I daily kerala syllabus: അനര്‍ഘ നിമിഷം -ബഷീര്‍ -തുല്യതാക്ലാസ്സ്

അനര്‍ഘ നിമിഷം -ബഷീര്‍ -തുല്യതാക്ലാസ്സ്

 അനര്‍ഘ നിമിഷം

വൈക്കം മുഹമ്മദ് ബഷീര്‍


 (1908 - 1994) ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന് മഹാനായ സാഹിത്യകാരന്‍. 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. പ്രഭ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും  തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ജയകേസരിയില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍ തുടങ്ങി മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

ചോദ്യോത്തരങ്ങള്‍ തുല്യതാക്ലാസ്സ്

1. 'ബേപ്പൂര്‍ സുല്‍ത്താന്‍' എന്നറിയപ്പെട്ട കഥാകാരന്‍ ആര്?

വൈക്കം മുഹമ്മദ് ബഷീര്‍

2. കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്നതെന്തിന്?

തമാശകള്‍ പറഞ്ഞ് ചിരിക്കാന്‍

3. 'ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍ ...... ഇവിടെ 'ഞാന്‍' ആര്?

 ബഷീര്‍

   കുട്ടത്തില്‍പെടാത്തത് കണ്ടെത്തി എഴുതുക.

4. 'ശബ്ദങ്ങള്‍, മതിലുകള്‍, കഥാബീജം, ഉമ്മാച്ചു

ഉമ്മാച്ചു

5. സീത മുതല്‍ സത്യവതി വരെ, ഗോസായി പറഞ്ഞ കഥ, അനര്‍ഘ നിമിഷം, തേന്‍തുള്ളികള്‍. 

അനര്‍ഘനിമിഷം (മറ്റെല്ലാം ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കൃതികള്‍)

6. നളിനി, ഭൂമിയുടെ അവകാശികള്‍, കൊച്ചുസീത, സൗന്ദര്യപൂജ

ഭൂമിയുടെ അവകാശികള്‍

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നെഴുതുക.

7. ബഷീര്‍ രചിച്ച ഹാസ്യനോവലാണ് ബാല്യകാലസഖി.

തെറ്റ്

8. ജി. ശങ്കരക്കുറുപ്പ് എഴുതിയ കവിതയാണ് അനര്‍ഘ നിമിഷം. 

തെറ്റ്

9. 'ഉപ്പുപ്പാന്റെ കുയ്യാനകള്‍' എന്ന കൃതിയുടെ രചയിതാവ് വൈക്കം മുഹമ്മദ് ബഷീറാണ്.

തെറ്റ്

10. തെരഞ്ഞെടുത്ത് എഴുതുക.

 'നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍നിന്ന്, അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ് പ്രസിദ്ധമായ ഒരു കഥയിലെ ആദ്യവാചകമാണിത്. ഏതാണ് ആ കഥ?

(ഓര്‍മ്മയുടെ ഞരമ്പ്, ശസ്ത്രക്രിയ, അനര്‍ഷനിമിഷം, ഭൂമിയുടെ അവകാശികള്‍ ) അനര്‍ഷനിമിഷം

11. ചേരുംപടി ചേര്‍ക്കുക.

1. ഊഞ്ഞാലില്‍ തകഴി
2. അമാവാസി എം. ടി. വാസുദേവന്‍ നായര്‍
3. നാലുകെട്ട്  ബഷീര്‍
4. പ്രേമലേഖനം ബാലചന്ദ്രന്‍ ചുള്ളിക്കാട് 
5. ചെമ്മീന്‍ വൈലോപ്പിള്ളി

11.  ഉത്തരം

1. ഊഞ്ഞാലില്‍ 1. വൈലോപ്പിള്ളി
2. അമാവാസി 2. ബാലചന്ദ്രന്‍ ചുള്ളിക്കാട്
3. നാലുകെട്ട്  3. എം.ടി. വാസുദേവന്‍ നായര്‍
4. പ്രേമലേഖനം 4 ബഷീര്‍
5. ചെമ്മീന്‍ 5. തകഴി

പാഠഭാഗം ശ്രദ്ധയോടെ രണ്ട് പ്രാവശ്യം വായിച്ചാല്‍ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാവുന്നതാണ്.

1. ബഷീറിന്റെ 'അനര്‍ഘനിമിഷത്തിലെ ഗദ്യഭാഷയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകള്‍ എഴുതുക.

ഉദാ: * ധ്വനിസാന്ദ്രമായ

ധ്വനിസാന്ദ്രമായ പദങ്ങള്‍, വികാരസാന്ദ്രമായ ഭാഷ കവിത തുളു മ്പുന്ന ഭാഷാ പ്രയോഗം, ദാര്‍ശനിക ഗൗരവമുള്ള ശൈലി എന്നിവ 'അനര്‍ഘനിമിഷത്തിലെ ഭാഷാപരമായ സവിശേഷതകളാണ്. ഈ ബഷീര്‍ കഥയില്‍ വാക്കുകള്‍ സംഗീതമാവുകയും താളത്തില്‍ ഒഴുകി വായനക്കാരന്റെ ഹൃദയത്തെ തഴുകുകയുംചെയ്യുന്നു.

2. 'സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍ ആരാണിങ്ങനെ പറയുന്നത്? വ്യക്തമാക്കുക. 

അനര്‍ഘനിമിഷത്തിലെ കഥാനായകന്‍

മരണത്തിനും ജീവിതത്തിനുമിടയിലെ അല്പ്പസമയത്തിനിടയ്ക്ക് കഴിഞ്ഞകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ്. അപാരമായ കാരുണ്യത്തോടെ ഇത്രയും കാലം തന്നെ സ്‌നേഹിച്ച് പ്രപഞ്ചത്തിനു മുന്നില്‍ ശിരസ്സു നമിക്കുകയാണയാള്‍. പ്രപഞ്ചത്തിനറിയാവുന്ന രഹസ്യങ്ങള്‍ തനിക്കുള്ളൂ. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥമാണ് താനെന്നെ ബോധമയാള്‍ക്കുണ്ട്.

3. 'എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘു ഗ്രന്ഥമാണല്ലോ ഞാന്‍ അനര്‍ഘ നിമിഷം - ബഷീര്‍. ഈ പ്രസ്താവനയുടെ പൊരുള്‍ കണ്ടെത്തുക.

പ്രപഞ്ചത്തിന്റെ അപരിമേയമായ നിലനില്‍പ്പിനെ മനസ്സിലാക്കുന്ന ബഷീറിന്റെ ചിന്തകളുടെ ആനന്ദമാണ് അനര്‍ഘനിമിഷം. അതില്‍ പ്രപഞ്ചത്തിന്റെ അംശമായ തനിക്ക് നിസ്സാരമായ ഒരു കാലഘട്ടം മാത്രമേയുള്ളൂ. എല്ലാറ്റിനേയും ഇന്നലെകളിലേക്ക് പറഞ്ഞയക്കുന്ന പ്രപഞ്ചം വെറും ജീവാത്മാവായ തന്നെ വളരെ ലളിതമായി മനസ്സിലാക്കിയിരിക്കുന്നു. കാരണം താന്‍ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ്. സൂഫിസത്തിന്റെ ചിന്താധാരയില്‍ പ്രപഞ്ചത്തിന്റെ അംശമായ തന്നെ വായിച്ചറിയുന്ന പുസ്തകമായി ബഷീര്‍ സങ്കല്‍പ്പിക്കുന്നു. അവിടെ ബഷീര്‍ ഒരു ഏടല്ല. ഒരു പൂര്‍ണ്ണ കൃതിയാണ്. തന്നെ ലളിതമായി വായിച്ചറിയുന്നത് പ്രപഞ്ചമാണ്. ഇതില്‍ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഉള്ളില്‍ ഇരിക്കുന്നു. പ്രപഞ്ചത്തിന്റെ അംശം മാത്രമാണ് എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നാം നിശ്ചലമാണെന്നും അചേതനമാണെന്നും കരുതുന്ന പ്രപഞ്ചത്തിന്റെ അപരിമേയമായ സാധ്യതകളും നിരീക്ഷണപാടവവും സര്‍വ്വോപരി അതില്‍ പ്രതിഭാസിക്കുന്ന ജീവചൈതന്യവും ബഷീര്‍ കണ്ടറിയുകയാണ്.

4. 'എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവര്‍ കേള്‍ക്കുന്നില്ല'' - ചിരിക്കകത്തുള്ള ദു:ഖം എന്ന ബഷീറിന്റെ പരികല്പന മനുഷ്യജീവിതത്തെ കുറിച്ച് ചില ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പരിശോധിക്കുക.

1959- ല്‍ പാത്തുമ്മായുടെ ആട് എന്ന നോവലിന്റെ മുഖവുരയില്‍ ബഷീര്‍ എഴുതി ''ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോള്‍ ഞാനാകെ വെന്തുനീറുകയായിരുന്നു' (ഭ്രാന്താ ശുപ്രതിയിലെ ചികിത്സ നടക്കുന്ന സമയത്താണ് ബഷീര്‍ ഈ നോവല്‍ രചിക്കുന്നത്.

വായനക്കാരന്റെ രസാനുഭൂതിയില്‍ കഥാപാത്രങ്ങള്‍ ഫലിതവും രസവും സമ്മാനിക്കുമ്പോള്‍ കഥാപാത്രങ്ങളെ സ്രിഷ്ടിച്ചവന്റെ നില കണ്ണീര്‍ക്കയത്തിലായിരുന്നു. ബഷീറിന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം ചാപ്ലിന്റെ സര്‍ക്കസ് എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ് ആകസ്മികമായി വന്നുചേര്‍ന്ന ആപത്തില്‍ ഭയക്കുമ്പോള്‍ കാണികളെല്ലാം മറന്നു ചിരിക്കുന്നു, കോമാളിയുടെ വേദനയയോടെയുള്ള ചിരിയെന്നത് ആപേക്ഷികമാണ്. ചിരിക്കുന്നവന്റെ മനോനിലയും, ചിരിപ്പിക്കുന്നവന്റെ മനോനിലയും വ്യത്യസ്തമായ തലങ്ങളിലായിരിക്കും മിക്കവാറും വ്യാപരിക്കുന്നത് ഒരുവന്റെ വീഴ്ച. മറ്റനേകരെ ചിരിപ്പിച്ചേക്കാം. എന്നാല്‍ വീണവന്റെ വേദനയെ (മനോവേദനയേയും) ഒരിക്കലും അളക്കുവാന്‍ സാധ്യമല്ല. ബഷീറിന്റെ ജീവിതവും തുറന്നു പറച്ചിലിന്റെ തെളിവെളിച്ചത്തിലുള്ളതാണ്. അവിടെ വെളിപ്പെടുന്ന ജീവിതാവസ്ഥകളില്‍ വായനക്കാരനെ രസിപ്പിക്കുന്ന പലതുമുണ്ടാകാം. ഒരു മനുഷ്യന്‍ എന്ന കഥയില്‍ പരാമര്‍ശിക്കുന്ന ബഷീറിന്റെ ദയനീയാവസ്ഥ വായനക്കാരന്റെ മനസ്സിനെ ചിരിപ്പിക്കും. എന്നാല്‍ ബഷീറിനെ സംബന്ധിച്ച് ദൈന്യതയുടേതാണ്.

 5. 'ചില നിമിഷത്തിലേകാകിയാം പ്രാണന്‍

അലയുമാര്‍ത്തമായ് ഭൂതകാലങ്ങളില്‍

ഇരുളിലപ്പോഴുമുദിക്കുന്നു നിന്‍ മുഖം

കരുണമാം ജനനാന്തരസാന്ത്വനം (സന്ദര്‍ശനം -ബാലചന്ദ്രന്‍ ചുള്ളിക്കാട്)

'കാലമിത്രയും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്‌നേഹിച്ചു സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ലഘുഗ്രന്ഥമാണല്ലോ ഞാന്‍' (അനര്‍ഘനിമിഷം - ബഷീര്‍) 'സന്ദര്‍ശനവും അനര്‍ഘനിമിഷവും വൈകാരിക തലത്തില്‍ ചില സമാനതകള്‍ പുലര്‍ത്തുന്നു. ചര്‍ച്ച ചെയ്യുക.

സ്വപ്നത്തിന്റെയും സ്മരണയുടേയും ധ്യാനത്തിന്റേയും പ്രവചനാതീതമായ ജൈവ യോഗമാണ് എനിക്ക് കവിതയെന്ന് പ്രസ്താവിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കര്‍മ്മത്തിലൂടെ തന്റെ പരിധി അറിയുകയും അതിനെ അതിലംഘിക്കുവാന്‍ ശ്രമിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന കവിയാണദ്ദേഹം. പ്രേമദുഃഖത്തിന്റെ ശ്യാമരക്തത്തില്‍ കുറിച്ചിട്ട് സന്ദര്‍ശനം, പ്രണയത്തിന്റേയും ക്ഷോഭത്തിന്റേയും വേദനയുടേയും രൂക്ഷവാങ്മയം കൊണ്ട്, സ്വയം ഹൃദയത്തില്‍ കോറിയിട്ട കവിതയാണ്, ബോധാവബോധങ്ങളുടെ നിഗൂഢ ലോകങ്ങളിലേക്ക് വാക്കുകളുടെ ചിറകില്‍ നടത്തുന്ന

ഇരുണ്ട് തീര്‍ത്ഥാടനമാണത്. ചില നിമിഷത്തില്‍ പിടയുന്ന ഏകാകിയായ പ്രാണനില്‍ അലി വിന്നുപൊടിയുന്നത് പ്രണയിനിയുടെ സ്‌നേഹസുരഭിലമായ മുഖദര്‍ശനമാണ്. കരുണാമയമായൊരു ജനനാന്തര സാന്ത്വനമാണതെന്ന് തോന്നും.

ചുള്ളിക്കാടിന്റെ ജീവിതത്തില്‍ അനുഭവിച്ച പ്രണയവും ക്ഷോഭവും വേദനയും ഈ കവിതയ്ക്ക് പിന്നിലെ ജൈവികാനുഭവമാണ്. സുഖശീതോഷ്ണങ്ങളുടെ തല്പര്യമല്ല കൂര്‍ത്ത മുള്ളുകളുടെ കിരീടമാണത് കവി തലയിലേറ്റുന്നത് എന്ന് സന്ദര്‍ശനത്തില്‍ കാണുന്നു. 

ദുഃഖ കല്ലോലിതമായ പ്രണയസാഗരത്തില്‍ നിന്നുയരുന്ന പ്രണയിനിയുടെ കനകമയിലാഞ്ചി നീരില്‍ത്തുടുത്ത വിരലുകള്‍ തൊടുമ്പോള്‍ നിലാവ് ചുരത്തുന്നു. ഇരുളില്‍ പ്രകാശം നിറയുന്നു. സാന്ത്വനമായി അവളുടെ മുഖം തെളിയുന്നു. ജീവിതം തെളിയുന്നു. കറപിടിച്ച ചുണ്ടും കരിഞ്ഞുപോയ കരളും ഉണര്‍ന്നു വരുന്നത്, പ്രണയത്തിന്റെ കിരണങ്ങളായ ഹൃദയത്തിന്റെ ചില്ലകള്‍ പൂക്കുമ്പോഴാണ്. അനര്‍ഘനിമിഷത്തില്‍ വാക്കുകള്‍ സംഗീതമാവുകയും താള ലയങ്ങളില്‍ ഒഴുകി വായനക്കാരന്റെ ഹൃദയത്തെ തഴുകുകയും ചെയ്യുന്നു. മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനര്‍ഘനിമിഷത്തിന്റെ അന്തര്‍ധാരയാണ്. സൂഫി സംഗീതമെന്ന പോലെ മനസ്സിനെയും ചിന്തയെയും ഒരു പോലെ ത്രസിപ്പിക്കുന്ന ചിന്തകള്‍ അനര്‍ഘനിമിഷത്തിലുണ്ട്. വളരെ സൂക്ഷ്മമായി വാക്കുകള്‍ പ്രയോഗിക്കുകയും സന്നിവേശിപ്പിക്കുകയും ചെയ്യുകയാണിവിടെ. സാന്ദ്രമായൊരു അനുഭവം അനര്‍ഘനിമിഷത്തിലുണ്ട്. ധ്യാന നിമഗ്‌നമായ മനസ്സില്‍ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ പ്രവാഹമിവിടെയുണ്ട്. ശോകസുന്ദരമായ താളലയങ്ങളില്‍ ജീവിതത്തിന്റെ സമസ്തദുഃഖങ്ങളും മറക്കാന്‍ ബഷീര്‍ ശ്രമിച്ചിരുന്നു. സ്വയം ജീവിതത്തെ നിരീക്ഷണം ചെയ്യുകയും ജീവിതത്തിന്റെ പൊരുള്‍ തേടാനെന്നവണ്ണം അതിന്റെ നിസ്സാരതയെ മനസ്സുകൊണ്ട് സ്പര്‍ശിക്കാനും സമരസപ്പെടാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഈ രണ്ടും രചനകളിലും സംഗീതവും, ഏകാന്തതയും, മൗലികമായ ചിന്തയും സമ്മേളിക്കുന്നു. കാലുഷ്യമില്ലാത്ത, സ്വാര്‍ത്ഥതയില്ലാത്ത ജീവിതരീതിയും, കെട്ടുപിണഞ്ഞ ലോകത്ത്, വാക്കുകള്‍ സംഗീതമാവുകയും ശബ്ദങ്ങള്‍ താളലയം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുതരം നവീനത ഉണര്‍ത്താന്‍ രണ്ട് കവിതയ്ക്കും കഴിയുന്നു.

6. 'നീയും ഞാനുമായ'' എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായ് അവശേഷിക്കാന്‍ പോകയാണ്. യാത്രക്കുള്ള സമയം വളരെ വളരെ അടുത്തു കഴിഞ്ഞു. പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെപ്പോലെ ഈ ഓര്‍മ്മ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങിനില്‍ക്കുന്നു. വാക്കുകളുടെ നൃത്തഭംഗിയാണ് കവിതയെങ്കില്‍ ഈ പാഠഭാഗം കവിതയാകാന്‍ വെമ്പുന്ന ഗദ്യമാണ്. മുകളില്‍ കൊടുത്ത പാഠഭാ ഗത്തിന്റെ അടിസ്ഥാനത്തില്‍ ഈ അഭിപ്രായം പരിശോധിക്കുക.

വാക്കുകള്‍ സംഗീതമാവുകയും പ്രത്യേക താളലയങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ അവ ഹൃദയത്തത്താടുന്നു. സംഗീതത്തിന്റെ പ്രത്യേകതയാണത്. മനസ്സും ചിന്തയും ഒരേ പോലെ ത്രസിപ്പിക്കാന്‍ സംഗീതത്തിനു കഴിയുന്നു. ഇതിനു വാക്കുകളുടെ പ്രയോഗവും സന്നിവേശവും സസൂക്ഷ്മ മായി വരേണ്ടതുണ്ട്. വെളിച്ചത്തിന് എന്തൊരു വെളിച്ചം, ഏകാന്തതയുടെ അപാരതീരം എന്നീ വാക്യങ്ങള്‍ നല്‍കുന്ന റിഥം സാധാരണ പദങ്ങള്‍കൊണ്ട് ലഭിക്കുന്ന സൗഭാഗ്യകരമായ സിദ്ധിയാണ്. സംഗീതാത്മകമായ പദവിന്യാസത്തിലൂടെ ബഷീര്‍ പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു. ആ ലോകത്ത് വാക്കുകള്‍ക്ക് ചിറകു മുളക്കുന്നു. വായനക്കാരന്റെ ഹൃദയത്തിലേക്ക് പറന്നുവരുന്നു. സാന്ദ്രമായ അനുഭവം തന്നെ സൃഷ്ടിക്കുന്നു. ഇങ്ങനെ ധ്യാന നിമഗ്‌നമായ മനസ്സില്‍ നിന്നും വാക്കുകള്‍ ഒഴുകിവരുന്നത് സംഗീത സാന്ദ്രമായ അനുഷ്ഠാനം കൊണ്ടാണ്. സംഗീതവും ഏകാന്തതയും മൗലികമായ ചിന്തയും സമ്മിശ്രമായി സമ്മേളിക്കുമ്പോള്‍ അലൗകികമായി മാറുന്ന ഒരു ലോകം അനര്‍ഘനിമിഷത്തിലുണ്ട്. സ്‌നേഹവും, സ്‌നേഹശൂന്യതയും വേദനയും, ആഹ്ലാദവും, ഹാസ്യവും പരിഹാസവും ഒക്കെ പ്രകടമാകുമ്പോഴും ബഷീറിന്റെ വ്യത്യസ്ത രാഗങ്ങളുടെ സ്വരലയം വാക്കുകളില്‍ കേള്‍ക്കാവുന്നതാണ്. ആശയങ്ങളുടെ തന്തികളില്‍ വിര ലോടിക്കുമ്പോഴുള്ള സപ്തരാഗങ്ങളുടെ അനുസ്യതമായ പ്രവാഹമായി വാക്കുകള്‍ മാറുന്നു. അനുപമമായ ആസ്വാദ നത്തിന്റെ മഴവില്ലുകള്‍ വായനക്കാരന്റെ ആത്മാവില്‍ വിരിയിക്കാന്‍ ബഷീറിനുള്ള കഴിവ് നവോത്ഥാന കാലഘട്ടത്തില്‍ മറ്റൊരു എഴുത്തുകാരനും ലഭിച്ചിട്ടില്ല. അനര്‍ഘനിമിഷം അനര്‍ഘമാകുന്നത്, അത് ഇന്നലെയില്‍ ലയിച്ചുപോകുന്നുവെന്ന അറിവിലാണ്. ഇന്നലെയില്‍ മറഞ്ഞു കഴിഞ്ഞാല്‍ ഇന്ന് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഞാനില്ല നീ മാത്രമെയുള്ളൂ. പ്രണയിനിയോടുള്ള ഒരേറ്റുപറച്ചിലായി തോന്നുന്നവിധം അനര്‍ഘനിമിഷം തോന്നിയേക്കാം. എന്നാല്‍ ജീവിതവും മരണവും തമ്മിലുള്ള പ്രണയമായും ഇതിനെ വ്യാഖ്യാനിക്കാം. മരണത്തിലേക്കുള്ള യാത്രയായി ജീവിതത്തെക്കാണുമ്പോള്‍ ഇപ്രകാരം ചിന്തിക്കാം. ലൗകികമായ കെട്ടുപാടുകള്‍ക്കിടയില്‍ താന്‍ കേള്‍ക്കുന്നതെല്ലാം, കാണുന്നതെല്ലാം മനസ്സിലേക്കോടിവരുന്നു.

തന്റെ പ്രേമത്തെ സ്‌നേഹത്തെക്കുറിച്ചെല്ലാമാണ്. ഈ പ്രേമം ജീവിതത്തോടുള്ളതോ അതോ പ്രണയിനിയോടുള്ളതോയെന്ന പറയുക അസാദ്ധ്യം. ഏതൊരു മനുഷ്യനെ സംബന്ധിച്ചും അനര്‍ഘനിമിഷം സാര്‍ത്ഥകമാണ്. ജീവിതത്തിന്റെ ഒരനിവാര്യതയാണ് അനര്‍ഘനിമിഷം; ഒരു നിമിഷത്തിനപ്പുറവും ഇപ്പുറവും കറുപ്പും വെളുപ്പും പോലെ ഇരുട്ടും


7.വൈക്കം മുഹമ്മദ് ബഷീറിന്റെ 'അനര്‍ഘ നിമിഷം' എന്ന കൃതിയില്‍ കാണുന്ന അടിസ്ഥാന ഭാവം ആത്മീയതയാണ്. - ഈ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ? 

ഇല്ല. ബഷീറിയന്‍ സാഹിത്യ ആകെ പഠനവിഷയമാക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു വ്യക്തി കേന്ദ്രീകതമായ സാഹിത്യം മലയാളത്തിലെന്നല്ല, ലോകസാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോള്‍ നമുക്കൊരു എഴുത്തച്ഛനെ ദര്‍ശിക്കാന്‍ സാധിക്കും, അതുപക്ഷെ ആത്മീയത മാത്രം പറഞ്ഞുനടന്ന കാലത്തിന്റേതുകൂടിയായിരുന്നു. എന്നാല്‍ തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യ സിദ്ധികൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാന്‍ കഴിയുക: അവിടെയാണ് 'വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യനായകന്‍ നമുക്കു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ബഷീറിന്റെ ഹാസ്യവും സാഹിത്യവും മനുഷ്യജീവിതവുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു. ആഴത്തില്‍ ജീവിതത്ത നോക്കിക്കാണുകയും, ദാര്‍ശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേ സമയം ചിരിപ്പിക്കുന്നതും, ചിന്തോദ്ദീ പകവുമാണത്. ജീവിതത്തിന്റെ, ഇരുണ്ട വശങ്ങളെ ബഷീറിയന്‍ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി, ഇല്ലായ്മ അതുവരെ മൂടിവെക്കേണ്ട ഒന്നായിരുന്നുവെങ്കില്‍ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂവേണ്ട അനായാസമായ ഒരു യാഥാര്‍ത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഒരേപോലെ, സമചിത്തതയോടെ കാണാന്‍, പക്വതയോടെ സമീപിക്കാന്‍ ബഷീര്‍ ഹാസ്യം, സാഹിത്യം മലയാളിയെ പഠിപ്പിച്ചു. 

എപ്പോഴും വെളിപ്പെടുത്താന്‍ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ്രവും അനര്‍ഘവുമായ നിമിഷമാണ്. വേര്‍പാടിന്റെ വേദനയുടെ മഹാതീരത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളില്‍ നിന്നും, രീതികളില്‍ നിന്നും ബഷീര്‍ 'അനര്‍ഘനിമിഷ ത്തില്‍ വ്യത്യസ്തനാകുന്നു.

ആഖ്യാനശൈലിയിലും, പദപ്രയോഗങ്ങളിലും ബഷീറില്‍ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാന്‍ കഴിയുന്നു. അപാരമായ ശാന്തത ഉള്ളില്‍ വഹിച്ചുകൊണ്ടാണ്, ഇതില്‍ ബഷീര്‍ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാര്‍ത്ഥ്യം; വേര്‍പാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂര്‍ത്തം. ആ തീഷ്ണ മുഹൂര്‍ത്തത്തിലേക്ക് ബഷീര്‍ നമ്മെയും കൊണ്ടുപോവുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠിനമായ അവസ്ഥ. അപാരമായ സ്‌നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് 'അനര്‍ഘനിമിഷത്തില്‍ കാണാം. അത് ആത്മീയതയുടെ അറിവില്ലായ്മയില്ലല്ല മറിച്ച് ലൗകികതയുടെ തിരിച്ചറിവിലാണ് ഇവിടെ ബഷീര്‍ പ്രണയം പ്രഖ്യാപിക്കുന്നത്. ലൗകികമായ, തിരിച്ചറിവിന്റെ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതല്‍. ജീവനും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം - 'അനര്‍ഘനിമിഷത്തിന്റെ അടിയൊഴുക്കായി നിലനില്‍ക്കുന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, സാക്ഷാത്ക്കാരത്തിന്റെ അടയാളം കൂടിയാണ് 'അനര്‍ഘനിമിഷം. അതിന്റെ ഭാവം മാനുഷികം മാത്രമാണ്.

8.സന്ദര്‍ശനം, അനര്‍ഘ നിമിഷം എന്നീ രചനകളിലെ ഭാവങ്ങള്‍ക്കുള്ള സമാനതകള്‍ കണ്ടെത്തി കുറിപ്പെഴുതുക.

വേര്‍പാടിന്റെ വേദനയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടും ബഷീറും അവതരിപ്പിക്കുന്നത്. വര്‍ത്തമാനകാലത്തുനിന്നു കൊണ്ട് രണ്ട് പ്രതിഭകളും ഭൂതകാലസ്മൃതികളിലേക്ക് ഊളിയിടുന്നു. അപ്പോള്‍ സന്തോഷത്തിന്റെ ഒരുമിച്ചുചേരലിന്റെ നിമിഷങ്ങള്‍ മനസ്സിലെത്തുന്നു. ആ നല്ല നിമിഷങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, അവര്‍ ഏകാകികളും ദുഃഖിതരുമാകുന്നു. ഒരേ വൈകാരികാവസ്ഥയാണ് രണ്ടെഴുത്തുകാരും ആവിഷ്‌കരിക്കുന്നത്. 'സന്ദര്‍ശനം' എന്ന കവിതയില്‍ ചില നിമിഷങ്ങളില്‍ ഏകാകിയായ പ്രാണന്‍ ആര്‍ത്തനായി ഭൂതകാലത്തിലൂടെ അലയും. ഉള്ളിലപ്പോള്‍ തന്റെ പ്രിയപ്പെട്ടവളുടെ മുഖം നനാന്തരസാന്ത്വനമായി കരുണാര്‍ദ്രതയോടെ ഉദിച്ചുയരുന്നു. ഇന്നിന്റെ ദുഃഖങ്ങള്‍ക്ക് ഇന്നലയുടെ സ്മൃതികള്‍ ഔഷധമാകുന്നത് ചുള്ളിക്കാട് സൂക്ഷ്മമായി ചിത്രീകരിക്കുന്നു. ഏകാന്തതയുടെ, വിരഹത്തിന്റെ നിമിഷങ്ങളില്‍ ഇന്നലെയുടെ സ്മരണകള്‍ സാന്ത്വനമാകുന്നു. അനര്‍ഘനിമിഷത്തില്‍ ബഷീറും കാലമിത്രയും

അപാരമായ കാരുണ്യത്തോടെ സ്‌നേഹിച്ചവളെ സ്മരിക്കുന്നു. അപ്പോള്‍ തന്നില്‍ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹത്തിന്റെ സാന്ദ്രത കഥാനായകന്‍ തിരിച്ചറിയുന്നു. സ്‌നേഹിച്ചുകൊണ്ടുതന്നെയാണ് യാത്രയാകുന്നത്. ബഷീറും ബാലചന്ദ്രന്‍ ചുള്ളിക്കാടും സ്വന്തം കൃതികളിലൂടെ അവതരിപ്പിക്കുന്നത് സമാനമായ വൈകാരിക അവസ്ഥയാണ്.


വന്നതുപോലെതന്നെ

ഞാന്‍ തനിയേ പോകയാണ്'' (അനര്‍ഘ നിമിഷം -ബഷീര്‍) 

കൂടിയല്ലാപിറക്കുന്ന നേരത്തും

കൂടിയല്ലാ മരിക്കുന്ന നേരത്തും'' (ജ്ഞാനപ്പാന -പൂന്താനം)

ഈ രചനകളില്‍ സമാനമായ ജീവിതദര്‍ശനമാണോ ആവിഷ്‌കരിക്കുന്നത്? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.


നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോകയാണ് എന്ന വിടപറച്ചിലിന്റെ സമയം ബഷീറിന്റെ പ്രകൃതിപ്രേമത്തിന്റെ ആഴം കണ്ടെത്തുന്നു. മരണത്തിന്റെ പടിയില്‍ എത്തിനില്‍ക്കുന്ന ബഷീറിന്റെ സൂഫിമനസ്സ് ഇല്ലായ്മയില്‍ ലയിക്കും മുമ്പുള്ള സമയങ്ങളെ അനര്‍ഘനിമിഷമായി എണ്ണുന്നു.  വന്നതുപോലെത്തന്നെ ഞാന്‍ തനിയെ പോകയാണ് എന്നതില്‍ ബഷീറിന്റെ അപാരതയോടുള്ള ജിജ്ഞാസയും ഭക്തിയും കാണിക്കുന്നു. തന്റെ ജനനവും മരണവും ഒറ്റക്കാണ്. ഉണ്ടായതിന്റേയും ഇല്ലായ്മയുടേയും ഇടയിലെ അനര്‍ഘ നിമിഷമാണ് താനെന്ന് ബഷീര്‍ തന്റെ പ്രപഞ്ചദര്‍ശനത്തില്‍ അറിയിക്കുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ മനുഷ്യജന്മത്തിന്റെ നിസ്സാരത വെളിപ്പെടുത്തുന്ന പിറക്കുമ്പോഴും മരിക്കുമ്പോഴും നാം ഒറ്റക്കാണെന്നത് ബഷീറിന്റെ ചിന്തയിലും വരുന്നു.

'മധ്യേയിങ്ങനെ കാണുന്ന നേരത്ത്...

മത്സരിക്കുന്നതെന്തിനീയീവ്യഥാ എന്ന് പൂന്താനം പാടുമ്പോള്‍ ജനനത്തിനും മരണത്തിനും ഇടക്കുള്ള ജന്മത്തിന്റെ നിസ്സാരതയാണ് വിഷയം. ബഷീറാകട്ടെ ഈ ജീവിതത്തെ വിലമതിക്കുന്നു. ബഷീറിന്റെ ചിന്തകള്‍ പ്രകൃതിപ്രേമത്തില്‍ നിന്നും ഈശ്വരപ്രേമത്തില്‍ നിന്നും ഒഴുകുന്നത് ജനനത്തിനും മരണത്തിനും ഇടയിലെ സാക്ഷാത്ക്കാരങ്ങളിലേക്കാണ്. പ്രകൃതിയെ അറിയുക എന്നത് തുലോം നിസ്സാരമായി ബഷീര്‍ അറിയുന്നു. എങ്കിലും ജിജ്ഞാസ കൈവെടിയുന്നില്ല. പൂന്താനമാകട്ടെ ഇതില്‍ വൈയക്തികമായ ആനന്ദത്തിലേക്കും നൊമ്പരങ്ങളിലേക്കും പോകുന്നില്ല. ആ തൂലികയില്‍ ജീവിതാസക്തിയില്ല. പകരം ജീവിത വിരക്തിയുടെ പൂണുലും കുറിയും കുടുമയുമുണ്ട്. ബഷീറിനാകട്ടെ അമ്പരപ്പില്ലാത്ത യാഥാര്‍ത്ഥ്യ ബോധത്തിന്റെ സമ്പൂര്‍ണ്ണമായ കീഴടങ്ങലുണ്ട്. മത്രമല്ല, തികച്ചും വ്യക്തി പരമായിട്ടാണ് ഈ ജനനമരണങ്ങളെ സ്വീകരിക്കുന്നത്. അതിനാല്‍ ജീവിതാസക്തിയുടെ പ്രകൃതി, പ്രേമമാണ് ബഷീറിനുള്ളത്. പൂന്താനം പക്ഷേ, ഇവിടെ വ്യക്തിപരതയേക്കാള്‍ ധര്‍മ്മത്തിനും തത്ത്വചിന്തക്കുമാണ് പ്രാധാന്യം നല്‍കുന്നത്.


9. 'നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായ് അവശേഷിക്കാന്‍ പോകയാണ് നീമാത്രം' (അനര്‍ഘ നിമിഷം - ബഷീര്‍) മനുഷ്യജീവിതത്തെക്കുറിച്ചുള്ള എന്ത് ദര്‍ശനമാണ് ബഷീര്‍ ഇവിടെ അവതരിപ്പിക്കുന്നത് ഉപന്യസിക്കുക.

നമ്മള്‍ നിത്യവും കാണുന്നവരെ അതേപോലെ കൃതികളിലും കണ്ടെത്തുന്ന ബഷീറിയന്‍ രചനാരീതിയില്‍ നിന്നും വ്യത്യസ്തമായൊരു കാവ്യഭംഗിയോടെയാണ് അനര്‍ഘനിമിഷം രചിച്ചിരിക്കുന്നത്. ജീവിതത്തിന്റെ ചക്രവാളത്തില്‍ നിന്നും ഒരാള്‍ ഇരുട്ടിലേക്ക് പോകുന്നു. അത് ബഷീറാണ്. ഇന്നലെയിലേക്ക് പൂര്‍ണ്ണമായും ലയിക്കാറായ ഇന്നില്‍ നിന്നും താന്‍ മാത്രം പോകുകയാണ്. ബഷീറിന്റെ അനര്‍ഘനിമിഷത്തില്‍ നാം കാണുന്ന വേര്‍പിരിയല്‍ അംഗീകരിക്കപ്പെട്ട സത്യമാണ്. ബഷീര്‍ തയ്യാറെടുത്തു കഴിഞ്ഞു. എങ്കിലും തീവ്രമായ വേദനയുടെ ആന്തരികമായ ഹൃദയതാളം ഈ വരികളില്‍ കാണുന്നു. ജീവിതത്തിന്റെ ഒഴുക്കില്‍ വിഘ്‌നം സംഭവിക്കുന്ന സമയങ്ങളെ ബഷീര്‍ തൊട്ടറിയുകയാണ്. മരണം വരികയായി, അത് മരണമെന്നതിനേക്കാള്‍ ഇല്ലായ്മയിലേക്കുള്ള യാത്രയായി ബഷീര്‍ അറിയുന്നു. ഈ പ്രപഞ്ചം തന്റെ കൂടെ ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇനി ഇല്ല. താന്‍ മാത്രം പോകുകയാണ്. പ്രപഞ്ചത്തെ തൊട്ടും കണ്ടും രുചിച്ചും അറിഞ്ഞവയെലാം ഇവിടെ ഇല്ലാതാക്കുന്നതിന്റെ അമ്പരപ്പ് ഏത് മനുഷ്യനും അഭി മുഖീകരിക്കുന്നതാണ്. പ്രായമാകുന്തോറും കാലം പോയതിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസ്സില്‍ വിങ്ങലുകള്‍ ആരംഭിക്കുകയായി. അത് ജനിച്ച് പ്രപഞ്ചത്തെ അറിഞ്ഞ് വരുമ്പോഴേക്കും പിടിവിടുവിച്ച് ഈ ലോകത്തുനിന്നും യാത്രയാക്കുന്നു.

 മനുഷ്യജീവിതത്തിന്റെ നിസ്സാരതയും അതിന്റെ മഹത്വവും ബഷീര്‍ കാണുന്നു. പ്രപഞ്ചം അപാരതയാണ്. അപാരമായ കാരുണ്യത്തോടെ കാലം എന്നെയും സഹിച്ചു. എന്നെ കൊണ്ടു വന്നത് നീയാണ്, നിനക്ക് എന്നെപ്പറ്റി എല്ലാം അറിയാം. പക്ഷേ ഞാന്‍ പ്രപഞ്ചത്തെ അറിഞ്ഞുവരുന്നേയുള്ളു. അപാരതയോടുള്ള അമ്പരപ്പ് മനുഷ്യനെ ചിന്തിക്കാന്‍ പഠിപ്പിക്കുന്നു. ഈ അമ്പരപ്പില്‍ ദുഃഖമുണ്ട്. എങ്കിലും മറ്റുള്ളവരെ രസിപ്പിക്കുമ്പോള്‍ അവര്‍ ഇത് അറിയുന്നില്ല. ഇന്നലെയിലേക്ക് ലയിച്ചു ചേരുവാനുള്ളതാണ് ഇന്ന് എന്നത് ബഷീറിന്റെ മനസ്സില്‍ മുഴങ്ങുന്നു. ജീവിതത്തിന്റെ നിസ്സാരതയാണ് ബഷീര്‍ അറിയുന്നത്. ജനനത്തിനും മരണത്തിനും ഇടയിലെ ജീവിതമെന്ന പ്രതിഭാസത്തെയാണ് അനര്‍ഘനിമിഷമായി ബഷീര്‍ കാണുന്നത്. ജീവിതം അനര്‍ഘമാകുന്നത് പ്രപഞ്ചത്തിന്റെ കരുതലിലാണ്. കാലം ഇത്രയും കാലം തന്നെ സഹിച്ചു എന്നതില്‍ ഈ കരുതല്‍ കാണുന്നു.

 കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയില്‍ മാങ്കൊസ്റ്റിന്‍ മരം നീയും അവശേഷിക്കുന്ന ബഷീര്‍ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേര്‍തിരിച്ച് നീയെന്ന് വിളിച്ച് നിര്‍ത്തുന്ന ബഷീര്‍ പ്രപഞ്ചത്തെ വളരെ ശക്തവും സനാതനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിചയമുള്ള ഒട്ടനവധി പേര്‍ വരികയും പോകുകയും  ചെയ്ത ആ വഴിയെ താനും യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താന്‍ മാത്രം തിരിച്ചു പോകുകയാണ്. ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേക്കുള്ള ബന്ധങ്ങളും ബഷീര്‍ കണ്ടെത്തുന്നു. അപാരതയുടെ അതിര്‍ത്തിയില്‍ നില്‍ക്കുമ്പോള്‍ നാദബ്രഹ്‌മത്തിന്റെ അനന്തമായ വിഭ്രമം ബഷീര്‍ കണ്ടെത്തുന്നത് തന്റെ ഉള്‍ക്കണ്ണുകൊണ്ടാണ്.

പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീര്‍ യാത്രയാകുന്നത്. പ്രപഞ്ചത്തെ സ്‌നേഹിച്ചു. അറിയാന്‍ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാന്‍ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗങ്ങളും ഇന്നലെകളില്‍ ലയിച്ചു പോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു. ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതില്‍ നിന്നും വിടവാങ്ങലാണ്; പ്രപഞ്ചത്തില്‍ ലയിച്ചു ചേരലാണ്. അതായത് ഇന്നലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോള്‍ അവശേഷിക്കുന്നത് പ്രപഞ്ചം മാത്രമാണ്. സ്‌നേഹിച്ചും, വെറുത്തും, ദേഷ്യപ്പെട്ടും കഴിഞ്ഞ മനുഷ്യജീവിതത്തിന്റെ നിസ്സാരതയാണ് ബഷീര്‍ ഇവിടെ ആവിഷ്‌ക്കരിക്കുന്നത്. ഈ നിസ്സാരതയുടെ സ്വാഭാവികമായ പ്രപഞ്ചത്തോട് വിടപറയുന്ന ഒരു ജീവന്റെ ആത്മഗീതിയാണ് അനര്‍ഘന്മിഷം, നാം കാട്ടികൂട്ടുന്ന അഹങ്കാരങ്ങളുടെ നിസ്സാരതയെ പഠിപ്പിക്കുന്ന ദര്‍ശനമാണ്.

10. . വെളിച്ചവും പോലെ, നിശ്ശബ്ദതയും ശബ്ദവും പോലെ, ജീവിതത്തെ ബന്ധിച്ച് നില്‍ക്കുന്നു. ''എന്തിനു മര്‍ത്ത്യായുസ്സില്‍ സാരമായതു ചില മുന്തിയ സന്ദര്‍ഭങ്ങള്‍ - അല്ല, മാത്രകള്‍ മാത്രം - വൈലോപ്പിള്ളി പറയുന്ന മനുഷ്യായസ്സിലെ ചില മുന്തിയ സന്ദര്‍ഭങ്ങള്‍ തന്നെയാണോ ബഷീര്‍ പറയുന്ന അനര്‍ഘനിമിഷവും, രണ്ടു പാഠഭാഗവും വിശകലനം ചെയ്ത് ലഘുപന്യാസം ചെയ്യുക. 

അനര്‍ഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്‌സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി അനര്‍ഘ നിമിഷത്തിലുണ്ട്. പുഷ്‌ക്കര്‍ സാഗര്‍ തടാകക്കരയിലിരുന്ന് ധ്യാനത്തില്‍ മുഴുകിയ ബഷീറിന്റെ ആത്മപരത അനര്‍ഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്‌വാരങ്ങളില്‍ സൂഫിമാരോടൊപ്പം ജീവിച്ചു.  ബഷീര്‍ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്‌കരസാഗറിലേക്കുള്ള യാത്രാമദ്ധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരിക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണല്‍ത്തട്ടില്‍ വീണു. മരണം അബോധത്തിലെവിടേയോ ഉറച്ച നിമിഷം കാതില്‍ കുളിര്‍ കാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടില്‍ കുളിര്‍ തണ്ണീന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനര്‍ഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവര്‍ കരകയറ്റി സുഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീര്‍ അവിടെനിന്നും സ്വായത്ത മാക്കി. ലൗകികതയ്ക്കപ്പുറം അവിസ്മരണീയവും അനുഭൂതിദായകവുമായിരുന്ന ജീവിത പ്രമമാണ് അനര്‍ഘനിമിഷത്തില്‍ ബഷീര്‍ വരച്ചുകാട്ടുന്നത്. 

' ഊഞ്ഞാലില്‍ കവി പരാമര്‍ശിക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ ജീവിതത്തിന്റെ തുടിപ്പേറിയ സ്‌നേഹസമ്പൂര്‍ണ്ണമായ ദാമ്പത്യത്തിന്റെ സജീവതയാണ്. ദമ്പതികള്‍ തങ്ങളിലെ സ്‌നേഹത്തെ ബന്ധിപ്പിക്കുന്ന ജീവിത രഹസ്യങ്ങളെ അന്വേഷിക്കുകയും തങ്ങളില്‍ തന്നെ കണ്ടെത്തുകയും ചെയ്യുന്നു. നിരന്തരം ഒരുമിച്ചു പാര്‍ത്തു ജീവിച്ചവരല്ല വൈലോപ്പിള്ളിയും ഭാര്യ ഭാനുമതിയമ്മയും. എന്നാല്‍ കാവ്യലോകസ്മരണകളുടെ ആമുഖത്തില്‍ വൈലോപ്പിള്ളിയുടെ മകന്‍ കുറിച്ചതുപോലെ കുട്ടികളോടും ഭാര്യയോടും വാത്സല്യവും കുറും ഉള്ള നല്ല ഒരു കുടുംബനാഥനായിരുന്നു അദ്ദേഹം.

തന്റെ പ്രഥമ സഖിയായി അദ്ദേഹം കവിതയെ കണ്ടിരുന്നതിനാല്‍ കുടുംബജീവിതത്തില്‍ അത്രകണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നു വേണം പറയാന്‍. ദാമ്പത്യജീവിതത്തിലേയ്ക്ക് കണ്ണുപതിപ്പിയ്ക്കുമ്പോള്‍ മാത്രമാണ് ദാമ്പത്യത്തെ കുറിച്ചോര്‍ക്കുന്നതും ഭാര്യയെ, കാമുകി പാരവശ്യത്തോടെ നോക്കുന്നതും ആ നോട്ടത്തില്‍ 45 - ാ ം വയസ്സില്‍ താന്‍ വേട്ട യുവതിയുടെ സൗന്ദര്യവും കാമ്യഭാവവും ഉന്മാദമായി മനസ്സില്‍ കടന്നുവരുന്നു.

ഊഞ്ഞാലില്‍ ഈയൊരു പ്രക്രിയയുടെ ആവര്‍ത്തനം നടക്കുന്നു. കവിയുടെ മനസ്സിനുന്മേഷം പകര്‍ന്ന സുന്ദര രൂപത്തില്‍ അഭിരമിച്ച് ബാക്കിയാകുന്ന ജീവിതത്തെ മോഹത്തോടെ നോക്കുന്നു. വാര്‍ദ്ധക്യത്തിലുള്ള ജീവിതേച്ഛയിലാണ് സ്‌നേഹസുന്ദരമായ ദാമ്പത്യജീവിതാസ്വാദനം നടക്കുന്നത്. ഉടലില്‍ ശ്രദ്ധ പതിയുന്നതും അതുകൊണ്ടുതന്നെ പരിസരങ്ങളില്‍ നിറഞ്ഞുനിന്ന അനുകൂലാന്തരീക്ഷത്തെ നിരീക്ഷണം ചെയ്യുന്നതും ശ്രദ്ധിക്കുക പ്രണയത്തെ ഉണര്‍ത്തുന്ന തിരുവാതിര കുളിര്‍മയില്‍ കവിയും ഭാര്യയും ഏക താനമായ വൈകാരികാനുഭൂതിയില്‍ നിറയുന്നു. 'കണ്ണീര്‍പ്പാട'ത്തിലും മറ്റും കാണുന്ന വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളെ ദാമ്പത്യ ഭിന്നതകള്‍ക്കിടയിലും സ്‌നേഹസ പൂര്‍ണ്ണമായ ദാമ്പത്യത്തിന്റെ കനിവാര്‍ന്ന ഉറവസൂക്ഷിക്കുന്ന പാവങ്ങളെ കവി വായനക്കാരന് ചൂണ്ടിക്കാട്ടുന്നതുപോലെ ഊഞ്ഞാലിലും ദൃശ്യമാണ്. വേട്ടപ്പക്ഷിപോലെ പറക്കുന്ന വിമാനം തികച്ചും സാന്ദര്‍ഭികമാണ്.

ഊഞ്ഞാലിലും അനര്‍ഘനിമിഷത്തിലും പരാമര്‍ശിക്കുന്ന ജീവി തത്തിലെ മുന്തിയ നിമിഷങ്ങള്‍ എന്ന മാനകത്തെ മുന്‍നിര്‍ത്തു മ്പോള്‍ രണ്ടിലും വ്യത്യസ്തമായ പശ്ചാത്തലങ്ങളാണ് കടന്നുവരുന്നതെന്ന് കാണാം. അനര്‍ഘനിമിഷം ആത്മീയമായൊരു തലത്തെ പ്രതീകവത്ക്കരിക്കുമ്പോള്‍ ഊഞ്ഞാല്‍

ലൗകികമായ ജീവിതത്തിലെ നഷ്ടപ്പെട്ട കണ്ണികളെ വിളക്കിച്ചേര്‍ക്കുന്ന, ജീവി ത്രപ്രക്രിയയില്‍ വിജയിക്കുന്ന ദാമ്പത്യത്തെ കണ്ടെത്തുകയാണ് ചെയ്യുന്നത

PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക










No comments: