ഓണം ഐതീഹ്യങ്ങള്‍

  ഓണം ഐതീഹ്യങ്ങള്‍


മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്‍മാരുടെ അഭ്യര്‍ഥനയനുസരിച്ച് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ ചവിട്ടി പാതാളത്തിലാക്കിയപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ ജനങ്ങളെ വന്നുകാണുവാന്‍ അവസരം തരണമെന്ന് മഹാബലി വാമനനാട് അപേക്ഷിച്ചുവെന്നും ചിങ്ങമാസത്തിലെ തിരുവാണ ദിവസം വന്നു കണ്ടുകൊള്ളുവാന്‍ വാമനന്‍ അനുവദിച്ചു വെന്നുമാണ് ഒരു കഥ. വാമനന്‍ മഹാബലിയെ ജയിച്ചത് തിരുവോണദിവസമാണെന്നു കരുതപ്പെടുന്നു . ഈ കഥയ്ക്ക് ചരിത്രപരമായ സാധുത്വം കുറവാണ് .

ത്യക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാന്‍ ത്യക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചു വെന്നും അങ്ങനെയാണ് ഓണമഹോത്സവത്തിന്റെ തുടക്കമെന്നും മറെറാരു ഐതിഹ്യമുണ്ട്. (ത്രിലോകചകവര്‍ത്തിയും വാമനനാല്‍ പാതാളത്തിലേക്ക് അയയ്ക്കപ്പെട്ട ആളുമായി പുരാണത്തില്‍ പറയപ്പെടുന്ന മഹാബലിയല്ല ഓണമഹോത്സവത്തോടു ബന്ധപ്പെട്ട മഹാബലിപ്പെരുമാള്‍. മഹോദയപുരം തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാക്കന്‍മാരുടെ കീഴില്‍ ഭരണം നടത്തിയിരുന്ന കാല്ക്കരൈ നാട്ടുരാജാക്കന്‍മാരുടെ തലസ്ഥാനം എന്ന നിലയില്‍ ‘തൃക്കാക്കരെ' അക്കാലത്ത് കേരത്തിലെ പ്രധാനപട്ടണങ്ങളില്‍ ഒന്നായിരുന്നു. കൊല്ലവര്‍ഷത്തിന്റെ ആരംഭത്തില്‍ ‘തൃക്കാക്കര’ യുടെ പേര് ‘കാല്‍ക്കരൈ' എന്നായിരുന്നു. ത്രിവികമനായി വളര്‍ന്ന വാമനന്റെ പാദത്താട്  ‘കാല്‍ക്കര’ എന്നതിലെ ‘കാല്‍’  ബന്ധമുണ്ടെന്നു വരാമെന്നും (തൃപാദം)(തൃക്കാല്‍)അങ്ങനെ ‘തൃക്കാല്‍-കര’ തൃക്കാക്കര ആയെന്നുമാണ്  കേരളചരിത്രപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. മഹാബലിപ്പെരുമാള്‍ കര്‍ക്കടക മാസത്തിലെ തിരുവോണം തുടങ്ങി 28 ദിവസത്തെ ഓണം മഹോത്സവം നടത്തിയിരുന്നു. തൃക്കാക്കര മഹാദേവരുടെ (വാമനമൂര്‍ത്തിയുടെ) തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണമാണ്  ഈ ഉത്സവത്തിലെ പ്രധാന ദിവസം. ഈ ദിവസം നാട്ടുരാജാവായിരുന്ന മഹാബലിപെരുമാളിനെ ചെന്നു കാണുന്നതിനും മഹാദേവനെ ദര്‍ശിക്കുന്നതിനും വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാട്ടുരാജാക്കന്‍മാരും നാടുവാഴികളും പ്രഭുക്കന്‍മാരും സാധാരണ ജനങ്ങങ്ങളും തൃക്കാക്കരയ്ക്കു പോകാറുണ്ടായിരുന്നു. ഈ പുറപ്പെടലിന്റെ സ്മാരകമാണ് കൊച്ചിരാജാവിന്റെ അത്തച്ചമയം (നോ: അത്തച്ചമയം). കെ . പി. പദ്മന മേനോന്‍ ഹിസ്റ്ററി ഓഫ് കേരളയിലും അത്തച്ചമയത്തിന്റെ ആഗമം ഇങ്ങനെ തന്നെയാണ് വിവരിച്ചിട്ടുള്ളത്. കേരളത്തിലെ രാജാക്കന്‍മാരെല്ലാം ചിങ്ങമാസത്തിലെ ഓണത്തിന്‍ പങ്കുകൊള്ളാന്‍ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു. ഇടപ്പള്ളി നമ്പൂതിരിയായിരുന്നു ക്ഷേതത്തിലെ പൂജാരി. ഇന്നും ഇടപ്പള്ളി രാജാവിന്റെ ആള്‍പ്പേരാണ് ശാന്തി നടത്തുന്നത്. കൊച്ചിരാജാവും സാമുതിരിയും അത്തച്ചമയം ഇപ്പോഴും ആഘോഷപൂര്‍വം കൊണ്ടാടിവരുന്നുണ്ട്.  ഈ തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ടാകണം ഇനി തങ്ങളുടെ ഗ്രഹങ്ങളില്‍ വച്ചുതന്നെ ഓണമഹോത്സവം കൊണ്ടാടിയാല്‍ മതിയെന്ന് മഹാബലിപ്പെരുമാള്‍ കല്പിച്ചതും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയതും .

കേരളത്തില്‍ ഒരുകാലത്ത് പ്രചാരത്തിലിരുന്ന ബുദ്ധ മതത്തിന്റെ സംഭാവനയാണ് ഓണാഘോഷം എന്നും ഒരു വാദഗതിയുണ്ട്. ശ്രാവണം എന്ന സംജ്ഞ തന്നെ ബൗദ്ധമാണെന്നും ശ്രവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ശീബുദ്ധന്‍ നല്കിയ മഞ്ഞവസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓണക്കോടിയായി നല്കുന്ന മഞ്ഞമുണ്ടെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങമാസത്തിലെ തിരുവോണദിവസമാണ് മഹാബലിപെരുമാള്‍ മക്കയിലേക്കു തിരിച്ചതിന്റെ സൂചനയാണ്, ഓണാഘോഷമെന്നും ഒരു കഥയുണ്ട്.

സര്‍വ്വവിജ്ഞാന കോശം വാല്യം-5


No comments: