I daily kerala syllabus: ജ്ഞാനപ്പാന -പൂന്താനം (പാഠഭാഗം)

ജ്ഞാനപ്പാന -പൂന്താനം (പാഠഭാഗം)

 ജ്ഞാനപ്പാന -പൂന്താനം

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു 

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു 

മതികെട്ടു നടക്കുന്നിതു ചിലര്‍

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പൂക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍

കോലകങ്ങളില്‍ സേവകരായിട്ടു

കോലം കെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തി ചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‍മാന്‍പോലും കൊടുക്കുന്നില്ലാ ചിലര്‍

അഗ്‌നിസാക്ഷിണിയായൊരു പത്‌നിയെ 

സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍

സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍ 

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍

കാണ്‍ക നമ്മുടെ സംസാരംകൊണ്ടാ

വിശ്വമീവണ്ണം നില്‍പ്പുവെന്നും ചിലര്‍

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമിനിക്കൊവ്വായെന്നും ചിലര്‍്

അര്‍ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്‌നിഹോത്രാദി ചെയ്യുന്നിതു ചിലര്‍

സ്വര്‍ണങ്ങള്‍ നവരത്‌നങ്ങളെക്കൊണ്ടും 

എണ്ണം കൂടാതെ വില്‍ക്കുന്നിതു ചിലര്‍

മത്തേഭംകൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

'അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു 

മെത്ര നേടുന്നിതര്‍ഥം ശിവ ശിവ

വൃത്തിയുംകെട്ടു ധൂര്‍ത്തരായെപ്പൊഴും 

അര്‍ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു

അര്‍ഥമെത്ര വളരെയുണ്ടായാലും 

തൃപ്തി പോരാ മനസ്സിന്നൊരുകാലം

പത്തു കിട്ടുകില്‍ നൂറു മതിയെന്നും 

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കൈയിലുണ്ടാകുമ്പോള്‍ 

അയുതമാകിലാശ്ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു 

വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍ 

സത്തുക്കള്‍ ചെന്നിരന്നാലായര്‍ഥത്തില്‍

സ്വല്പമാത്രം കൊടാ ചില ദുഷ്ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലും 

ഒത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്ചാത്താപമൊരെള്ളോളമില്ലാതെ 

വിശ്വാസപാതകത്തെക്കരുതുന്നു 

വിത്തത്തിലാശ പറ്റുക ഹേതുവായ് 

സത്യത്തെ ത്യജിക്കുന്നു ചിലരഹോ

സത്യമെന്നതു ബ്രഹ്‌മമതുതന്നെ 

സത്യമെന്നു കരുതുന്നു സത്തുക്കള്‍

വിദ്യകൊണ്ടറിയേണ്ടതറിയാതെ 

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍ 

കുങ്കുമത്തിന്റെ ഗന്ധമറിയാതെ 

കുങ്കുമം ചുമക്കുംപോലെ ഗര്‍ദഭം

(ജ്ഞാനപ്പാന)-പൂന്താനം

PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments: