STD 4 കുടയില്ലാത്തവര്‍-പ്രവര്‍ത്തനങ്ങള്‍

 കുടയില്ലാത്തവര്‍

പളളിക്കൂടം തുറന്നല്ലോ-മഴ-
ത്തുളളികളും തുളളി വന്നല്ലോ!
വേനലൊഴിവ്രത വേഗം പോയ്!
വേനല്‍ക്കിനാക്കള്‍ കരിഞ്ഞു പോയ്!
പൂരവും പെരുന്നാളുമെല്ലാം പോയ്!
പുതവും തെയ്യവുമെങ്ങോ പോയ്!
പൂക്കണി വച്ച് വിഷുവും പോയ്! 'വിത്തും
കൈക്കോട്ടു മായ് വന്ന കിളിയും പോയ്!
പളളിക്കൂടം തുറന്നല്ലോ!-മഴ-
ത്തുളളികളും തുളളി വന്നല്ലോ!
പുതുമണം മഴപെയ്ത മണ്ണിന്നും;
പുതുമണം പുത്തനുടുപ്പിന്നും;
പുതുപാഠപുസ്തകത്താളുകള്‍ക്കും
പുതുമണം കാലം പുതുക്കുന്നു.
പല നിറമോലും നീരാമ്പല്‍പോലാം
കുടകള്‍ക്കു കീഴെയായ് പോണോരേ!
മഴവെളളച്ചാലുകള്‍ നീന്തിയെത്തും
പൊടിമീനിന്‍നിരപോലാം കൂട്ടുകാരേ!
ആര്‍ത്തുല്ലസിച്ചിന്നു നിങ്ങള്‍ പോകേ,
ഓര്‍ത്തുപോകുന്നു ഞാനെന്റെ ബാല്യം!
ഒരു വാഴയില വെട്ടിത്തലയില്‍ വച്ച്,
ചെറുസ്ലേറ്റും ബുക്കും തന്‍ മാറണച്ച്,
നനയാതെയാകെ നനഞ്ഞു പോയി
അനിയനല്ലാത്തോരനിയനേയും
'നനയാതെ'ന്നോതി തന്‍കുടയില്‍ നിര്‍ത്തും
കനിവായ് വരുന്നൊരു കൊച്ചുപെങ്ങള്‍!
കുടയില്ലാത്തോഴനെ കൂടെ നിര്‍ത്താന്‍
കുറവ് തോന്നാത്തൊരു കൊച്ചുപെങ്ങള്‍
കുതിരുന്നു ഞാന്‍ ആ മഴയിലല്ലാ;
ഒരു കുഞ്ഞുപെങ്ങള്‍ തന്‍ സ്‌നേഹവായ്പില്‍!

പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍

കണ്ടെത്താം

വേനലൊഴിവെത്ര വേഗം പോയ് ! 
ഒഴിവു കാലത്തോടൊപ്പം എന്തെല്ലാമാണ് പോയി മറഞ്ഞത് ?

പൂരവും പെരുന്നാളും പൂതവും തെയ്യവും വിത്തും കൈക്കോട്ടും പാടിയ കിളിയും വിഷുക്കാലവുമാണ് ഒഴിവു കാലത്തോടൊപ്പം പോയത്.

സ്വന്തം ബാല്യം കവി ഓര്‍മിച്ചത് എപ്പോഴാണ് ? 

പല വര്‍ണ്ണങ്ങളിലുള്ള കുടകളുമായി ഒരുമിച്ചു നടന്നുനീങ്ങുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവിയ്ക്ക് ബാല്യ കാലം ഓര്‍മ്മ വന്നത്. 

കുട്ടിക്കാലത്ത് കവിയെ കൊച്ചുപെങ്ങള്‍ സഹായിച്ചതെങ്ങനെ ? 

കവി കുടയില്ലാതെ വാഴയില ചൂടി മഴനനഞ്ഞ് വരുമ്പോള്‍ കൊച്ചു പെങ്ങള്‍ കവിയെ തന്റെ ഒപ്പം കുടയില്‍ ചേര്‍ത്തുനിര്‍ത്തി ഇങ്ങനെയാണ് കവിയെ കൊച്ചുപെങ്ങള്‍ സഹായിച്ചത്.

കണ്ടെത്താം എഴുതാം

വേനല്‍ക്കിനാക്കള്‍ കരിഞ്ഞേ പോയ്'-
എന്തൊക്കെയായിരിക്കാം കവിയുടെ വേനല്‍ക്കിനാക്കള്‍?

അവധിക്കാലത്ത് അണ്ണാറക്കണ്ണനോട്കിന്നാരം പറഞ്ഞതും മാഞ്ചോട്ടില്‍ മാങ്ങ പെറുക്കി നടന്നതും മണ്ണപ്പം ചുട്ടുകളിച്ചതും ഊഞ്ഞാല്‍പ്പാട്ടും പാടി കൂട്ടുകാരോടൊത്ത് ഊഞാഞാലാടിയതും കഥകള്‍ പറഞ്ഞ് കളിച്ചുനടന്നതും ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടുനടന്നതും  ഇങ്ങനെ മതിവരാത്ത ധാരാളം സന്തോഷങ്ങളായിരുന്നു കവിയുടെ വേനല്‍ കിനാക്കള്‍

കുതിരുന്നു ഞാന്‍ ആ മഴയിലല്ലാ, 
ഒരു കുഞ്ഞുപെങ്ങള്‍തന്‍ സ്‌നേഹവായ്പില്‍ 
കുഞ്ഞുപെങ്ങളുടെ സ്‌നേഹവായ്പില്‍ കുതിര്‍ന്നു എന്ന് കവി പറയുന്നതെന്തുകൊണ്ടാവാം? 

കുട്ടിക്കാലത്ത് മഴ നനഞ്ഞ് പള്ളിക്കൂടത്തിലേക്കുപോയ തന്നെ തന്റെ ആരുമല്ലാത്ത് ഒരു കുഞ്ഞുപെങ്ങള്‍ അവളുടെ കുടയില്‍ ചേര്‍ത്തു നിര്‍ത്തി മഴ നനയാതെ സ്‌കൂളിലേക്ക് കൊണ്ടു പോയത്കവിയുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അതുകൊണ്ടാണ് കുഞ്ഞുപെങ്ങളുടെ സ്‌നേഹവായ്പില്‍ കുതിര്‍ന്നു എന്ന് കവി പറയുന്നത്.

പ്രയോഗഭംഗി കണ്ടെത്താം

മഴത്തുള്ളികളും തുള്ളിവന്നല്ലോ

പള്ളിക്കൂടം തുറന്നപ്പോള്‍ കുട്ടികള്‍ വളരെ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നതുപോലെ മഴത്തുള്ളികളും തുള്ളി വരുന്നു എന്ന പ്രയോഗം മനോഹരമാണ്.

പൊടിമീനിന്‍ നിരപോലാം കുട്ടുകാര്‍

പല നിറമുള്ള ആമ്പലുകള്‍ പോലെ കുട്ടികള്‍ കുട ചൂടി  പോകുന്നത് കണ്ടാല്‍ മഴവെള്ളച്ചാലിലൂടെ പൊടിമീനുകള്‍ നിരയായി നീന്തിയെത്തുന്നതുപോലെയാണെന്ന പ്രയോഗം ഭംഗിയുള്ളതാണ്.

അനിയനല്ലാത്തോരനിയന്‍

അന്യനായ തന്നെ അനിയനെപ്പോലെ കണ്ട ആ കൊച്ചുപെങ്ങളുടെ കാഴ്ചയെ കവി വളരെ മനോഹരമായ ഒരു പ്രയോഗത്തിലൂടെ വായനക്കാരന് സമ്മാനിക്കുകയാണ് 'അനിയനല്ലാത്തോരനിയന്‍' എന്ന്.

വാക്കുകള്‍ കണ്ടെത്താം
പുതു' ചേര്‍ത്ത് ഏതൊക്കെ വാക്കുകള്‍ എഴുതാം?
പുതുമണം, പുതുമഴ

പുതുവയല്‍
പുതുനെല്ല്
പുതു പുലരി
പുതുപ്പെണ്ണ്
പുതുപുത്തന്‍
പുതുകാര്യം
പുതുമ
പുതുവിള
പുതുപ്പാട്ട്
പുതുമണവാട്ടി
പുതുമണവാളന്‍
പുതുക്കാലം
പുതു വര്‍ഷം

മറക്കാത്ത മഴക്കാലം

മഴക്കാലത്തെക്കുറിച്ച് കവിക്കുളള ഓര്‍മകള്‍ കവിതയില്‍ നിന്നറിഞ്ഞല്ലോ. ഇതുപോലെ നിങ്ങള്‍ക്കുണ്ടായ ഒരു മഴക്കാല അനുഭവം ഓര്‍മിച്ചെഴുതൂ. 

ഒരു വൈകുന്നേരം സ്‌കൂളില്‍ നിന്നെത്തിയ സമയത്താണ് മഴ പടേന്നു വീണത്. ഞാനും കുഞ്ഞനിയനും പുസ്തകമെല്ലാം അകത്തു വെച്ചിട്ട് മഴ കാണാന്‍ ഇറങ്ങി വരാന്തയില്‍ വന്നു നിന്നു . മരങ്ങളെല്ലാം ആര്‍ത്തുല്ലസിച്ച് കാറ്റില്‍ ആടിയുലയുന്നു. കാറ്റടിച്ച് ഞങ്ങളുടെ മേലേക്കും പളുങ്കുമണികള്‍ ചിന്നിച്ചിതറും പോലെ മഴ വെള്ളം വന്നു വീണു. ഈ സമയം ഒരു കുഞ്ഞിക്കുരുവി മഴ നനഞ്ഞ് ഞങ്ങളുടെ വരാന്തയില്‍ വന്ന് ഞങ്ങളെ നോക്കി ഇരിപ്പായി. അല്‍പ സമയം കഴിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞു. പതിയെ മഴ തോര്‍ന്നു. കുഞ്ഞിക്കുരുവിയും ഞങ്ങളോട് യാത്ര പറഞ്ഞ് പിരിഞ്ഞു.

കുടയില്ലാത്തവര്‍ എന്ന പാഠഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.

പ്രശസ്തകവി ശ്രീ ഒ.എന്‍ വി കുറുപ്പിന്റെ കവിതയാണ് കുടയില്ലാത്തവര്‍. ഞാനഗ്‌നി എന്ന കൃതിയില്‍ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്. 
കവി തന്റെ കുട്ടിക്കാലത്ത് ഒരു വാഴയില തലയില്‍ ചൂടി മഴയത്ത് സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ തനിയ്ക്ക് ആരുമല്ലാത്ത ഒരു പെണ്‍കുട്ടി അനിയനെപ്പോലെ കരുതി അവളുടെ കുടയില്‍ സ്‌കൂളിലേക്ക് കൊണ്ടു പോയ അനുഭവമാണ് ഈ കവിതയില്‍ പറഞ്ഞിട്ടുള്ളത്.

'കുടയില്ലാത്തോഴനെ കൂടെ നിര്‍ത്താന്‍ കുറവു തോന്നാത്തൊരു കൊച്ചു പെങ്ങള്‍ എന്ന വരികളില്‍ 'കു' എന്ന അക്ഷരം
ആവര്‍ത്തിക്കുന്നത് കവിതയ്ക്ക് നല്ല ശബ്ദഭംഗി നനല്‍കുന്നു്. അത്തരത്തില്‍ പലവരികളും കവിതയ്ക്ക് നല്ല ഈണവും താളവും നല്‍കുന്നു. അനിയനല്ലാത്തോരനിയന്‍ എന്ന പ്രയോഗം മനോഹരവും ഹൃദയസ്പര്‍ശിയുമാണ്. ''ഒരു വാഴയില വെട്ടി തലയില്‍ വച്ച്...., പൊടിമീന്‍ നിരപോലാം കൂട്ടുകാരേ.....തുടങ്ങിയ ചിത്രം വരച്ചുവച്ചതുപോലെയുള്ള വരികള്‍ ആസ്വാദക മനസ്സില്‍ നിറങ്ങള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ രചിയ്ക്കും. ഈ കവിതയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ നനയാതെന്നോതി തന്‍ കുടയില്‍ നിര്‍ത്തും  കനിവായ് വന്നൊരു കൊച്ചുപെങ്ങള്‍ എന്നതാണ് ഈ വരികളില്‍ കവി സനേഹത്തിന്റെ മധുരം നിറച്ചിരിക്കുന്നു കൂടാതെ അത്തരമൊരനുഭവം മറ്റൊരാള്‍ക്ക് നല്‍കാനോ നമുക്ക് അനുഭവിക്കാനോ കഴിഞ്ഞെങ്കിലെന്ന് നമ്മുടെ മനവും ആഗ്രഹിയ്ക്കും. കുടയില്ലാത്തവര്‍ എന്ന ശീര്‍ഷകം കവിതയുടെ ആശയവുമായി ചേര്‍ന്നുനില്‍ക്കുന്നതും അനുയോജ്യവുമാണ്. നമുക്ക് ചുറ്റുമുള്ള എല്ലാത്തിനേയും സ്‌നേഹിക്കാന്‍ ഈ കവിത നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

നിങ്ങളുടെ ഓര്‍മ്മയിലുള്ള ഒരു മഴക്കാല അനുഭവം എഴുതുക.

വളരെ പണ്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ മഴ വെള്ളത്തില്‍ കളിച്ചായിരുന്നു ഞങ്ങള്‍ കൂട്ടുകാരെല്ലാം വീട്ടിലേക്ക് വന്നിരുന്നത്. നല്ല മഴയും ഇടിയുമൊക്കെ ഉള്ള ഒരു ദിവസം ഞങ്ങളുടെ വീടിനടുത്തുള്ള പുഴയിലാകെ വെള്ളം നിറഞ്ഞു. ഞാന്‍ വെള്ളം കാണാന്‍ പോയി. ആ കാഴ്ച വളരെ മനോഹരമായിരുന്നു. രാത്രിയായി കാറ്റും മഴയും കൂടി കൂടി വന്നു. മരങ്ങള്‍ വീഴുന്ന ശബ്ദവും പല തരം ജീവികളുടെ നിലവിളിയും കേള്‍ക്കാമായിരുന്നു. നേരം വെളുത്തപ്പോള്‍ പുഴയിലെ വെള്ളം ഞങ്ങളുടെ വീട്ടിലേയ്ക്കും കയറിത്തുടങ്ങി. ഞങ്ങളെല്ലാവരും ഒരു ബന്ധു വീട്ടിലേക്ക് താമസം മാറി. പിന്നീട് ഞാനറിഞ്ഞു, എന്റെ കൂട്ടുകാരുടെ പലരുടേയും വീടുകള്‍ ആ മഴയത്ത് തകര്‍ന്ന പോയിരുന്നു വല്ലാത്ത ദുരന്തങ്ങള്‍ വിതച്ചാണ് ആ മഴ കടന്നു പോയത്. അന്നത്തെ ആ മഴ ആദ്യം മനോഹരമായിരുന്നെങ്കിലും  പിന്നീടത് ഉഗ്രരൂപം പൂണ്ടു.  ഇന്നും ഓരോ ചെറിയ മഴ പെയ്യുമ്പോഴും അന്ന് പെയ്ത ആ മഴയെ ഞാന്‍ പേടിയോടെ ഓര്‍ക്കാറുണ്ട്. 

ചിത്രം വരയ്ക്കാം


ശേഖരിക്കൂ, ചൊല്ലി രസിക്കൂ
മഴയെ വര്‍ണ്ണിക്കുന്ന കവിതകള്‍ കണ്ടെത്തി ഈണത്തില്‍ ചൊല്ലി രസിക്കൂ

ചര്‍ച്ച ചെയ്യുക
അര്‍ത്ഥസൂചിക



No comments: