ഓമനയുടെ ഓണം
മഞ്ഞക്കോടിയുമായെന്നച്ഛന്‍
പൊന്നോണത്തിനു വരുമല്ലോ?
കരിമുകില്‍ മൂടിയ വിണ്ണില്‍ വെളിച്ചം
കാവടി തുള്ളിയണഞ്ഞല്ലോ.
മുറ്റം ചെത്തി വെടിപ്പാക്കേണം
പുത്തന്‍ പൂക്കളമെഴുതേണം
ഓണത്തപ്പനെ ഒന്ന് നക്കായ്
ചാണം മെഴുകിയിരുത്തണം
മഞ്ഞപ്പുടവയുടുക്കുമ്പോഴെന്‍
ഭംഗി പറഞ്ഞാല്‍ തീരില്ലാ.
തങ്കച്ചിറകു വിരുത്തിവരും ചെറു
തുമ്പിക്കിത്രയുമഴകില്ലാ,
മുത്തുക്കുട പൊന്നാണെന്നാലും
മുക്കുറ്റിക്കീ ഗമയില്ലാ
കോളാമ്പിപ്പൂ ചാര്‍ത്തിടുമോണ
കോടിയുമിതിനൊടു പറ്റില്ലാ
മടിയിലിരുത്തി, കുഞ്ഞിക്കൈകളി
ലുരുളയുരുട്ടിത്തരുമച്ഛന്‍
കായ വറുത്തതു ഭരണിയിലാക്കി-
കലവറയില്‍ വച്ചമ്മൂമ്മ
ഓണസ്സദ്യയതോര്‍ക്കുന്നേരം
നാവില്‍ കൊതിയുടെ പെരുവെള്ളം
മാമന്‍ കെട്ടിത്തരുമല്ലോ കിളി
മാവിന്‍ കൊമ്പില്‍ പൊന്നൂഞ്ഞാല്‍
പഠിച്ച പാട്ടുകളെല്ലാമപ്പോള്‍
പാടാനോര്‍മയില്‍ വെക്കണം.
തൊട്ടാവാടിത്താടിയില്‍ കിളിയാ
നട്ടുകളിച്ചു തകര്‍ക്കണം.
ശര്‍ക്കരമാവിന്‍ ചോട്ടിലൊരോമല്‍
പച്ചിലമെത്ത വിരിക്കണം
മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു
മുത്തശ്ശിക്കഥ കേള്‍ക്കണം,
കണ്ടെത്താം
1. ഓണം വന്നാല്‍ എന്തൊക്കെ ചെയ്യുവാനാണ്
ഓമന ഉദ്ദേശിക്കുന്നത്?
മുറ്റം വൃത്തിയാക്കണം. പുതിയ പൂക്കളമൊരുക്കണം. പൂക്കളത്തിനു നടുവിലായി ചാണകം മെഴുകി ഓണത്തപ്പനെ ഇരുത്തണം. ഓണത്തിന് ഇങ്ങനെയൊക്കെ ചെയ്യണമെന്നാണ് ഓമന ഉദ്ദേശിക്കുന്നത്.
2. ഓണക്കോടിയുടുത്താല്‍ താന്‍ എത്രത്തോളം ഭംഗിയുള്ളവളാകുമെന്നാണ് ഓമന കരുതുന്നത്?
മഞ്ഞനിറത്തിലുള്ള ഓണക്കോടിയുടുത്താല്‍ തനിക്ക് തങ്കച്ചിറകുവിരിച്ച് പറന്നു വരുന്ന ചെറുതുമ്പിയെക്കാളും ഭംഗിയുണ്ടാകുമെന്നും അത് പറഞ്ഞാല്‍ തീരില്ലെന്നുമാണ് ഓമന കരുതുന്നത്.
3. അച്ഛനും മാമനും ഓമനയോടുള്ള സ്‌നേഹം എങ്ങനെയെല്ലാമാണ് പ്രകടിപ്പിക്കുന്നത്?
ഓമനയെ മടിയിലിരുത്തി അവളുടെ കുഞ്ഞി ക്കൈകളില്‍ അച്ഛന്‍ ചോറുരുള വച്ചുകൊടുക്കും, മുറ്റത്തെ കിളിമാവിന്‍ കാമ്പില്‍ മാമന്‍ അവള്‍ക്ക് ഊഞ്ഞാലിട്ടു കൊടുക്കും.
പദങ്ങള്‍, പദങ്ങള്‍
ഓണം ചേര്‍ന്നുവരുന്ന പദങ്ങള്‍ കണ്ടെത്തി എഴുതാം.
ഓണക്കോടി
ഓണനിലാവ്
ഓണസ്സദ്യ
ഓണപ്പുടവ
ഓണപ്പാട്ട്
ഓണക്കളികള്‍
ഓണത്തുമ്പി
ഓണത്തല്ല്
ഓണപൂവ്
ഓണച്ചന്ത
ഓണം കേറാമൂല
ഓണത്തപ്പന്‍
ഓണപ്പൊട്ടന്‍
ഓണാഘോഷം
ഓണക്കഥ
ഓണസമ്മാനം
ഓണപ്പുലരി
ഓണരാവ്
ഓണക്കൈനീട്ടം
ഓണപ്പരിപാടി
പ്രവര്‍ത്തനം :1
വരികള്‍ കണ്ടെത്താം. താഴെക്കൊടുത്ത ആശയങ്ങള്‍ വരുന്ന വരികള്‍ കവിതയില്‍ നിന്നും കണ്ടെത്തി എഴുതാം.
ഓണം വരുമ്പോള്‍ അച്ഛന്‍ ഓണക്കോടിയുമായി വരും.
മഞ്ഞക്കോടിയുമായെന്നച്ഛന്‍
പൊന്നോണത്തിനു വരുമല്ലോ?
പൊന്നോണത്തിനു വരുമല്ലോ?
മുത്തശ്ശി പറയുന്ന കഥ മാവിന്‍ ചുവട്ടിലെ പച്ചിലമെത്തയില്‍ കിടന്നു കേട്ട് ആസ്വദിക്കണം.
ശര്‍ക്കരമാവിന്‍ ചോട്ടിലൊരോമല്‍
പച്ചിലമെത്ത വിരിക്കണം
മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു
മുത്തശ്ശിക്കഥ കേള്‍ക്കണം,
മുത്തശ്ശിക്കഥ കേള്‍ക്കണം,
മുത്തശ്ശി കായ വറുത്തു കലവറയില്‍ വച്ചു.
കായ വറുത്തതു ഭരണിയിലാക്കി-
കലവറയില്‍ വച്ചമ്മൂമ്മ
ഓണസദ്യ എന്ന് കേള്‍ക്കുമ്പോള്‍ കൊതി വരും.
ഓണസ്സദ്യയതോര്‍ക്കുന്നേരം
നാവില്‍ കൊതിയുടെ പെരുവെള്ളം
പ്രവര്‍ത്തനം : 2
പിരിച്ചെഴുതാം-മാതൃക പോലെ കവിതാഭാഗത്തുള്ള വാക്കുകള്‍ പിരിയെഴുതാം
തുമ്പിക്കിത്രയുമഴകില്ല - തുമ്പിക്ക് + ഇത്രയും + അഴകില്ല
മഞ്ഞക്കോടിയുമായെന്നച്ഛന്‍ - മഞ്ഞക്കോടിയിയുമായ് + എന്‍ + അച്ഛന്‍
തുള്ളിയണഞ്ഞല്ലോ - തുള്ളി + അണഞ്ഞല്ലോ
മെഴുകിയിരുത്തേണം - മെഴുകി + ഇരുത്തേണം
മഞ്ഞപ്പുടവയുടുക്കുമ്പോള്‍ - മഞ്ഞ + പുടവ + ഉടുക്കുമ്പോള്‍
കുഞ്ഞിക്കൈകളിലുളള - കുഞ്ഞി + കൈകളില്‍ + ഉള്ള
ഓണസ്സദ്യയതോര്‍ക്കുന്നേരം - ഓണസ്സദ്യ + അത് + ഓര്‍ക്കും + നേരം
പ്രവര്‍ത്തനം : 3
കലാരൂപങ്ങള്‍ കേരളത്തിലെ നാടന്‍ കലാരൂപങ്ങള്‍ കണ്ടെത്തി എഴുതാം.
കലാരൂപങ്ങളുടെ ചിത്രങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുമല്ലോ.
കലാരൂപങ്ങളുടെ ചിത്രങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുമല്ലോ.
ഒപ്പന
മലബാര്‍ മാപ്പിള (മുസ്ലിം) സംസ്‌കാരത്തിന്റെ സംഭാവനയാണ് ഒപ്പന. കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങള്‍ മത്സരബുദ്ധിയോടെ ഒപ്പന പാടും. മാപ്പിളപ്പാട്ടിന്റെ ഒരു ഇശല്‍ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ. ശൃംഗാരരസം നിറഞ്ഞ പാട്ടുകള്‍ക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയില്‍ പാടാറുണ്ട്. പാട്ടിന് ചായല്‍, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയല്‍ ചായല്‍ മുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും
കാക്കാരിശ്ശി നാടകം.
മദ്ധ്യതിരുവിതാംകൂറില്‍ പ്രചാരമുളള ഗ്രാമീണ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലന്‍ എന്ന പേരിലറിയപ്പെടുന്ന 'സഞ്ചാരിവര്‍ഗ്ഗത്തില്‍' പെടുന്ന വിഭാഗക്കാര്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉണ്ട്. കുറവര്‍, കൊറവര്‍, കുറഗര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രം, ഭാവി പ്രവചിക്കലുമാണ് ഇവരുടെ മുഖ്യതൊഴില്‍. കാക്കാലന്മാരുടെ പേരിലാണ് ഈ ഗ്രാമീണനാടകം അറിയപ്പെടുന്നത്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരന്‍ കാക്കാനാണ് മുഖ്യനായകന്‍. ഇതിനു പുറമെ കാക്കാത്തിമാര്‍, വേടന്‍ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. ഹാര്‍മോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. സാമൂഹ്യവിമര്‍ശനം, ആക്ഷേപഹാസ്യം എന്നിവ കാക്കാരിശ്ശി നാടകത്തിന്റെ മുഖ്യ ഘടകങ്ങളാണ്.
കുമ്മാട്ടി കളി
മകരം, കുംഭം മാസങ്ങളില്‍ പുറപ്പെടുന്ന കുമ്മാട്ടിയുടെ കളി കാര്‍ഷികോത്സവമായാണ് കണക്കാക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളില്‍ ഇത് അനുഷ്ഠാന കലയാണ്. തൃശ്ശൂരില്‍ ഓണക്കാലത്തെ ഒരു വിനോദമായാണ് പരിഗണിച്ചു വരുന്നത്. പാലക്കാട് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ മണ്ണാന്മാരാണ് ഇതു കളിക്കുന്നത്. തൃശ്ശൂരിലാവട്ടെ പണ്ടു നായന്മാരാണു കളിച്ചിരുന്നെങ്കിലും ഇന്നു സമുദായഭേദമില്ല. വടക്കുനാഥന്റെ ആജ്ഞയനുസരിച്ച് ശിവഭൂതങ്ങള്‍ നര്‍ത്തനം ചെയ്യുന്നു എന്നതാണ് കുമ്മാട്ടി കളിക്ക് പിന്നിലെ സങ്കല്പമെന്നും വിശ്വാസമുണ്ട്. ചെണ്ടയാണ് മുഖ്യവാദ്യം. കമുകിന്‍പാള കൊണ്ടുള്ള മുഖമണിഞ്ഞ അനേകം വേഷങ്ങള്‍ ഉണ്ടാകും. ചില കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിച്ചിരുന്നത്. ശരീരം മുഴുവന്‍ പുല്ല് വച്ചുകെട്ടും. ഈ പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്. വാഴയിലയും ഉപയോഗിക്കും. ശ്രീകൃഷ്ണന്‍, ദാരികന്‍, നാരദന്‍, മഹാബലി, മഹാവിഷ്ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, തുടങ്ങിയ അനേകം വേഷങ്ങള്‍ കുമ്മാട്ടിയിലുണ്ട്.
ഓണേശ്വരന്‍:
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഓണത്തെയ്യത്തിന് സമാനമായ അനുഷ്ഠാനമാണ് ഓണേശ്വരന്‍. ഓണത്താറ്. ഓണത്തപ്പന്‍, ഓണത്തെയ്യം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഈ തെയ്യം സംസാരിക്കാറില്ല. അതുകൊണ്ട് ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. വണ്ണാന്മാരാണ് ഓണത്തെയ്യത്തിലെ കാര്‍മ്മികര്‍. ആണ്‍കുട്ടികളാണ് ഓണത്തെയ്യം കെട്ടുന്നത്. കൂടെ വാദ്യക്കാരും ഉണ്ടാകും. ലളിതമായ മുഖത്തെഴുത്തും പ്രത്യേക തരത്തിലുള്ള തൊപ്പിയും മറ്റു ചമയങ്ങളും ഈ തെയ്യത്തിന്റെതായുണ്ട്. വലതുകയ്യില്‍ മണിയും ഇടതുകയ്യില്‍ ഓണവില്ലും ഉണ്ടായിരിക്കും. മണിമുട്ടിക്കൊണ്ടാണ് ഓണത്തെയ്യം നടന്നു നീങ്ങുന്നത്. പാടാന്‍ പ്രത്യേകം പാട്ടുകളുണ്ട്. ഓണാഘോഷത്തിന്റെ ഉത്ഭവവും മഹാബലിയുടെ ഐതിഹ്യവുമാണ് പാട്ടില്‍ വിവരിക്കുന്നത്.
പ്രവര്‍ത്തനം : 4
കിളിത്തട്ടുകളി കിളിത്തട്ടുകളിയെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കൂ.
കിളിത്തട്ട് കളി
നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടു വന്നിരുന്ന ഒരു കളിയാണ് കിളിത്തട്ട് കളി. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയില്‍ 12 ഇഞ്ച് വീതിയില്‍ കിളിക്ക് കളിക്കാന്‍ തട്ട് വരയ്ക്കും. തട്ടിനെ നീളത്തില്‍ രണ്ട് തുല്യഭാഗങ്ങളാക്കും. കുറുകെയും അഞ്ചുതട്ടുകളായും ഭാഗിക്കുന്നു. രണ്ട് ടീമുകളാണ് ഈ കളിയില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും അഞ്ചുപേര്‍ വീതമുണ്ടാകും. ഒരാള്‍ കിളിയായി തട്ടിനുള്ളില്‍ ഓടി നടക്കും. എതിര്‍സംഘത്തിലുള്ളവര്‍ തട്ടിനുള്ളില്‍ കടന്ന് കിളിയുടെ അടിയേല്‍ക്കാതെ തട്ടിന്റെ നീളത്തിലുള്ള ഒരു വശത്തുനിന്ന് മറുവശത്ത് എത്തണം അങ്ങനെ എത്തുന്ന ആളെ ഉപ്പ് എന്ന് വിളിക്കും. ഉപ്പ് അവിടെ നിന്ന് കിളിയുടെയും മറ്റ് കാവല്‍ക്കാരുടേയും അടികൊള്ളാതെ തട്ടിലേക്ക് കയറിയ ഭാഗത്ത് തിരികെയെത്തിയാല്‍ എതിര്‍കക്ഷികള്‍ വിജയിക്കും.
പ്രവര്‍ത്തനം : 5
പഴയകാല കളികള്‍ നമ്മുടെ നാട്ടിലെ പഴയകാല നാടന്‍ കളികളെക്കുറിച്ച് മുതിര്‍ന്നവരോട് ചോദിക്കും അന്വേഷിക്കും മനസ്സിലാക്കി അവ പട്ടികപ്പെട്ടുക.
കച്ചികളി / ഗോലികളി / ഗോട്ടികളി
ഒളിച്ചുകളി / സാറ്റ് കളി /
ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്
തലയില്‍ തൊടീല്‍
കുഴിപ്പന്തുകളി
പട്ടം പറത്തല്‍
അത്തള പിത്തള തവളാച്ചി
അമ്മാനം കളി
ഇട്ടൂലി
ഈര്‍ക്കില്‍ കളി
ഉറിയടി
ഓണത്തല്ല്
കക്ക്
വടംവലി
കസേര കളി
കള്ളനും പോലീസും
കണ്ണുകെട്ടിക്കളി
കിളിത്തട്ട്
കുടു കുടു
കുട്ടിയും കോലും
കബഡി
കുളം കര
കുഴിപ്പന്ത്
കൈകൊട്ടിക്കളി
കൊത്തങ്കല്ല്
കോല്‍ക്കളി
ഗോലികളി
ചെമ്പഴുക്ക കളി
തലപ്പന്തുകളി
തായം
തീപ്പെട്ടിപ്പടം കളി
നാടന്‍ പന്തുകളി
പകിട കളി
പല്ലാങ്കുഴി
പുലിക്കളി
പൂരക്കളി
വള്ളംകളി
സുന്ദരിക്ക് പൊട്ടു കുത്ത്
പ്രവര്‍ത്തനം :6
കവിതയിലെ വരികളിലെ പ്രയോഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കാം
മാതൃക:
കരിമുകില്‍ മൂടിയ വിണ്ണില്‍ വെളിച്ചം
കാവടിതുള്ളിയണഞ്ഞല്ലോ.
ചിങ്ങമാസം എത്തുമ്പോള്‍ കര്‍ക്കടക മാസത്തിലെ കാര്‍മേഘങ്ങളും ദാരിദ്ര്യവും ഒക്കെ നിന്നു. ആളുകളിലും പ്രകൃതിയിലും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം പരക്കുന്നു.
ഇത്തരത്തില്‍ കവിതയിലെ മറ്റുവരികളിലെയും പ്രയോഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കാന്‍ ശ്രമിച്ചുനോക്കൂ..
തങ്കച്ചിറകു വിരുത്തി വരും ചെറു
തുമ്പിക്കിത്രയുമഴകില്ലാ.
മഞ്ഞപ്പുടവയുടുത്തുകഴിഞ്ഞാല്‍ സ്വര്‍ണ്ണച്ചിറകുവിരിച്ചു പറന്നു വരുന്ന ചെറുതുമ്പിക്ക് തന്റെ അത്രയും അഴകു വരില്ലെന്ന കുട്ടിയുടെ ചിന്ത ഈ വരികളുടെ പ്രയോഗത്തിലൂടെ കവി മനോഹരമാക്കുന്നു.
കോളാമ്പിപ്പൂ ചാര്‍ത്തിടുമോണ
ക്കോടിയുമതിനൊട് പറ്റില്ല.
ഓണത്തിന് കോളാമ്പിപ്പൂ വിരിഞ്ഞു നില്‍ക്കുന്നത് ഓണക്കോടി ഉടുക്കുന്നത് പോലെയാണെന്ന പ്രയോഗം അര്‍ത്ഥവത്തും ഭംഗിയുള്ളതും ആണ്.
പ്രവര്‍ത്തനം : 8
ശബ്ദ ഭംഗി കണ്ടെത്താം
അക്ഷരങ്ങളുടെയും, ശബ്ദത്തിന്റെയും, പദങ്ങളുടെയും ആവര്‍ത്തനം കൊണ്ട് കവിതയ്ക്കു ശബ്ദംഗി ലഭിക്കുന്നുണ്ട്. അത്തരം വരികള്‍ കണ്ടെത്തി ആവര്‍ത്തിക്കുന്ന അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും അടിവരയിട്ട ശേഷം നിങ്ങള്‍ കണ്ടെത്തിയ വാക്കുകള്‍ ജോഡിയായി നോട്ടുപുസ്തകത്തിലേക്ക് എഴുതിയെടുക്കുക.
മാമന്‍ മാവിന്‍
പുത്തന്‍ പൂക്കളം
വെടിപ്പാക്കണം പൂക്കളമെഴുതണം
ചെത്തി ഒത്ത
മുത്തുക്കുട മുക്കുറ്റി.
കായവറുത്തത് കലവറയില്‍
ഓര്‍ക്കുന്നേരം പെരുവെള്ളം
പ്രവര്‍ത്തനം : 9
ഏറ്റുമാനൂര്‍ സോമദാസന്‍ ലഘു ജീവചരിത്രക്കുറിപ്പ്
കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു
1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. അച്ഛന്‍ എസ് മാധവന്‍ പിള്ള, അമ്മ പാറുക്കുട്ടിയമ്മ എം. സോമദാസന്‍ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. എ. തുളസീബായി അമ്മയാണ് ഭാര്യ. 2011 നവംബര്‍ 21 ന് അദ്ദേഹം അന്തരിച്ചു.
കൃതികള്‍
പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവല്‍), അതിജീവനം (നോവല്‍), രാമരാജ്യം (കവിത), ഡീവര്‍ എന്ന കര്‍മ്മധീരന്‍ (പി.കെ. ഡീവര്‍ ജീവചരിത്രം)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂര്‍ സോമദാസന്‍
കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു
1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. അച്ഛന്‍ എസ് മാധവന്‍ പിള്ള, അമ്മ പാറുക്കുട്ടിയമ്മ 1959 മുതല്‍ 64 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ഔദ്ദ്യോഗിക ജീവിതം. തുടര്‍ന്ന് 66 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും വിവിധ എന്‍. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകന്‍ ആയിരുന്നു. 91 ല്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന് വിരമിച്ചു. 91 മുതല്‍ 2009 വരെ പെരുന്നയില്‍ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസന്‍ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958 ല്‍ പി.ആര്‍ ചന്ദ്രന്റെ 'പുകയുന്ന തീമലകള്‍' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂര്‍ നാടകശാല തുടങ്ങിയ നാടക സമിതികള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതി. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങള്‍ എഴുതി. 'ശിവന്‍ശശി' എന്ന പേരില്‍ വി.കെ.എസ്സുമൊത്ത് ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് 'തീരങ്ങള്‍' എന്ന എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. അക്കല്‍ദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ പാട്ടുകള്‍ എഴുതി. എ. തുളസീബായി അമ്മയാണ് ഭാര്യ. 2011 നവംബര്‍ 21 ന് അദ്ദേഹം അന്തരിച്ചു.
കൃതികള്‍
പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവല്‍), അതിജീവനം (നോവല്‍), രാമരാജ്യം (കവിത), ഡീവര്‍ എന്ന കര്‍മ്മധീരന്‍ (പി.കെ. ഡീവര്‍ ജീവചരിത്രം)
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ആസ്വാദനക്കുറിപ്പ്
ഓമനയുടെ ഓണം എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ഏറ്റുമാനൂര്‍ സോമദാസിന്റെ വളരെ മനോഹരമായ ഒരു കവിതയാണ് ഓമനയുടെ ഓണം. ഓണത്തെക്കുറിച്ച് ഓമന എന്ന കുട്ടിയുടെ ആഗ്രഹങ്ങളും അറിവുകളും സങ്കല്‍പ്പങ്ങളുമാണ് ഈ കവിത.
ഓണത്തിന് മഞ്ഞയുടുപ്പുമായി അച്ഛന്‍ വരും. ആ സന്തോഷത്താല്‍ ഓമനയുടെ മനസ്സ് നിറയുന്നു. മുറ്റം ചെത്തിയൊരുക്കി ചാണകം മെഴുകി പൂക്കളമിടണം. അതിന്റെ ഒത്തനടുക്കായി ഓണത്തപ്പനെ പ്രതിഷ്ഠിക്കണം. ഓണക്കോടി ഉടുക്കുമ്പോള്‍ തങ്കച്ചിറകുള്ള തുമ്പിക്കുപോലും ഇത്രയ്ക്ക് അഴകുണ്ടാകില്ലെന്നും പൊന്നിന്‍നിറമുള്ള മുക്കുറ്റിയും കോളാമ്പിപ്പൂവും തന്റെ അഴകിനൊപ്പം എത്തില്ലെന്നും അവള്‍ കരുതുന്നു. അച്ഛന്‍ മടിയിലിരുത്തി ഓണസദ്യ നല്‍കുന്നതും അമ്മൂമ്മ കായവറുത്ത് വയ്ക്കുന്നതും വിഭവസമൃദ്ധമായ ഓണസദ്യയെക്കുറിച്ചും മാവിന്‍ചില്ലയില്‍ മാമന്‍ കെട്ടിക്കൊടുക്കുന്ന ഊഞ്ഞാലും എല്ലാം ഓമനയെ കൊതിപ്പിക്കുന്നു. ഓണപ്പാട്ടുകള്‍ പാടണമെന്നും തൊടിയില്‍ കിളിത്തട്ടുകളിച്ച് ഉല്ലസിക്കണമെന്നും ശര്‍ക്കരമാവിന്റെ ചോട്ടിലെ പച്ചിലയില്‍ ചാഞ്ഞുകിടന്ന് മുത്തശ്ശിക്കഥകള്‍ കേള്‍ക്കുന്നതും ഓമന സ്വപ്നം കാണുന്നു. മഞ്ഞക്കോടി, മഞ്ഞപ്പുടവ, ചെത്തി, പുത്തന്‍, വെടിപ്പാക്കേണം, പൂക്കളമെഴുതേണം തുടങ്ങി അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ആവര്‍ത്തിച്ചുവരുന്ന വരികളുടെ ശബ്ദഭംഗിയാല്‍ മനോഹരമാണ് ഈ കവിത. ആശയ സമ്പന്നമായ വരികളില്‍ തൊട്ടാവാടിത്തൊടിയില്‍ കിളിയാന്തട്ടുകളിച്ചു തകര്‍ക്കേണം എന്ന വരികളാണ് എനിക്കേറ്റവും ഇഷടപ്പെട്ടത്. കാരണം തൊട്ടാവാടിത്തൊടിയില്‍ കിളിത്തട്ടുകളിക്കുന്നകാര്യം കവി വിവരിക്കുന്നത് നോക്കൂ.... വെറുതേകളിച്ചാല്‍പ്പോരാ... കളിച്ചു തകര്‍ക്കേണം എന്നാണ്. മാത്രമല്ല ഒണത്തിന്റെ മനോഹാരിത ആസ്വദിക്കാനും ഈ കവിതയിലൂടെ എനിക്കു കഴിഞ്ഞു.
കഥയരങ്ങില്‍ പറയാന്‍ ഒരു കഥ തയാറാക്കുക.
സമ്പത്തിന്റെ വിനിയോഗം
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു ദരിദ്രനായ കര്‍ഷകന്‍ ജീവിച്ചിരുന്നു അയാള്‍ കഠിനാധ്വാനിയും നന്മനിറഞ്ഞവനുമായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഓരോ ദിവസവും ദാരിദ്ര്യം കൂടി കൂടി വന്നു അയാളുടെ മഹത്വങ്ങള്‍ എല്ലാമറിയാവുന്ന രാജാവിന് അയാളുടെ ദാരിദ്ര്യത്തിന്റെ കാരണം അറിയണമെന്ന് തോന്നി. രാജാവ് രഹസ്യമായി അയാളുടെ ദാരിദ്യത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചറിഞ്ഞു. എന്നിട്ട് ഭൃത്യന്‍മാരെ വിട്ട് കൃത്യമായിട്ട് എല്ലാദിവസവും തന്റെ അധ്വാനത്തില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം വീതം കൊട്ടാരത്തില്‍ എത്തിക്കണമെന്ന് കര്‍ഷകനെ അറിയിച്ചു. കര്‍ഷകന്‍ അന്ധാളിച്ചുപോയി ഇപ്പോള്‍ തന്നെ ജീവിക്കാന്‍ പറ്റുന്നില്ല. പിന്നെ എന്തുചെയ്യും? രാജാവിന്റെ കല്പനയല്ലേ? അയാള്‍ ജീവിതത്തിലെ എല്ലാ അനാവത്ത് ചിലവുകളും അവസാനിപ്പിച്ചു അയാള്‍ പലി ശക്കാരുടെ കൈയ്യില്‍ന്നും പണം കടം എടുക്കാതെയായി. എങ്ങനേയും ദിവസം മൂന്ന് സ്വര്‍ണനാണയം ഖജനാവില്‍ എത്തിച്ചു. കുറച്ചു വര്‍ഷങ്ങളായപ്പോഴേയ്ക്കും ഖജനാവില്‍ നിസ്സാരമായി പണമടയ്ക്കാന്‍ കര്‍ഷകനായി. അപ്പോഴേക്കും അയാള്‍ സമ്പത്ത് എങ്ങനെ വിനിയോഗിക്കണം എന്ന് പഠിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ രാജാവ് ധാരാളം സ്വര്‍ണനാണയം കര്‍ഷകന്‍ കൊടുത്തുവിട്ടു. കര്‍ഷകന്‍ രാജാവിന് നന്ദി പറഞ്ഞു. പിന്നീട് വളരെക്കാലം കര്‍ഷകനും കുടുംബവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
*ഓണസദ്യയിലെ വിഭവങ്ങള്‍ കണ്ടെത്തി എഴുതുക.
പച്ചടി
കിച്ചടി
ഇഞ്ചി
മാങ്ങാ (അച്ചാര്‍ )
നാരങ്ങ
ഓലന്‍
കാളന്‍
തീയല്‍
തോരന്‍
കൂട്ടുകറി
അവിയല്‍
എരിശ്ശേരി
ചോറ്
പരിപ്പ്
പപ്പടം
സാമ്പാര്‍
പുളിശ്ശേരി
മോര്
രസം
ശര്‍ക്കരവരട്ടി
കായവറുത്തത്
പഴം
പായസം
*കൂടുതല്‍ ഓണച്ചൊല്ലുകള്‍ ശേഖരിക്കുക.
അത്തം കറുത്താല്‍ ഓണം വെളുക്കും
ഉള്ളതുകൊണ്ട് ഓണം പോലെ.
ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പുര.
ഉത്രാടമുച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഓണത്തേക്കാള്‍ വലിയ വാവില്ല.
മത്തപൂത്താല്‍ ഓണം
ഓണത്തിന് ഉറുമ്പും കരുതും.
കാണം വിറ്റും ഓണം ഉണ്ണണം
ഓണത്തേക്കാള്‍ വലിയ വാവുണ്ടോ
ഉള്ളത് കൊണ്ട് ഓണം പോലെ
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
ഓണമുണ്ട വയറേ ചൂളം പാടൂ.
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ
ഓണവാക്ക്
ഓണസദ്യ, ഓണക്കാടി, ഓണപ്പുടവ, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കട, ഓണപ്പാട്ട്, ഓണക്കാലം, ഓണക്കളി, ഓണംകളി, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണത്തരചന്‍, ഓണവില്ല്, ഓണവല്ലി, ഓണനാള്‍, ഓണത്തെയ്യം, ഓണക്കുമ്മാട്ടി, ഓണപ്പൊട്ടന്‍, ഓണേശ്വരന്‍, ഓണക്കുട, ഓണപ്പതിപ്പ്, തിരുവോണത്തോണി, ഓണനാട്, ഓണട, ഓണക്കമ്പം, ഓണക്കവിത, ഓണക്കുല, ഓണക്കുറി, ഓണക്കോപ്പ്, ഓണക്കോള്, ഓണക്കിഴിവ്, ഓണച്ചന്ത, ഓണച്ചന്തം, ഓണച്ചരക്ക്, ഓണച്ചൊല്ല്, ഓണത്തെരുവ്, ഓണത്തപ്പന്‍, ഓണസ്സദസ്സ്. ഓണത്താര്‍, ഓണത്തുനാട്, ഓണത്തുള്ളല്‍, ഓണത്തുമ്പി, ഓണപ്പക്കി, ഓണപ്പക്ഷി, ഓണപ്പന്ത്, ഓണപ്പട, ഓണപ്പടം, ഓണപ്പഴമ, ഓണപ്പരീക്ഷ, ഓണപ്പുട്ട്, ഓണപ്പായസം, ഓണപ്പുലരി, ഓണപ്പൊലിമ, ഓണവൃത്തം, ഓണളവ്, ഓണഗന്ധം, ഓണമന്നന്‍, ഓണമയക്കം, ഓണമുറ്റം, ഓണവില്ല്, ഓണശ്ശീവേലി, ഓണാട്ടന്‍, പൊന്നോണം, ഓണാശംസ...
പ്രവര്‍ത്തനം :
അനുഭവക്കുറിപ്പ് തയ്യാറാക്കാം
ഓണവുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കുമല്ലോ.. ഓണക്കാലത്ത് നിങ്ങള്‍ക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം കുറിപ്പായി എഴുതുക.
ഓണവുമായി ബന്ധപ്പെട്ട എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരനുഭവമാണ് ഇത്. ഞാനും അച്ഛനും അമ്മയും അനുജത്തിയും എല്ലാവരും കൂടി, ഒരു ഓണത്തിന് അങ്ങുദൂരെ മുത്തശ്ശി താമസിക്കുന്ന നാട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് രസം. ഞങ്ങളുടെ വീട്ടില്‍ ഇടുന്നത് പോലെ ചെറിയ ഊഞ്ഞാലൊന്നുമല്ല രണ്ട് കൂറ്റന്‍ തെങ്ങുകളില്‍ കെട്ടിയിരിക്കുന്ന വലിയ ഊഞ്ഞാല്‍. അങ്ങനെ ഒരെണ്ണം ഞാനാദ്യമായി കാണുകയാണ്. കുട്ടികളെല്ലാം തിമിര്‍പ്പിലാണ്. ഞാനവരുടെ കൂടെക്കൂടി ഈ സമയത്താണ് ആ അത്യാഹിതം സംഭവിച്ചത് ഊഞ്ഞാലില്‍ വളരെ വേഗത്തില്‍ ആടിക്കെ്ാണ്ടിരിക്കുമ്പോള്‍ ഞാന്‍ ഊഞ്ഞാലില്‍ നിന്ന് വഴുതിപ്പോയി. കയറില്‍ മുറുകെ പിടിച്ചുകിടന്നതുകൊണ്ട് കാലില്‍ ചെറിയ ഉരസലുകളുണ്ടായതൊഴിച്ചാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അമിതമായ ആഹ്ലാദം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഞാന്‍ അന്ന് പഠിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഓണം യാത്രയും, ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്ന ത്രില്ലും, സന്തോഷവും ഒക്കെ അനുഭവിച്ച ഒരോണമായിരുന്നു.
.പ്രവര്‍ത്തനം :
സമൃദ്ധിയുടെ ആഘോഷം
ഓണം സമൃദ്ധിയുടെ ആഘോഷമാണല്ലോ.. ഓണക്കാലം വിളവെടുപ്പുകാലമായിരുന്നു. ഓണം ഒരു മതേതര ആഘോഷവുമാണ്.
പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍ കൃഷിയുമില്ല വിളവെടുപ്പുമില്ല.
എന്നാല്‍ ഇന്ന് നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒക്കെ എവിടെനിന്നുമാണ് ലഭിക്കുന്നത്?
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഏതൊക്കെ നിത്യോപയോഗ സാധനങ്ങളാണ് വരുന്നത്? അന്വേഷിച്ച് കുറിപ്പ് തയ്യാറാക്കുക.
ഉപ്പ് : ഗുജറാത്ത,് ഒറീസ
പഞ്ചസാര : ഉത്തര്‍പ്രദേശ്
ഉരുളക്കിഴങ്ങ് : പഞ്ചാബ,് ഉത്തര്‍പ്രദേശ്
സവാള, കടുക് : മധ്യപ്രദേശ് രാജസ്ഥാന്‍
അരി : ആന്ധ്ര പ്രദേശ്, തെലുങ്കാന, പഞ്ചാബ്, ഹരിയാന
മുട്ട, ഇറച്ചിക്കോഴി, പച്ചക്കറികള്‍ : തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്,
വറ്റല്‍മുളക് ആന്ധ്രപ്രദേശ് -ഗുണ്ടൂര്‍
പഴവര്‍ഗങ്ങള്‍ : തമിഴ്‌നാട്, കര്‍ണാടക, കാശ്മീര്‍
പ്രവര്‍ത്തനം :
ഓണപ്പതിപ്പ് തയ്യാറാക്കാം
ഓണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ ഒരു ഓണപ്പതിപ്പ് തയ്യാറാക്കുക.
പതിപ്പ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അതില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കമനീയമായ കവര്‍ പേജ്
ആമുഖം
ഉള്ളടക്കം
സന്ദേശങ്ങള്‍
ഐതിഹ്യം
ചരിത്രം
ഓണാനുഭവങ്ങള്‍ വിവരണം
കഥകള്‍
കവിതകള്‍
ചിത്രങ്ങള്‍
സദ്യ -വിഭവങ്ങള്‍
ഓണപ്പദങ്ങള്‍
ഓണച്ചൊല്ലുകള്‍
കളികള്‍
കലാരൂപങ്ങള്‍
ആമുഖം
പ്രിയമുള്ളവരെ,
ലോകത്തെ മുഴുവന്‍ മലയാളികളും ജാതിമതഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലിരുന്നും ഓണം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ തിരുവോണനാളില്‍, ഒരുനാള്‍ നീതിപൂര്‍വം നമ്മുടെ നാട് ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍ നമ്മളെ സന്ദര്‍ശിക്കാനെത്തുന്നതിന്റെ പ്രതീകമായാണ് കേരളീയര്‍, മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ ഓണവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഒരു പതിപ്പ് തയ്യാറാക്കുകയാണ്. എനിക്ക് എത്രയും പ്രിയപ്പെട്ട മാതാപിതാക്കള്‍ ഗുരുജനങ്ങള്‍ സഹപാഠികള്‍ തുടങ്ങിയവര്‍ക്കായി സമര്‍പ്പിക്കുന്നു സ്‌നേഹത്തോടെ അഥീന
ഉള്ളടക്കം
ഓരോ പേജിലുമുള്ള വിഷയങ്ങള്‍, പേജ് നമ്പര്‍ സഹിതം ക്രമപ്പെടുത്തി എഴുതിയിരിക്കുന്നതാണ് ഉള്ളടക്കം. ഉള്ളടക്കം നോക്കിയാല്‍ ആ പുസ്തകത്തിന്റ രത്‌നച്ചുരുക്കം വായനക്കാരനു മനസ്സിലാക്കാന്‍ കഴിയും.
ഓണവും ഐതിഹ്യവും
പണ്ട് നീതിപൂര്‍വ്വം കേരളം ഭരിച്ച മഹാബലിയെന്ന അസുര ചക്രവര്‍ത്തിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. അവര്‍ മഹാവിഷ്ണുവിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. വിഷ്ണു വാമനരൂപത്തില്‍ നീതിമാനായ മഹാബലിക്ക് മുന്നില്‍ എത്തി, മൂന്ന് ചുവട് മണ്ണ് ആവശ്യപ്പെട്ടു ആവശ്യം അനുവദിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ ചുവടില്‍ ഭൂമിയും രണ്ടാമത്തെ ചുവടിന് ആകാശവും അളന്നുകഴിഞ്ഞപ്പോള്‍ മൂന്നാമത്തെ ചുവടുവയ്ക്കാന്‍ മഹാബലി തന്റെ ശിരസ്സ് കാട്ടിക്കൊടുത്തു. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. എന്നാല്‍ എല്ലാ കൊല്ലവും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ വന്നു കാണുവാനുള്ള അവസരം കൊടുത്തു. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി എത്തുന്നതിന്റെ ആഘോഷമാണ് ഓണം എന്നാണ് ഓണത്തിന് പിന്നിലെ ഐതിഹ്യം.
ചരിത്രം
ത്യക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവാണം കൊണ്ടാടുവാന്‍ ത്യക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചുവെന്നും അങ്ങനെയാണ് ഓണമഹോത്സവത്തിന്റെ തുടക്കമെന്നും, തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ട് ഇനി തങ്ങളുടെ ഗൃഹങ്ങളില്‍ വച്ചുതന്നെ ഓണമഹോത്സവം കൊണ്ടാടിയാല്‍ മതിയെന്നും മഹാബലിപ്പെരുമാള്‍ കല്പിക്കുകയും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയെന്നുമാണ് സര്‍വ്വ വിജ്ഞാനകോശത്തില്‍ കാണുന്നത് (മഹാബലിയല്ല - മഹാബലിപ്പെരുമാള്‍)
No comments:
Post a Comment