STD 4 മലയാളം അമ്യതം വെണ്ണക്കണ്ണന്‍

ക്ലാസ് 4 മലയാളം

അമ്യതം

പ്രവേശക പാഠം

കഥ വായിക്കാം

അവള്‍ കുട്ടികള്‍ക്കിടയില്‍ കയറി എത്തിനോക്കി. അവിടെ എല്ലും തോലുമായ ഒരു വ്യദ്ധന്‍ കിടന്നു ഞരങ്ങുകയാണ്. എന്തെങ്കിലും കഴിക്കാനായി അയാള്‍ ചുറ്റും നില്‍ക്കുന്നവരോട് കൈ നീട്ടുന്നു. കുറെ കുട്ടികള്‍ അയാളെ കളിയാക്കുന്നുമുണ്ട്. അവള്‍ക്ക് വല്ലാത്ത വിഷമം തോന്നി. ആ വ്യദ്ധന്‍ അവളെ കണ്ടു. അയാള്‍ മെലിഞ്ഞുണങ്ങിയ കൈകള്‍ നീട്ടി അവളോട് എന്തോ പറഞ്ഞു. ചില കുട്ടികള്‍ അപ്പോഴും കൂക്കിവിളിച്ചു. അവള്‍ പിന്നൊന്നും ചിന്തിച്ചില്ല. ബാഗ് തുറന്ന് ചോറ്റുപാത്രം പുറത്തെടുത്തു. അതിലെ മുഴുവന്‍ ചോറും അവള്‍ക്കേറെ ഇഷ്ടമുള്ള മുളക് ചമ്മന്തിയും അയാളുടെ കൈവെള്ളയിലേക്കു പകര്‍ന്നുകൊടുത്തു. അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ നനഞ്ഞു. ആര്‍ത്തിയോടെ അയാള്‍ ചോറ് തിന്നുതുടങ്ങി. അവസാനത്തെ വറ്റും അയാളുടെ വയറ്റിലെത്തുന്നതുവരെ അവള്‍ നോക്കിനിന്നു. അവള്‍ക്കെന്തോ പെട്ടെന്ന് കരച്ചില്‍ വന്നു. അത് സന്തോഷംകൊണ്ടായിരുന്നു.


ഈ കഥയിലെ കഥാപാത്രങ്ങള്‍ ആരെല്ലാം?

എല്ലും തോലുമായാ വൃദ്ധനും, പെണ്‍കുട്ടിയും, കുറേ കുട്ടികളും

കഥയിലെ കുട്ടിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു?

ആ പെണ്‍കുട്ടിയെപ്പോലെ  ഭക്ഷണപ്പൊതി കൈയ്യിലുണ്ടെങ്കില്‍ വൃദ്ധന് നല്‍കുമായിരുന്നു.

നിങ്ങള്‍ ഇത്തരത്തിലുള്ള ആളുകളെ കാണാറില്ലേ? ഉണ്ട് / ഇപ്പോള്‍ ഇത്തരം ആള്‍ക്കാരെ കാണാറില്ല. 

ഇങ്ങനെയുള്ള ആളുകളെ കാണുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും ? തീര്‍ച്ചയായും സഹായിക്കും

നിങ്ങളുടെ വീട്ടില്‍ നിങ്ങളെ ഏറ്റവും കൂടതല്‍ സ്‌നേഹിക്കുന്നതാരാണ് ? എല്ലാവരും എന്നെ ഒരുപോലെ സ്‌നേഹിക്കുന്നു.


കവിത വായിക്കു

വെണ്ണക്കണ്ണന്‍ 

''സ്‌നാനവും ചെയ്തു നീയാഗമിപ്പോളവും 

പാലിച്ചേനല്ലോയിപ്പാല്‍വെണ്ണ ഞാന്‍ 

ഇങ്ങനെയുളളനിക്കേതുമേ താരാതെ 

എങ്ങു നീ പോകുന്നതെന്നമ്മേ! ചൊല്‍?'' 

ഓമനപ്പെതല്‍താനിങ്ങനെ ചൊല്ലിത്തന്‍ 

കോമളച്ചുണ്ടു പിളര്‍ക്കുന്നേരം 

ഉണ്ണിക്കെതന്നിലേ വച്ചുനിന്നീടിനാള്‍ 

**വെണ്ണതാന്‍ കൊണ്ടുപോന്നമ്മയപ്പോള്‍, 

വെണ്ണയെക്കണ്ടാരു കണ്ണന്താനന്നേരം 

വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാന്‍: 

''ഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍ 

മറ്റൊക്കെ കണ്ടിട്ടു കേഴുമല്ലോ 

മുത്തവന്‍ കൈയില്‍ നീ വെണ്ണവച്ചീടുമ്പോള്‍ 

ആര്‍ത്തനായ് നിന്നു ഞാന്‍ കേഴുംപോലെ''. 

ഇങ്ങനെ കേട്ടവള്‍ വെണ്ണയ്ക്കു പിന്നെയും 

അങ്ങു തിരിഞ്ഞു നടന്ന നേരം

കൈയിലെ വെണ്ണയെപ്പയ്യവേ വായിലി-

''ട്ട യ്യോ!'' യെന്നിങ്ങനെ ചൊല്ലി,ചൊന്നാന്‍: 

''കളളനായുളെളാരു കാകന്‍താന്‍ വന്നിട്ടെന്‍

കെയിലേ വെണ്ണയെക്കൊണ്ടുപോയി'' 

എന്നതു കേട്ടവളേറ്റം ചിരിച്ചു നല്‍-

വെണ്ണയുംകൊണ്ടിങ്ങു വന്നു പിന്നെ 

വൈകാതവണ്ണമക്കൈതവപ്പൈതല്‍തന്‍

കൈകളില്‍ രണ്ടിലും വെണ്ണ വച്ചാള്‍. 

വെണ്ണയെക്കണ്ടാല്‍ കണ്ണന്തന്നാനനം 

വെണ്ണിലാവോലുന്ന തിങ്കള്‍ പോലെ 

പുഞ്ചിരിത്തുമകൊണ്ടഞ്ചിതമാകയാല്‍ 

ചെഞ്ചത്തു നിന്നു വിളങ്ങീതപ്പോള്‍. 

കൃഷ്ണഗാഥ - ചെറുശ്ശേരി


കൃഷ്ണഗാഥ രചനയ്ക്ക് പിന്നിലെ ഐതിഹ്യം 

കോലത്തിരി നാട്ടിലെ രാജാവായിരുന്നു ഉദയവര്‍മ്മന്‍.. ഒരിക്കല്‍ അദ്ദേഹം ചെറുശ്ശേരി നമ്പൂതിരിയുമായി ചതുരംഗം കളിയ്ക്കുകയായിരുന്നു. തൊട്ടടുത്തായി തൊട്ടിലില്‍ കുട്ടിയെ താരാട്ടുപാടി ഉറക്കുകയാണ് രാജപത്‌നി. ചതുരംഗക്കളിയില്‍ വിദഗ്ദ്ധയായ രാജ്ഞി കളിയില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സമയം രാജാവ് കളിയില്‍ അടിയറവ് പറയാനൊരുങ്ങുകയായിരുന്നു. . ഒരു നീക്കം കൂടി പിഴച്ചാല്‍ രാജാവിന് തോല്‍വി ഉറപ്പ്. കുട്ടിയെ താരാട്ടു പാടി ഉറക്കാനെന്ന മട്ടില്‍ - ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തു. ന്തുന്തുന്തുന്താളെയുന്ത്' - എന്ന് രാജ്ഞി പാടി. അര്‍ത്ഥം മനസ്സിലായ രാജാവ് കാലാള്‍ക്കരു നീക്കി പരാജയത്തില്‍ നിന്ന് കരകയറി. സന്തുഷ്ടനായ രാജാവ് പതി പാടിയ ഈണത്തില്‍ ഒരു കാവ്യം രചിക്കാന്‍ ചെറുശ്ശേരിയോട് ആവശ്യപ്പെട്ടുവെന്നും അപ്രകാരം രചിക്കപ്പെട്ടതാണ് കൃഷ്ണ ഗാഥയെന്നുമാണ് ഐതിഹ്യം.


അര്‍ഥം കണ്ടെത്താം

അഞ്ചിതം - മനോഹരം

ആഗമിക്കുക - വരിക 

ആര്‍ത്തന്‍ - ദുഃഖിതന്‍

ആനനം - മുഖം

ഏറ്റം - അധികം

കാകന്‍ - കാക്ക

കേഴുക - കരയുക 

കൈതവം - കള്ളം

ചൊന്നാന്‍ - പറഞ്ഞു

ചൊല്ലുക - പറയുക

ചെഞ്ചെമ്മേ - ഭംഗിയായി

പയ്യവേ - മെല്ലെ

തിങ്കള്‍ - ചന്ദ്രന്‍ 

തൂമ - ഭംഗി (വെണ്‍മ)

പാലിക്കുക - രക്ഷിക്കുക

പൈതല്‍ - കുഞ്ഞ് 

സ്‌നാനം - കുളി


         

പറയാം എഴുതാം പേജ്- 09

വെണ്ണ ലഭിക്കാന്‍ കണ്ണന്‍ എന്തൊക്കെ ന്യായങ്ങളാണ് അമ്മയോട് പറയുന്നത്?

അമ്മ കുളിച്ചുവരുന്നതുവരെ താന്‍ പാല്‍വെണ്ണ കാത്തു സൂക്ഷിച്ചു. ഒരു കൈയില്‍മാത്രം വെണ്ണ വയ്ക്കുമ്പോള്‍ മറ്റേക്കൈ സങ്കടപ്പെടുമെന്നും. വെണ്ണ കാക്ക കൊണ്ടുപോയി എന്ന്്്കള്ളവും

പറയുന്നു.


വെണ്ണ കിട്ടിയപ്പോള്‍ കണ്ണന്‍ എന്താണ് ചെയ്തത്?

ഒരു കൈയില്‍ വെണ്ണ കിട്ടിയപ്പോള്‍ മറ്റേ കൈയിലും വെണ്ണ വേണമെന്നു പറഞ്ഞു.  കിട്ടിയ വെണ്ണ വായിലിട്ടിട്ട് കാക്ക കൊണ്ടുപോയി എന്നു കള്ളവും പറഞ്ഞു. 


'വെണ്ണിലാവോലുന്ന തിങ്കള്‍ പോലെ' കണ്ണന്റെ മുഖം തിളങ്ങാന്‍ കാരണമെന്ത്?

രണ്ടു കൈയിലും അമ്മ വെണ്ണ നല്‍കിയതിന്റെ സന്തോഷം കൊണ്ടാണ് കണ്ണന്റെ മുഖം തിളങ്ങിയത്്.


വരികള്‍ കണ്ടെത്താം

ആശയം വായിച്ച് പുസ്തകത്തില്‍ നിന്നും സമാനമായ വരികള്‍ കണ്ടെത്താം.

 കൈയിലെ വെണ്ണ കാക്ക കൊണ്ടുപോയി.

'കളളനായുളെളാരു കാകന്‍താന്‍ വന്നിട്ടെന്‍ 

കൈയിലേ വെണ്ണയെക്കൊണ്ടുപോയി''


കണ്ണന്‍ കള്ളം പറഞ്ഞിട്ടും അമ്മ വീണ്ടും വെണ്ണ നല്‍കുന്നു.

 വൈകാതവണ്ണമക്കൈതവപ്പൈതന്‍തന്‍

കൈകളില്‍ രണ്ടിലും വെണ്ണ വച്ചാള്‍.


ഒരു കൈയില്‍ നീ വെണ്ണ വച്ചാല്‍ അത് കണ്ടിട്ട് മറ്റേ കൈ കരയുമല്ലോ.

''ഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍ 

മറ്റേക്കൈകണ്ടിട്ടു കേഴുമല്ലോ


അമ്മ കുളിച്ചു വരുന്നതു വരെ ഞാനീ പാല്‍വെണ്ണ കാത്തു സൂക്ഷിച്ചതല്ലേ

സ്‌നാനവും ചെയ്തു നീയാഗമിപ്പോളവും 

പാലിച്ചേനല്ലോയിപ്പാല്‍ വെണ്ണ ഞാന്‍


കൈയ്യിലെ വെണ്ണപതുക്കെ വായിലിടുന്നു, എന്നിട്ട് അയ്യോ എന്നു പറയുന്നു.

കൈയിലെ വെണ്ണയെപ്പയ്യവേ വായിലി 

'ട്ടയ്യോ!' യെന്നിങ്ങനെ ചൊല്ലി, ചൊന്നാന്‍


അടിവരയിട്ട പദത്തിനു പകരം അതേ അര്‍ഥമുള്ള മറ്റൊരു പദം ചേര്‍ത്തെഴുതുക. പേജ്- 10


കള്ളനായുള്ള കാകന്‍ - കളളനായുളള കാക്ക

വെണ്ണിലാവോലുന്ന തിങ്കള്‍ - വെണ്ണിലാവോലുന്ന ചന്ദ്രന്‍

ആര്‍ത്തനായി നിന്നു ഞാന്‍ കേഴും പോലെ - ആര്‍ത്തനായി നിന്നു ഞാന്‍ കരയും പോലെ


മാതൃകപോലെ മാറ്റിയെഴുതാം

ആഗമിപ്പോളവും - ആഗമിക്കുന്നതുവരെ

ഏതുമേ താരാതെ 

കേഴുംപോലെ

----------------------------------------------

ഉത്തരം

ഏതുമേ താരാതെ - ഒന്നും തരാതെ 

കേഴുംപോലെ - കരയുംപോലെ

ആഗമിപ്പോളവും - ആഗമിക്കുന്നതുവരെ (വരുന്നതുവരെ)

പിളുര്‍ക്കുന്നേരം - തുറക്കുന്നേരം


ചൊല്ലി രസിക്കാം പേജ്-10

കവിതയിലെ കണ്ണനെയും അമ്മയെയും കണ്ടുവല്ലോ. ഇതാ മറ്റൊരമ്മയും ഉണ്ണിയും.

ആറ്റിന്‍വക്കത്തെ മാളികവീട്ടില

ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു. 

ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊ

ണ്ടുണ്ണിയ്ക്കു കാതില്‍ കുടക്കടുക്കന്‍ 

പാപ്പകൊടുക്കുന്നു പാലുകൊടുക്കുന്നു 

പാവകൊടുക്കുന്നു നങ്ങേലി 

കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു 

'കാക്കേ, പൂച്ചേ, പാട്ടുകള്‍ പാടീട്ട് 

മാനത്തമ്പിളിമാമനെക്കാട്ടീട്ട് 

മാമു കൊടുക്കുന്നു നങ്ങേലി. 

താഴെവച്ചാലുറുമ്പരിച്ചാലോ 

തലയില്‍ വച്ചാല്‍ പേനരിച്ചാലോ 

തങ്കക്കുടത്തിനെത്താലോലം പാടീട്ടു 

തങ്കക്കട്ടിലില്‍പ്പട്ടുവിരിച്ചിട്ടു 

തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു 

ചാഞ്ഞു മയങ്ങുന്നു നങ്ങേലി. - ഇടശ്ശേരി


സമാനാര്‍ഥമുള്ള പദങ്ങള്‍ കണ്ടെത്താം പേജ്- 11

മുഖം - ആനനം, വദനം, ആസ്യം  

നിലാവ് - ചന്ദ്രിക, കൗമുദി, ജ്യോത്സന

പുഞ്ചിരി - സ്മിതം, മന്ദഹാസം

കൈ - പാണി, ഹസ്തം, ബാഹു

അമ്മ - മാതാവ്, ജനനി, തായ

തിങ്കള്‍ - ചന്ദ്രന്‍, ഇന്ദു, ശശി

പാല്‍ - ക്ഷീരം, പയസ്, ദുഗ്ധം


ആവര്‍ത്തനത്തിന്റെ ഭംഗി കണ്ടെത്തി ആസ്വദിക്കാം

വെണ്ണയെക്കണ്ടാല്‍ കണ്ണന്താനന്നേരം

വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാന്‍ ഇതുപോലെ അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്ന വരികള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തി ചൊല്ലി നോക്കാം.


ഉത്തരം

ഇങ്ങനെയുളെളാനിക്കേതുമേ താരാതെ 

എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊല്‍?''


''ഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍ 

മറ്റൊക്കെ കണ്ടിട്ടു കേഴുമല്ലോ


വെണ്ണയെക്കണ്ടാല്‍ കണ്ണന്തന്നാനനം 

വെണ്ണിലാവോലുന്ന തിങ്കള്‍ പോലെ


ഒരേ ഈണം ഒരേ താളം


ആവൂ വിശപ്പില്ലേ കാച്ചിയ പാലിത 

തൂവെള്ളിക്കിണ്ണത്തില്‍ തേന്‍ കുഴമ്പും 

നല്ല പഴങ്ങളുമാവോളം ഭക്ഷിച്ചു

വല്ലതും മുന്‍മട്ടില്‍ സംസാരിപ്പിന്‍- വള്ളത്തോള്‍


ഈ വരികളും വെണ്ണക്കണ്ണന്‍ എന്ന കവിതയിലെ വരികളും ചൊല്ലി നോക്കൂ. ഈണം സമാനമല്ലേ? എന്തുകൊണ്ടാകാം ഈ സമാനത?

അക്ഷരങ്ങളുടെ എണ്ണത്തിലുള്ള കൃത്യതയും ഉച്ചാരണത്തിലുള്ള സമാനതയും കൊണ്ടാണ് മേല്‍ കവിതകള്‍ ചൊല്ലുമ്പോള്‍ താളത്തിനും ഈണത്തിനും സമാനത വരുന്നത്. 


ചെറുശ്ശേരിയെക്കുറിച്ച് ഒരു കുറിപ്പു തയാറാക്കുക.


ചെറുശ്ശേരി ക്രിസ്തുവര്‍ഷം 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള കവിയാണ് .ഉത്തരകേരളത്തില്‍ കാനത്തൂര്‍ ഗ്രാമത്തിലെ  ചെറുശ്ശേരി ഇല്ലത്തില്‍ ജനിച്ചു. അങ്ങിനെ ഒരില്ലം ഇന്നില്ല. കൃഷ്ണഗാഥയുടെ കര്‍ത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ല്‍ പുറത്തിറങ്ങിയ ഭാഷാചരിത്രത്തില്‍ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രാചീന കവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദര്‍ശിക്കാനാവുന്നത്.  കൃഷ്ണഗാഥയാണു പ്രധാനകൃതി. ചെറുശ്ശേരിയുടെ യഥാര്‍ത്ത പേരെന്തെന്ന് ആര്‍ക്കും നിശ്ചയമില്ല. പുനത്തില്‍ ശങ്കരന്‍ നമ്പിടി എന്ന് വിശ്വസിക്കുന്നു. 


തുടര്‍ പ്രവര്‍ത്തനം

വെണ്ണക്കണ്ണന്‍ എന്ന കവിതയും പൂതപ്പാട്ട് എന്ന കവിതയും മാതൃസ്‌നേഹത്തിന്റെ രണ്ട് സന്ദര്‍ഭങ്ങളാണോ? എഴുതിനോക്കൂ

വെണ്ണക്കണ്ണന്‍ എന്ന കവിതയില്‍ കണ്ണന്‍ എത്ര വികൃതി കാട്ടിയിട്ടും നുണ പറഞ്ഞിട്ടും അമ്മ അത്് ആസ്്വദിച്ചുകൊണ്ട് കണ്ണന് വീണ്ടും വീണ്ടും വെണ്ണ കൊടുക്കുന്നു. കണ്ണന്റെ സന്തോഷമാണ് അമ്മ എപ്പോഴും ആഗ്രഹിക്കുന്നത്. അതുപോലെ പൂതപ്പാട്ടില്‍, ആറ്റുനോറ്റിരുന്നാണ് ഉണ്ണി പിറക്കുന്നത്. താഴെ വച്ചാല്‍ ഉറുമ്പരിച്ചാലോ, തലയില്‍വച്ചാല്‍ പേനരിച്ചാലോ എന്നമട്ടിലാണ് ആ ഉണ്ണിയെ അമ്മ വളര്‍ത്തുന്നത്. രണ്ട് കവിതകളും മാതൃസ്‌നേഹത്തിന്റെ രണ്ട് സന്ദര്‍ഭങ്ങളും മാതൃകകളുമാണെന്ന് കാണാം. 


പ്രാചീന കവിത്രയങ്ങളും ആധുനിക കവിത്രയങ്ങളും

ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ എന്നീ മൂന്ന് കവികളെ ചേര്‍ത്ത് പ്രാചീന കവിത്രയം എന്നും കുമാരനാശാന്‍, ഉള്ളൂര്‍. എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍ എന്നിവരെ ചേര്‍ത്ത് ആധുനിക കവിത്രയം എന്നും വിളിക്കുന്നു. 


ശബ്ദ ഭംഗി കണ്ടെത്താം ഈ വരികള്‍ ശ്രദ്ധിക്കു

''മൂത്തവന്‍ കൈയില്‍ നീ വെണ്ണവച്ചീടുമ്പോള്‍ 

ആര്‍ത്തനായ് നിന്നു ഞാന്‍ കേഴുംപോലെ അടുത്തടുത്ത വരികളില്‍ 'ത്ത' ആവര്‍ത്തിച്ച് വരുന്നത് കവിതയുടെ ശബ്ദ ഭംഗി കുട്ടുന്നുണ്ട്.

മറ്റൊരു ഉദാഹരണം നോക്കാം

'ഇങ്ങനെയുളളനിക്കേതുമേ താരാതെ

എങ്ങു നീ പോകുന്നുതെന്നമ്മേ! ചൊല്‍? ഈ വരികളില്‍ 'ങ്ങ' ആവര്‍ത്തിച്ച് വരുന്നത് കവിതയുടെ ശബ്ദ ഭംഗി കുട്ടുന്നുണ്ട്.


ഇതു പോലെ ഈ കവിതയ്ക്ക് ശബ്ദഭംഗി നല്‍കുന്ന പദങ്ങള്‍ കണ്ടെത്തി ജോടിയായി എഴുതുക.


വരികള്‍                                     ശബ്ദ ഭംഗി


''ഇങ്ങനെയുളളനിക്കേതുമേ താരാതെ 

എങ്ങു നീ പോകുന്നുതെന്നമ്മേ! ചൊല്‍?'     - ഇങ്ങനെ, എങ്ങു നീ


'ഓമനപൈതല്‍താനിങ്ങനെ ചൊല്ലിത്തന്‍ 

കോമളച്ചുണ്ടു പിളുര്‍ക്കുന്നേരം'             - ഓമന, കോമള


'ഉണ്ണിക്കൈതന്നിലേ വച്ചുനിന്നീടിനാള്‍ 

വെണ്ണയെ കൊണ്ടുപോന്നമ്മയപോള്‍,'            - ഉണ്ണിക്കൈ, വെണ്ണയെ


'വെണ്ണയെക്കണ്ടാരു കണ്ണന്താനന്നേരം 

വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാന്‍                - വെണ്ണയെ, വെണ്ണിലാവ്


''ഒറ്റക്കൈതന്നില്‍ നീ വെണ്ണ വച്ചീടിനാല്‍ 

മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലോ'                        - ഒറ്റക്കൈ, മറ്റേക്കൈ


പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാല്‍

ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോള്‍            - പുഞ്ചിരിത്തൂമ, ചെഞ്ചെമ്മേ, 


ഇത്തരത്തില്‍ അക്ഷരങ്ങളുടെ ആവര്‍ത്തനം കൊണ്ട്, കവിത ചൊല്ലുമ്പോള്‍ കവിതയ്ക്ക് വരുന്ന ഭംഗിയാണ് ശബ്ദ ഭംഗി.

പിരിച്ചെഴുതുക.

ചൊല്ലിത്തന്‍             - ചൊല്ലി + തന്‍

ഒറ്റക്കൈ                     - ഒറ്റ + കൈ

വെണ്ണിലാവ്               - വെണ്‍ + നിലാവ്

ഓമനപ്പൈതല്‍        - ഓമന + പൈതല്‍

ഇങ്ങനെയുള്ള         - ഇങ്ങനെ + ഉള്ള

കേഴുമല്ലോ                - കേഴും + അല്ലോ

ഉണ്ണിക്കൈ                 - ഉണ്ണി + കൈ

കോമളച്ചുണ്ട് - കോമള + ചുണ്ട്

അമ്മയപ്പോള്‍ - അമ്മ + അപ്പോള്‍

എന്നിങ്ങനെ - എന്ന്് + ഇങ്ങനെ

താരാട്ടുപാട്ടുകളായി വരുന്ന കവിതകളും സിനിമാഗാനങ്ങളും ശേഖരിക്കാം


ഓമനത്തിങ്കള്‍ക്കിടാവോ

നല്ല കോമളത്താമരപൂവോ 

പൂവില്‍ നിറഞ്ഞ മധുവോ പരി

പൂര്‍ണേന്ദുതന്റെ നിലാവോ-ഇരയിമ്മന്‍ തമ്പി


അന്നലൂഞ്ഞാല്‍

പൊന്‍പടിയില്‍ ആട് ആട് ആടാട്

ആലിലയില്‍ പള്ളികൊള്ളും

ആരോമലുണ്ണി ആടാട്

ആട് ആട് ആടാട്-ഒ.എന്‍.വി.


താമരക്കണ്ണനുറങ്ങേണം 

കണ്ണും പൂട്ടിയുറങ്ങേണം

അച്ഛനെപ്പോലെ വളരേണം 

അമ്മയ്ക്കു തണലായ് മാറേണം

അമ്പിളിമാമന്റെ കൊമ്പില്ലാ

ക്കൊമ്പനെ കയ്യിലെടുക്കേണം- കൈതപ്രം


എന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ 

കുഞ്ഞുറങ്ങിക്കൊള്‍കെന്റെ തങ്കം

നാളെപുലര്‍കാലത്തുന്‍മേഷമിന്നത്തെ 

ക്കാളുമിണങ്ങിയുണര്‍ന്നെണീപ്പാന്‍ - വള്ളത്തോള്‍



രാരിരാരോ രാരിരോ രാരിരാരോ രാരിരോ....

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ

കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 

കരളിന്റെ കാതലേ - അഭയദേവ്


താലോലം താനേ താരാട്ടും 

പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍ 

ഞാനേ തേടും ഈണം പോലും 

കണ്ണീരോടെ ആരിരാരോ...-കൈതപ്രം


ഉണ്ണിയാരാരിരോ തങ്കമാരാരിരോ

എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ

കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍

ഏഴു ലോകങ്ങളും കണ്ടു വാ... - ബിച്ചു തിരുമല


രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

പൂമിഴികള്‍ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങള്‍ പൂവിടും പോലേ നീളെ...

വിണ്ണില്‍ വെണ്‍താരങ്ങള്‍..മണ്ണില്‍ മന്താരങ്ങള്‍

പൂത്തു വെണ്‍താരങ്ങള്‍..പൂത്തു മന്താരങ്ങള്‍

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ- ഒ. എന്‍. വി.


ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷയ്ക്കും LSS നും വരാവുന്ന ചോദ്യങ്ങള്‍

ആരുടെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിയ്ക്കപ്പെട്ടത്?

കോലത്തുനാട് രാജാവായിരുന്ന ഉദയവര്‍മ്മന്റെ

ഭാഗവതം ദശമസ്‌കന്ധത്തെ ആസ്പദമാക്കി രചിച്ച കാവ്യമേത്?

കൃഷ്്ണഗാഥ

താരാട്ട് പാട്ടിന്റെ ഈണത്തില്‍ രചിക്കപ്പെട്ട കൃതി?

കൃഷ്്ണഗാഥ

ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥ പ്രതിപാദിക്കുന്ന കവിത ഏത്?

കൃഷ്്ണഗാഥ

കൃഷ്ണപ്പാട്ട് എന്ന് അറിയപ്പെടുന്ന കൃതി?

കൃഷ്്ണഗാഥ

കൃഷ്ണഗാഥയുടെ രചയിതാവ്?

ചെറുശ്ശേരി

ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

ചെറുശ്ശേരി

കൂട്ടത്തില്‍ പെടാത്തതാര്?

ചെറുശ്ശേരി, കുമാരനാശാന്‍,  എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍.

കുമാരനാശാന്‍

പൂതപ്പാട്ട് രചിച്ചതാര്?

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

'നങ്ങേലി' ഇടശ്ശേരിയുടെ എത് കൃതിയിലെ കഥാപാത്രമാണ്?

പൂതപ്പാട്ട്

'ആവു വിശപ്പില്ലേ കാച്ചിയ പാലിതാ തൂവെളളിക്കിണ്ണത്തില്‍ തേന്‍ കുഴമ്പും. ആരുടെ വരികള്‍?

വള്ളത്തോള്‍

'ഓമനത്തിങ്കള്‍ക്കിടാവോ നല്ല

കോമളത്താമര പൂവോ

പൂവില്‍ നിറഞ്ഞ മധുവോ പരി

പൂര്‍ണ്ണേന്ദു തന്റെ നിലാവോ- ഇത് ആരുടെ വരികളാണ്?

ഇരയിമ്മന്‍ തമ്പി

''കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,

കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി, 

കതിരുതിര്‍പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി; ആരുടെ വരികള്‍?

ചങ്ങമ്പുഴ കൃഷ്ണപിള്ള

ശരിയായ പദം എഴുതുക.

ആര്‍ഥന്‍, ആര്‍ത്തന്‍, ആര്‍ധന്‍, ആര്‍ദന്‍

ആര്‍ത്തന്‍

കാഖന്‍, കാഗന്‍, കാഘന്‍, കാകന്‍

കാകന്‍

വതനം, വദനം, വധനം, വഥനം.

വദനം


തൂമ, അഞ്ചിതം, ചെമ്മേ, ഇവയ്ക്ക് പകരം ചേര്‍ക്കാന്‍ കഴിയുന്ന പദം?

പുഞ്ചിരി, കള്ളന്‍, ഭംഗി,  നിലാവ്

ഭംഗി

താഴെകൊടുത്തിരിക്കുന്നവയില്‍ മറ്റ് പദങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പദം.

ക്ഷീരം, പാണി, പാല്‍, ദുഗ്ദ്ധം

പാണി-കൈ


താഴെപ്പറയുന്നവയില്‍ 'അമ്മ' യുടെ സമാന പദമല്ലാത്തതേത്?

മാതാവ്, ജനനി, താതന്‍, തായ

താതന്‍ - അച്ഛന്‍

ആര്‍ത്തനായി ഞാന്‍ നിന്നു.

അടിവരയിട്ട പദത്തിനു പകരം പദം ചേര്‍ക്കുക.

ദുഃഖിതനായി ഞാന്‍ നിന്നു.








No comments: