റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍ (1850 - 1894) Robert Louis Stevenson
ഇംഗ്ലീഷിലെ പ്രസിദ്ധമായൊരു ഗ്രന്ഥമാണ് 'ട്രഷര്‍ ഐലന്‍ഡ്' അതിലെ ജിം ഹോക്കിന്‍സ് എന്ന കൊച്ചു സാഹസികനെ അത് വായിച്ചവര്‍ക്കൊന്നും പെട്ടെന്ന് മറക്കുവാന്‍ സാധിക്കില്ല. ആ ഗ്രന്ഥം രചിച്ച സാഹിത്യകാരനാണ് റോബര്‍ട്ട് ലൂയി സ്റ്റീവന്‍സന്‍. ആര്‍.എല്‍. സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1850 നവംബര്‍ 13 ന് എഡിന്‍ബറോയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛനും മുത്തച്ഛനുമെല്ലാം എഞ്ചിനീയര്‍മാരായിരുന്നു. ദ്വീപസ്തംഭങ്ങള്‍ ഉണ്ടാക്കുന്ന എഞ്ചിനീയറായിരുന്നു അച്ഛന്‍. ജോലി സംബന്ധമായി ധാരാളം സഞ്ചരിക്കുന്ന അച്ഛന്റെ കൂടെ പലപ്പോഴും മകനും പൊകുമായിരുന്നു. അങ്ങനെ ഇഷ്ടം പോലെ ദ്വീപുകളും മറ്റ് പ്രദേശങ്ങളും കാണാന്‍ കുട്ടിക്ക് അവസരം ലഭിച്ചു. കുട്ടിക്കാലം മുതല്‍ രോഗിയും ക്ഷീണിതനുമായിരുന്നു സ്റ്റീവന്‍സണ്‍. അതു കൊണ്ട് പലപ്പോഴും സ്‌കൂളില്‍ പോക്കുവരെ മുടങ്ങിയിരുന്നു. പഠിക്കുന്ന കാലത്തുതന്നെ അമ്മയില്‍ നിന്ന് ധാരാളം കഥകള്‍ കേട്ടാണ് സ്റ്റീവന്‍സണ്‍ വളര്‍ന്നത്. രാജാവിന്റെയും യക്ഷിയുടെയും എല്ലാ കഥകള്‍ കേട്ടു. മകന്‍ തന്നെപ്പോലെ ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു അച്ഛനും ആഗ്രഹിച്ചിരുന്നത്. പക്ഷെ മകന്റെ ആരോഗ്യം അതിന് അനുകൂലമായിരുന്നില്ല. നിയമ പരീക്ഷ പാസ്സായെങ്കിലും അഭിഭാഷകനായില്ല. സാഹിത്യത്തിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കോട്ട്‌ലാന്‍ഡില്‍ നിന്നും ഫ്രാന്‍സിലേക്ക് താമസം മാറി. ആരോഗ്യം വീണ്ടെടുക്കാന്‍ കുറെനാള്‍ അവിടത്തെ പര്‍വ്വതപ്രദേശങ്ങളില്‍ വായനയും ചിന്തയുമായി കഴിഞ്ഞു. ആ ജീവിതാനുഭവങ്ങള്‍ പുസ്തക രചനയ്ക്ക് ഉപകരിച്ചു. ഫ്രാന്‍സില്‍ വച്ച് സ്റ്റീവന്‍സന്‍ ഫാനി ഓസ്‌ബോണ്‍ എന്ന വിധവയെ കണ്ടുമുട്ടി. താമസിയാതെ അവരെ വിവാഹം കഴിക്കുകയും, ഫാനിയുടെ മകന്‍ ലോയ്ഡ് അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാവുകയും ചെയ്തു. ബീമര്‍ എന്ന സ്ഥലത്ത് ഒരു ഒഴിവുകാലം ചെലവഴിക്കെ ലോയഡിനെ രസിപ്പിക്കാന്‍ വേണ്ടി എഴുതിയ കഥയാണ് ട്രഷര്‍ ഐലന്റ്. ലോകത്തിലെ ഏറ്റവും മികച്ച സാഹസിക കഥയാണ് അതെന്നാണ് പ്രമുഖര്‍ ആ ഗ്രന്ഥത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വേറെയും കഥകള്‍ അദ്ദേഹം കുട്ടികള്‍ക്കായി രചിച്ചു. ജെക്കില്‍, ഹൈഡ് എന്നിവര്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളാണ്. അദ്ദേഹം രചിച്ച കവിതകളുടെ ബാലവാടി എന്ന ഗാനസമാഹാരം കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ ഇന്നുവരെ എഴുതപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും നല്ല കവിതകള്‍ ഉള്‍ക്കൊണ്ടതാണ്. 1894 ഡിസംബര്‍ 3ന് തന്റെ 44-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

No comments:
Post a Comment