സസ്യങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന കടങ്കഥകള്‍
അമ്മ കല്ലിലും മുള്ളിലും മകള്‍ കല്യാണ പന്തലില്‍
വാഴയും വാഴക്കുലയും
ആനയെ കെട്ടാന്‍ തടിയുണ്ട് ജീരകം പൊതിയാന്‍ ഇലയില്ല വാഴയും വാഴക്കുലയും
പുളിയില
മണ്ണിനടിയില്‍ സ്വര്‍ണ്ണക്കട്ട
മഞ്ഞള്‍
ഇല പായ പോലെ തടി തൂണു പോലെ
വാഴ
അടി പാറ നടു വടി മീതെ കുട
ചേന
ചെടിയില്‍ മേല്‍ കായ കായയില്‍ ചെടി
പൈനാപ്പിള്‍
തിരിതെറുത്തു തിരിക്കകത്തു മുട്ടയിട്ടു
പയര്‍
വട്ടം വട്ടം വളയിട്ട് നെട്ടം നെട്ടം വളരുന്നു
കമുക്
സൂചി പോലെ ഇല വന്നു
പായ പോലെ ഇല വിരിഞ്ഞു
ഞാനതിന്റെ കാ തിന്നു
നീയതിന്റെ പേര് പറ.
വാഴ
അകത്ത് തിരിതെറുത്തു പുറത്ത് മുട്ടയിട്ടു.
കുരുമുളക്
അമ്മ കറുമ്പി മകളു വെളുമ്പി മകളുടെ മകളോ സുന്ദരിക്കോത
വെള്ളില
അച്ഛന്‍ ഒരു പട്ടു തന്നു മുക്കിയിട്ടും മുക്കിയിട്ടും നനയുന്നില്ല.
ചേമ്പില/ താമരയില
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടി മുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അക്കരെ വെടി പൊട്ടുമ്പോള്‍ ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂണ്‍ മുളയ്ക്കുക
അമ്മ കൊലുന്നനെ മക്കള്‍ കുരുന്നനെ.
കമുങ്ങ്
അങ്ങ് കിടക്കണ മന്തന്‍ കാളയ്‌ക്കെത്തറ നീണ്ടമുടി കയറ്.
മത്തനും വള്ളിയും
അച്ഛന്‍ മുള്ളന്‍ അമ്മ മിനുമിനു മോള്‍ മണി മണി.
ചക്ക
കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാലിത്തിരിയില്ല.
ഉള്ളി
അകത്തറുത്താല്‍ പുറത്തറിയും
ചക്ക
കാള കിടക്കും കയറോടും
മത്തനും വള്ളിയും
എന്റെ കിടപ്പ് വള്ളീലാണ് മേല് നിറയെ ചൊറിയാണ്.
പാവയ്ക്കാ
ഒരു കുന്തത്തേലായിരം കുന്തം കുത്തിക്കുത്തി.
തെങ്ങോല
കറിക്കു മുമ്പന്‍ ഇലക്ക് പിമ്പന്‍.
കറിവേപ്പില
തല വട്ടിയില്‍ തടി തൊട്ടിയില്‍.
നെല്ല്
നിലം കീറി പൊന്നെടുത്തു.
മഞ്ഞള്‍
ആയിരം തത്തക്ക് ഒരു കൊക്ക്.
വാഴക്കുല
വെള്ളമതിനുള്ളിലൊരു വെള്ളിവടി.
വാഴപ്പിണ്ടി
തൊട്ടാലുറങ്ങുന്ന കാട്ടിലെ കുഞ്ഞ്.
തൊട്ടാവാടി
കയ്യില്‍ വടി വായില്‍ മധുരം.
കരിമ്പ്
കാട്ടിലൊരമ്മ പൊന്നണിഞ്ഞു നില്‍ക്കുന്നു.
കൊന്ന പൂത്തു നില്‍ക്കുന്നു
കാലുകൊണ്ട് വെള്ളം കുടിച്ചു തലകൊണ്ട് മുട്ടയിട്ടു.
തെങ്ങ്
കയ്ക്കും പുളിക്കും മധുരിക്കും മിഠായി.
നെല്ലിക്കാ
ഒരമ്മയുടെ മക്കളെല്ലാം നരയന്മാര്‍.
കുമ്പളങ്ങ
ഉടുതുണി ഇല്ലാത്തോന്‍ കുടയും ചൂടി നില്‍ക്കുന്നു.
കൂണ്
ഇടയ്ക്കിടയ്ക്ക് കെട്ടുംകെട്ടി മാനത്തേക്ക് വാലും നീട്ടി.
മുള
ഒരമ്മയ്ക്ക് തോളോളം വള.
കവുങ്ങ്
മുള്ളുണ്ട് മുരിക്കല്ല പാലുണ്ട് പശുവല്ല.
ചക്ക
ചാരം പൂശിയവന്‍ ചന്തയ്ക്ക് പോയി.
കുമ്പളങ്ങ
മുക്കണ്ണന്‍ ചന്തയ്ക്ക് പോയി.
തേങ്ങ
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാര്‍.
അടയ്ക്ക
കാട്ടിലൊരിറ്റുചോര.
മഞ്ചാടി
മലയില്‍ ഒരു അമ്മയ്ക്ക് നിറുകയില്‍ പൂവ്.
കൈതചക്ക
കാട് വെട്ടി പാറ കണ്ടു, പാറ വെട്ടി വെള്ളം കണ്ടു.
തേങ്ങ
ഇങ്ങേലെ വീട്ടിലെ ചങ്ങാതി വിരുന്നു വന്നു,
കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇല വേണം.
വെറ്റില
അടിക്കു കൊടുത്താല്‍ മുടിക്ക് കാണാം.
തേങ്ങ
കൊച്ചിയില്‍ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
വെള്ളരിക്ക
പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം.
ചീര
ആദ്യം പൊന്തി പൊന്തി പിന്നെ തൂങ്ങി തൂങ്ങി.
വാഴക്കുല
ചുള്ളി കൊമ്പില്‍ മഞ്ഞ കിളി.
കശുമാങ്ങ
ഇത്തിരികുഞ്ഞന്‍ കുഞ്ഞിനെ കരയിച്ചു.
കാന്താരി
എന്റെ നാക്കില്‍ നിനക്കൊരു വിരുന്ന്.
വാഴയില
No comments:
Post a Comment