I daily kerala syllabus: കുമാരനാശാന്‍- Kumaranasan

Thursday, August 4, 2022

കുമാരനാശാന്‍- Kumaranasan


 കുമാരനാശാന്‍


തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴിലെ കായിക്കര ഗ്രാമത്തില്‍ തൊമ്മന്‍ വിളാകം വീട്ടില്‍ 1873 ഏപ്രില്‍ 12 ന്  കുമാരു എന്ന എന്‍. കുമാരനാശാന്‍ ജനിച്ചു. അച്ഛന്‍ നാരായണന്‍ പെരുങ്ങാടി  അമ്മ കാളിയമ്മ. മഹാകാവ്യമെഴുതാതെ എഴുതിയ കാവ്യങ്ങളുടെ മഹത്വംകൊണ്ട് മഹാകവി എന്ന ബഹുമതിക്കര്‍ഹനായി. ഏഴാം വയസ്സില്‍ വിദ്യാരംഭം. പിറ്റേവര്‍ഷം സംസ്‌കൃതം പഠിച്ചുതുടങ്ങി. 14-ാമത്തെ വയസ്സില്‍ നാലാം ക്ലാസ് പാസായി. മണമ്പൂര്‍ ഗോവിന്ദനാശാന്റ കൂടെ സംസ്‌കൃതാഭ്യസനം തുടരുമ്പോഴാണ് മഹാകാവ്യങ്ങള്‍, നാടകങ്ങള്‍, ചമ്പുക്കള്‍, അലങ്കാരശാസ്ത്രം ഇവയിലൊക്കെ അവഗാഹം നേടിയത്. പിന്നീട് ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1895ല്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഉപരിവിദ്യാഭ്യാസത്തിനുപോയി. മൂന്നുവര്‍ഷക്കാലം ഡോ. പല്‍പ്പുവിന്റെ സംരക്ഷണയില്‍ ബാംഗ്ലൂരും മദ്രാസിലും കല്‍ക്കത്തയിലും പഠിച്ചു. 1900ല്‍ തിരിച്ച് അരുവിപ്പുറത്തെത്തി 3 വര്‍ഷം അവിടെ താമസിച്ചു. 1903 ല്‍ എസ്. എന്‍. ഡി. പി. യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. 1907 ല്‍ വീണപൂവ് 'മിതവാദി'യില്‍ പ്രസിദ്ധീകരിച്ചു. ഒരു സിംഹപ്രസവം, നളിനി, ലീല, ശ്രീബുദ്ധചരിതം, ബാലരാമായണം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയവയാണ് മറ്റു കൃതികള്‍. ആശയഗംഭീരന്‍, സ്‌നേഹഗായകന്‍ എന്നെല്ലാം ആശാന്‍ വിശേഷിപ്പിക്കപ്പെടുന്നു. 1920ല്‍ വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുമാരനാശാന്റെ കാവ്യരച അംഗീകരിച്ച് അദ്ദേഹത്തിന് പട്ടും വളയും സമ്മാനിച്ചു. 1924 ജനുവരി 16-ന് വെളുപ്പിനു മൂന്നുമണിക്ക്, പല്ലനയാറ്റില്‍ ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസ് വക റെഡീമര്‍ എന്നുപേരുള്ള ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ കുമാരനാശാന്‍ അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 51 വയസ്സായിരുന്നു.


No comments: