകരുടെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
4. യന്ത്രവല്ക്കരണം തൊഴില്‍ നഷ്ടമാക്കി.

സബ്സിഡി വിവാദം
കാര്‍ഷിക മേഖലയില്‍ ആധുനിക രീതികള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് നല്‍കുന്ന ഇളവുകള്‍ ആണ് സബ്സിഡി. ഇവ നല്‍കുന്നതിന് അനുകൂലിച്ചും എതിര്‍ത്തും ഉള്ള വാദഗതികള്‍ സബ്സിഡി വിവാദം എന്നറിയപ്പെടുന്നു.

അനുകൂല വാദഗതികള്‍
1. ആധുനിക കാര്‍ഷിക തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ സബ്‌സിഡി ആവശ്യമാണ്
2. കര്‍ഷകര്‍ കൂടുതലും പാവങ്ങള്‍ ആയതിനാല്‍ യന്ത്രങ്ങള്‍ രാസവളങ്ങള്‍ പമ്പ് സെറ്റ് എന്നിവയ്ക്ക് സബ്‌സിഡി ആവശ്യമാണ്
3. വരള്‍ച്ച വെള്ളപ്പൊക്കം എന്നീ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടം നികത്താന്‍ സബ്സിഡി വേണം
4. കൂടുതല്‍ ജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സബ്സിഡി സഹായിക്കുന്നു
5. സബ്സിഡി കാര്‍ഷികമേഖലയില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
6. സബ്‌സിഡി ധനിക കര്‍ഷകരും ദരിദ്ര കര്‍ഷകരും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതികൂല വാദഗതികള്‍
1. ഒരിക്കല്‍ സബ്‌സിഡി ലഭിച്ച കൃഷി ആദായകരമായ തുടര്‍ന്നും സബ്‌സിഡി നല്‍കേണ്ടതില്ല
2. രാസവള സബ്‌സിഡിയുടെ ഗുണം രാസവള നിര്‍മ്മാണ കമ്പനികള്‍ക്കാണ് ലഭിച്ചത്.
3. സബ്‌സിഡി ഗവണ്‍മെന്റിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു.
4. സബ്സിഡി തുക രാജ്യത്ത് മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം.

എന്താണ് കാര്‍വേ കമ്മറ്റി
1955 ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായി നിയോഗിച്ച കമ്മിറ്റി ആണ് കാര്‍വേ കമ്മിറ്റി. ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഈ കമ്മറ്റി ശുപാര്‍ശ ചെയ്തു.

എന്തൊക്കെയാണ് ചെറുകിട വ്യവസായങ്ങളുടെ മേന്മകള്‍ (പ്രസക്തി)
1. ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നു.
2. കുറഞ്ഞ മുതല്‍ മുടക്ക് മതി.
3. പരിസ്ഥിതി മലിനീകരണം കുറവായിരിക്കും.
4. അസംസ്‌കൃതവസ്തുക്കള്‍ എളുപ്പത്തില്‍ ലഭിക്കുന്നു.
 
1956 ലെ വ്യവസായ നയ പ്രമേയം
ഇന്ത്യയില്‍ വ്യവസായങ്ങളുടെ വ്യാപാരത്തിനായി 1956 നടപ്പിലാക്കിയതാണ് വ്യവസായ നയ പ്രമേയം ഇത് പ്രകാരം ഇന്ത്യയിലെ വ്യവസായങ്ങളെ മൂന്നായി തരം തിരിക്കുന്നു
1. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍
2. സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍
3. സര്‍ക്കാറിനും സ്വകാര്യ മേഖലയ്ക്കും തുല്യപങ്കാളിത്തം ഉള്ള വ്യവസായങ്ങള്‍.

എന്താണ് ഇറക്കുമതി ബദല്‍
ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെ ആണ് ഇറക്കുമതി ബദല്‍ എന്ന് പറയുന്നത്.

താരിഫ് (ചുങ്കം)
കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന വസ്തുക്കള്‍ക്ക് ചുമത്തുന്ന നികതിയാണ് താരിഫ്.

ക്വാട്ട
ഒരു ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിക്കുമ്പോഴോ, കയറ്റുമതി ചെയ്യുമ്പോഴോ, ഇറക്കുമതി ചെയ്യുമ്പോഴോ, അളവിലോ എണ്ണത്തിലോ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് കോട്ട.

1 2 3 4 5 6 7 8 9 10

No comments: