കുണ്ടറ വിളംബരം

ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടിയ വേലുത്തമ്പിക്ക് ഒരു വിജയം കരസ്ഥമാക്കാനായില്ല. തീരെ നിവൃത്തിയില്ലാതെ കുണ്ടറയിലേക്ക് പോകാനും അവിടെ ചെന്ന് സൈന്യത്തെ പുനസംഘടിപ്പിക്കാനും തമ്പി തീരുമാനിച്ചു. കുണ്ടറയിലെത്തിയ തമ്പി, 1809 ജനുവരി 11 പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ പങ്കുചേരാന്‍ നാട്ടുകാരായ പടയാളികളോട് ആവശ്യപ്പെട്ടു. ഭാഷയുടെ ശക്തികൊണ്ടും, വികാരവൈശിഷ്ട്യത്താലും കുണ്ടറവിളംബരത്തോട് സമാനമായ ചരിത്ര രേഖകള്‍ ചരിത്രത്തില്‍ അധികമില്ലെന്നും തമ്പിയുടെ ദേശസ്‌നേഹത്തിന്റേയും, നേതൃഗുണത്തിന്റേയും ഉത്തമ ഉദാഹരണമാണ് കുണ്ടറ വിളംബരമെന്നും ചരിത്രകാരനായ ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ക്രിസ്തുമതം പ്രചാരം നേടുന്നതില്‍ വേലുത്തമ്പിയ്ക്കുണ്ടായിരുന്ന എതിര്‍പ്പും കന്യാകുമാരിയിലെ മയിലാടിയില്‍ െ്രെകസ്തവര്‍ക്ക് പള്ളി പണിയാനുള്ള അനുമതി നല്‍കാന്‍ വേലുത്തമ്പി വിസമ്മതിച്ചതിനെ തുടര്‍ന്ന് കേണല്‍ മെക്കാളെയും തമ്പിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസം മൂര്‍ദ്ധന്യത്തിലെത്തിയതായിരുന്നു കുണ്ടറ വിളംബരത്തില്‍ കലാശിച്ചതെന്നും ഒരഭിപ്രായമുണ്ട്.

വിളംബരത്തിന്റെ പൂര്‍ണരൂപം

ശ്രീമത്, തിരുവീതാകോട്ടു സംസ്ഥാനത്തുനിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്ന്കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മ്ണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശുദ്രര്‍ വരെ കീഴ്പരിഷവരെയും ഉളള പല ജാതി കുടിയാനവന്മാരുടെ പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത്.

പരശുരാമ പ്രതിഷ്ഠയില്‍ ഉണ്ടായ മലയാളവും ഈ സംസ്ഥാനവും തുടങ്ങിയ നാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയും. കാലത്തും അതില്‍ കീഴു തൃപ്പാദസരൂപത്തേയ്ക്ക് തിരുമൂപ്പും അടക്കി ബഹുതലമുറയായിട്ടു ചെങ്കോല്‍ നടത്തി അനേകമായിരം സംവല്‍സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊളളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കല്‍പ്പിച്ചു. ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉളളവര്‍ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്‍മാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കുകയും അവര്‍ക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദുഃഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേല്‍ രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുളള സല്‍ക്കര്‍മ്മങ്ങളെ നടത്തി കാലം കഴിച്ചു കൊളളുകയെന്നും വച്ചു നിശുയിച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക് ,സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍സേതുപര്യന്തം ഇതുപോലെ ധര്‍മ്മ സംസ്ഥാനം ഇല്ലെന്നുളള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വ പേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമെല്ലോ. മമ്മുദല്ലിഖാന്‍ ആര്‍ക്കാടു സുബദയും കെട്ടിതൃച്ചിനാപ്പളളിയില്‍ വന്നു.ദക്ഷിണശമിയും ഒതുക്കിയതിന്റെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുത്തക്കവണ്ണം പറഞ്ഞു വെച്ചു കൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു.ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കല്‍ !ഡിപ്പുസുല്‍ത്താനും ഇങ്കരേസു കുമ്പഞിയും പ്രബലമായിട്ടു വരികകൊണ്ടും അതില്‍ രണ്ടില്‍ കൊമ്പഞ്ഞി ആളുകള്‍ക്ക് നേരും വിശ്വാസവും ഉണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു.ആദിപൂര്‍വമായിട്ട് അഞ്ചുതെങ്ങില്‍ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാല്‍ ഡിപ്പുസുല്‍ത്താനോടു പകച്ചു പടയെടുത്തു. ഇവരെ സ്‌നേഹിപ്പാന്‍ ഇടവരിക്കയും ചെയ്തു. പിന്നത്തേതില്‍ കാര്യവശാല്‍ ഉളള അനുഭവത്തില്‍ ഇവരെ സ്‌നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തില്‍ ഉളളവരും കൂടെ കൂടിയിട്ടുളള കാര്യസ്ഥന്മാരില്‍ ചിലരും കൊമ്പഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊളളണമെന്നും അവിടെ ചെന്നു പാര്‍ത്താല്‍ ഇവര്‍ക്ക് വേണ്ടുന്ന ശമ്പളവും മാന്യമര്യാദയും നടത്തിക്കൊടുക്കണമെന്നും അതിന്റെ ശേഷം രാജ്യകാര്യം ഇടപെട്ടുളളതൊക്കയും റെസിഡെന്റു മക്കാളി തന്നെ പുത്തനായി ചട്ടം കെട്ടി നടത്തിക്കൊളളുമെന്നും ആയതിനു താമസം കാണുന്നുയെങ്കില്‍ യുദ്ധത്തിന്റെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതം കൊടുത്തയ്ക്കകൊണ്ടും പ്രാണഹാനി വരയില്‍ വരുമെന്നാകിലും ഇങ്ങനെയുളള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തളളിക്കളയുകയാല്‍ രണ്ടാമതു റെസിഡെന്റു മക്കാളി ഈ രാജ്യത്തിനു ഉടയാതിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരെയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനും സേള്‍ജര്‍ വെളളക്കാരയെയും കൊല്ലത്ത് ഇറക്കി അവരുടെ വകയില്‍ അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറു ദിക്കിലും ഒരുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനില്‍ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പിന്നത്തേതില്‍ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ആരും സഹിക്കാനും കാലം കഴിപ്പാനും നിര്‍വാഹം ഉണ്ടായി വരുന്നതുമല്ല. അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതുവുമാര്‍ഗ്ഗത്തില്‍ രാജ്യം അവരുടെ കൈവശത്തില്‍ ആകുന്നതു അവരുടെ വംശപാരമ്പര്യംകൊണ്ടും അതില്‍വണ്ണം രാജ്യം അവരുടെ കൈവശത്തില്‍ ആയാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരുടെ പാറാവും വരുതിയും ആക്കിത്തിര്‍ത്ത് രാജ്യമുദ്ര പല്ലക്കു പൗരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുളള ശവവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പു മുതല്‍ സര്‍വസ്വവവും കുത്തകയായിട്ടു ആക്കിത്തിര്‍ത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങുവരി ഉള്‍പ്പെട്ട അതികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍പ പിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം പോലെ അധര്‍മങ്ങളായിട്ടുളള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യും.


അങ്ങനെയുളളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി ഉളള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടതിനു മനുഷ്യയത്‌നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുളള അപഖ്യാതി ഉണ്ടക്കാതെ ഇരിക്കാന്‍ ആകുന്നേടത്തോളം ഉളള പ്രയത്‌നങ്ങള്‍ ചെയ്യുക്കയും പിന്നത്തേതില്‍ ഈശ്വരാനുഗ്രഹം പോലെ വരുന്നതോക്കെയും സഹിക്കുകയും യുക്തമെന്നും നിശ്ചയിച്ചു അത്രേ അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. 

കപ്പുക്കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടിീഷുകാര്‍ക്കെതിരെ 1809 ജനുവരി 14 ന് പരസ്യമായി വിളംബരം നടത്തി (കുണ്ടറ വിളമ്പരം  11/01/1809 ന് ആണെന്നൊരു പക്ഷമുണ്ട്.). തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി. ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ(ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ) മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. ബ്രിട്ടീഷുകാര്‍ പക തീരാതെ തമ്പിയുടെ മൃതദേഹം തിരുവനന്തപുരത്ത് കണ്ണമൂലയില്‍ കൊണ്ടുവന്ന് കഴുകിലേറ്റി. അത് 1809 മാര്‍ച്ച് മാസം 29നായിരുന്നു.


No comments: