I daily kerala syllabus: ഇറച്ചിക്കോഴികള്‍ വില്പനയ്ക്ക്- പാഠഭാഗം

ഇറച്ചിക്കോഴികള്‍ വില്പനയ്ക്ക്- പാഠഭാഗം

 ഡിസംബറിലെ ഒരു പ്രഭാതത്തില്‍ ഞങ്ങള്‍ വൃദ്ധസദനത്തിലേക്ക് യാത്രതിരിച്ചു.

ഡിസംബറിലെ ഒരു പ്രഭാതത്തില്‍ ഞാന്‍ വൃദ്ധസദനത്തിലേക്ക് യാത്രതിരിച്ചു. 

രണ്ടാമത്തേതാണ് ശരിയായ പ്രയോഗം. പിന്നെ ആദ്യത്തേത്. ജീവിതത്തില്‍ പല പ്പോഴും ചില സുന്ദര പദങ്ങളുപയോഗിച്ച് ഒത്തുതീര്‍പ്പുകളില്‍ എത്താറുണ്ടല്ലോ നമ്മള്‍. അത്തരത്തിലൊന്നാണിതും. ഡിസംബറിലെ പ്രഭാതവും ഞങ്ങളും. എല്ലാവരും ഒറ്റയ്ക്കാണെന്നേ. മുറിവു പറ്റുന്നതും വേദനിക്കുന്നതും സ്വയമല്ലേ. നമ്മള്‍ എന്നൊന്നുമില്ലെന്നേ. എന്നിട്ടും വിട്ടുവീഴ്ചയുടെ ഞാണിന്മേല്‍ക്കളികളിലൂടെ നമ്മള്‍ അങ്ങനെയിങ്ങനെയൊക്കെ പോയിക്കൊണ്ടിരിക്കുന്നു.

അലങ്കാര പ്രയോഗങ്ങളില്‍ എനിക്കുനല്ല ഭ്രമമുണ്ട്. ആരോഗ്യവാനായ യുവാവിനെപ്പോലെ എനിക്കിപ്പോഴും പ്രേമകവിതകള്‍ രചിക്കാനാവും. ഒരു പോരില്‍ പങ്കെടുത്ത് വിജയിക്കാനും, വിജയാഹ്ലാദത്തിനിടയില്‍ കാമുകിയെ നോക്കി കണ്ണിറുക്കിക്കാണിക്കാനുമാകും. എനിക്കേ, അമ്പത്തഞ്ച് വയസ്സായെന്നു മനസ്സിലാക്കണം. മുടികൊഴിച്ചിലില്ലെന്ന് പറയുമ്പോള്‍ത്തന്നെ ലേശം നരയുള്ളത് മൂടിവയ്ക്കുന്നുമില്ല. ഈ സത്യസന്ധതയെ നിങ്ങള്‍ മാനിച്ചേ തീരൂ.

നര സാറയ്ക്കിഷ്ടമല്ല. സാറ, എന്റെ ഭാര്യ. സുന്ദരി. തൊട്ടാല്‍ തുളുമ്പും അറിയാമോ? അവളുടെ ഒരു ബന്ധു വിദേശത്തു നിന്നയച്ചുതന്ന മുന്തിയതരം ഡൈ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ എന്താ, എന്റെ മുടിയുടെ ഒരു കറുകറുപ്പ്. അത് ഭംഗിയില്‍ ട്രിം ചെയ്ത് ഷാംപൂ ചെയ്ത് ചീകിവച്ചു തരും സാറ. അവള്‍ ഡിസൈന്‍ ചെയ്ത സൂട്ടും കൂടിയാവുമ്പോള്‍ ചെറുപ്പക്കാരന്‍ പോലും വിരണ്ടു പോകും. പോകണമല്ലോ. അല്ലെങ്കില്‍ ഈ ബാഹ്യമായ അലങ്കാരം ജീവിതസദസ്സുകളില്‍ നിലനിറുത്താന്‍ ഇത്രയ്ക്കധികം പണം ചെലവാക്കുന്നതിലര്‍ഥമില്ലല്ലോ. ചെലവഴിക്കാന്‍ ഉണ്ടെന്നും വെച്ചോളൂ.

ഒരു ദരിദ്രവാസിയായി ജീവിതം തുട ങ്ങിയ ഞാന്‍..... എന്റെ ദൈവമേ, അതൊക്കെ ഓര്‍ക്കാന്‍ നിന്നാല്‍ കിറുക്കുവരും. എന്റെ ഗതികേടിതാണ്. ഞാന്‍ മനുഷ്യര്‍ക്കു കൊള്ളാത്ത ഒത്തിരി കാര്യങ്ങള്‍ ചിന്തിക്കും. ഇതുമൂലം എന്നെ സഹിച്ചു മടുത്തിട്ടാണ് സാറ വ്യദ്ധസദനത്തിലേക്കു കൊണ്ടുപോകുന്നതെന്നു തോന്നുന്നു. അതാണ് ഞാന്‍ നേരത്തെ ആ നല്ലവര യില്‍ തുടങ്ങിയത്. ഡിസംബറിലെ പ്രഭാത ത്തില്‍ഞങ്ങള്‍......

അല്ലെങ്കില്‍ സാറയ്ക്കും സങ്കടമാകുമേ, മറ്റുളളവരുടെ ചെറിയ വികാരങ്ങളെ വരെ ഞാന്‍ മാനിക്കും. താങ്കളുടെ ആരോഗ്യമെങ്ങനെ എന്ന് സുഹൃത്തിനുള്ള കത്തിലെഴുതി പോസ്റ്റു ചെയ്തു കഴിഞ്ഞാലുടനെ ഒരു മഹാ ആധിക്ക് ഞാനടിപ്പെടുകയായി. ആരോഗ്യമെങ്ങനെ എന്ന ചോദ്യത്തിലൂടെ അയാളുടെ ആരോഗ്യം തകരാറിലാണെന്നു കേള്‍ക്കാനും സഹതപിക്കാനും ഞാനാഗ്രഹിക്കുന്നതായി ധ്വനിയില്ലേ? ഞരമ്പു രോഗിയായ ഒരുവനെ ഇങ്ങനെയൊക്കെ വിചാരിക്കൂ എന്നാണെങ്കില്‍ അല്ലെന്ന് ഞാന്‍ തറപ്പിച്ചു പറയും. ധ്വനിയുണ്ട്. ഉണ്ടെന്നേ. താങ്കളുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലാതിരിപ്പാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. അതാണ് ശരി. അതില്‍ സൗന്ദര്യാംശവും ദൈവികാംശവുമുണ്ട്. ഛേ, എന്തൊരു കുഴപ്പം പിടിച്ച പ്രയോഗമാണ് ഞാന്‍ തുറന്നു വിട്ടിരിക്കുന്നത്. എന്റെ പ്രാര്‍ഥന ദൈവം സ്വീകരിച്ചില്ലെങ്കില്‍ അയാളുടെ ആരോഗ്യം തുലഞ്ഞതു തന്നെ. അങ്ങനെവരുമ്പോള്‍ ഔപചാരികമായി ഉപയോഗിക്കേണ്ട വാക്ക് ഇതൊന്നുമല്ല. അത് *ഉള്‍പ്രശ്നങ്ങളില്ലാത്തതും പൂവിതള്‍ മാതിരി സൗകുമാര്യം നിറഞ്ഞതു മായിരിക്കണം.---ക്ഷേമം നേരുന്നു.

നോക്കിയാട്ടെ, എത്ര അര്‍ഥപൂര്‍ണവും ആലോചനാമൃതവും. അല്ലേ?

ഇതൊരുതരം ലജ്ജയില്ലാത്ത വേവലാതിക്കളിയാണെന്നാണ് സാറ കുറ്റപ്പെടുത്തുന്നത്. ശരിയായിരിക്കാം. സാറയെക്കുറിച്ച് എനിക്കു പരാതിയേയില്ല. എന്നെ ഇവ്വിധം മോടിയിലൊരുക്കി കാറിലിട്ട് ഡ്രൈവു ചെയ്ത് വൃദ്ധസദനത്തിലേക്കു കൊണ്ടു പോകുന്നതവളല്ലേ. അമ്പത്തഞ്ചുകാരന്റെ ഭാര്യയായി വരാന്‍ തയ്യാറായ കുലീനയും യുവതിയുമായ അവളെ ഞാന്‍ തെറ്റായ ഒരു ചിന്ത കൊണ്ടുപോലും കോറിവരയില്ല. അവള്‍ ത്യാഗസമ്പന്നയാണ്. ഇന്നലെ പകല്‍ മുഴുവന്‍ വൃദ്ധസദനത്തിന്റെ ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവള്‍ നടത്തിയ ശ്രമങ്ങള്‍ കേട്ടാല്‍ത്തന്നെ നിങ്ങളതു സമ്മതിച്ചുതരും. വര്‍ക്ക ത്തുകെട്ട ഫോണ്‍ ഡയറക്ടറെ പിടിച്ചുകൊടുക്കണ്ടേ. അവള്‍ പിന്തിരിഞ്ഞതേയില്ല. ആ സഹനത്തിനാണ് സമ്മാനം നല്‍കേണ്ടത്.

ഫോണില്‍ രാവിലെ മുതല്‍ തുടങ്ങിയ അധ്വാനം വൈകുന്നേരത്തോടെ സാഫല്യത്തിലെത്തി. അങ്ങേത്തലയ്ക്കല്‍, തീരെ വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. ഡയറക്ടര്‍ നിയമപരമായ ഒരു കടുംപിടുത്തക്കാരനും. അയാളോട് കെഞ്ചുകപോലു മുണ്ടായി സാറ. രണ്ടരവര്‍ഷത്തെ ഉല്ലാസകരമായ ദാമ്പത്യത്തിനിടയ്ക്ക് അവളൊന്ന് താഴുന്നത്, വിധേയത്വം ഭാവിക്കുന്നത് ഞാനിന്നലെ ആദ്യമായി കാണുകയായിരുന്നു. കണ്ടോ, എനിക്കായി അവള്‍ നീക്കി വെച്ച വിശാലവും ആഴമേറിയതുമായ സ്‌നേഹം! വളരെ വലിയ തുകയാണ് സദനം ഡയറക്ടര്‍ക്ക് അവള്‍ ഓഫര്‍ ചെയ്തത്. എന്നെ ഒരു തൂക്കുതട്ടിലിട്ടാല്‍ വരെ തുല്യമാവാത്തത്ര തുക. അതോടെ എന്റെ മാറ്റി പാര്‍പ്പിക്കല്‍ നടന്നുകഴിഞ്ഞതായി ഉറപ്പായി. ഫോണിനുപിന്നില്‍ ഡയറക്ടര്‍ പ്രലോഭിക്കപ്പെടുകയും അയയുകയും ചെയ്തു. എനിക്കതു കാണാം കാരണം കാശല്ലേ, അയാളെവിടെപ്പോകാന്‍? വന്‍ പണക്കാരനായ ഒരാളുടെ അപ്പ നുവേണ്ടി രഹസ്യമായി ബുക്കുചെയ്തിട്ടിരിക്കുന്ന മുറി...... അഴകാര്‍ന്നതും സൗഖ്യം നിറഞ്ഞതുമായ പറുദീസ എന്നതായിരിക്കണം ഡയറക്ടര്‍ വിശേഷിപ്പിച്ചത്...... എനിക്കു തരാമെന്ന് അയാള്‍ സമ്മതിച്ചു. എന്നാല്‍ ഒരു വ്യവസ്ഥയില്‍: മനോരോഗാ ശുപത്രിയില്‍ നിര്‍ബന്ധപൂര്‍വം പ്രവേശിക്കപ്പെട്ടിരുന്ന ആ അപ്പന്‍ തിരിച്ചു വരികയാണെങ്കില്‍ ഞാനൊഴിഞ്ഞുകൊടുക്കണം. വരില്ലെന്ന് വിശ്വസിക്കാം. സ്വത്തു തര്‍ക്കം മൂര്‍ധന്യത്തിലെത്തിയിരിക്കകൊണ്ട് മനോരോഗാശുപത്രിയിലെ ഏതെങ്കിലും പ്രാകൃതരീതികളിലൂടെ മകന് അപ്പനെ തട്ടിക്കളയാതെ നിര്‍വ്വാഹമില്ല. 

ഇക്കാര്യം സാറയോട് വളരെ സ്‌നേഹം തോന്നിയതിനാല്‍, നല്ലൊരു ഇടപാടുകാരിയാണെന്ന് ഉത്തമബോധ്യം വന്നതിനാല്‍ ഡയറക്ടര്‍ ചുരുക്കിപ്പറഞ്ഞതാണ്.

പുറത്തറിയിക്കേണ്ട. എന്നോടിതെല്ലാം വിവരിച്ചു തന്നുകൊണ്ട് സാറ കൗശലം നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ചതെന്തിനായിരുന്നു? ഇപ്പോഴും പിടികിട്ടിയിട്ടില്ല കേട്ടോ. സഹികെട്ടാല്‍ ഒരു പക്ഷേ, അവള്‍ എന്നെ വല്ല മനോരോഗാശുപത്രിയിലും കൊണ്ടുപോയി പ്രാകൃതരീതികളിലൂടെ ........ദേ, ഇതാണെന്നേ എന്റെ കുഴപ്പം. സാറ അങ്ങനെ ചിന്തിക്കകൂടിയില്ല. വേവലാതി കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായ വൃദ്ധനെ ഭാര്യയും മക്കളും സഹിച്ചുമടുത്ത് നെല്ലറയിലാക്കി പൂട്ടിയിടുന്ന ഒരു കഥ വായിച്ച തോര്‍ക്കുന്നു. ആര്‍ക്കും എപ്പോഴും എന്തും വരാം എന്ന സ്‌നേഹമായിരുന്നു ആ വൃദ്ധന്റെ വേവലാതി. നെല്ലറയുടെ ഇരുട്ടില്‍ കിടന്ന് 'വെളളം തായോ' എന്ന് വൃദ്ധന്‍ കേണപ്പോള്‍ മൂത്രം മുള്ളി കുടിച്ചോളാന്‍ കല്പിക്കുന്ന ഭാര്യ. നെല്ലറയ്ക്കു പകരം സാറ എന്നെ കൊണ്ടുപോയി വൃദ്ധസദനത്തില്‍.....

ശ്ശോ, ചിന്തിച്ച് കാട്ടിലെത്തുന്നതിനും വേണം ഒരതിര്. വൃദ്ധസദനം നെല്ലറപോലെ, ആവിപ്പുരപോലെ ഇരുണ്ടതും ദുസ്സഹവുമാണെന്ന് മുന്‍ധാരണയിലെത്തുന്ന ബുദ്ധിക്ക് കാര്യമായ എന്തോ പിണഞ്ഞിട്ടുണ്ട്. സാറ ഒരു ദിവസം സ്‌നേഹപൂര്‍വം എന്റെ ചെവിയില്‍ പറഞ്ഞതുമാതിരി:

നിങ്ങള്‍ക്ക് പിരിലൂ സായിപ്പോയോ എന്നു ഞാന്‍ സംശയിക്കുന്നു.


ആ ഒരു പതനത്തിലാണോ ഞാന്‍? എങ്കിലും എത്ര ആര്‍ജവത്തോടെ, ഡോക്ടര്‍ മാരൊക്കെ പറയുന്നത് ചതുര വടിവില്‍ സൗമൃതയോടെയാണ് അവളതു പറഞ്ഞത്. അവളുടെ ഒതുങ്ങിയ മോഹന രൂപം പോലെത്തന്നെയാണ് വാക്കുകളും സമീപനവും വേദനിപ്പിക്കില്ല. പ്രതിപക്ഷ ബഹുമാനവും വേണ്ടുവോളം. ഇന്നത്തെ ഭൂമിലോകത്തില്‍ തീരെയില്ലാത്ത കാര്യങ്ങളാണിതൊക്കെ.

എന്നിട്ട്, അങ്ങനെ പറഞ്ഞിട്ട് മുറിയിലുണ്ടായിരുന്ന മിക്ക സാധനങ്ങളും എടുത്തു മാറ്റിക്കളഞ്ഞു സാറ. കൈയെത്തിച്ചെടുക്കാ വുന്നവ, നിലത്തെറിഞ്ഞുടയ്ക്കാവുന്നവ, ടെലിവിഷന്‍സെറ്റ്, കളിമണ്ണില്‍ ഞാന്‍ പ്രിയത്തോടെ വാര്‍ത്തെടുത്ത കോമാളിയെ അട ക്കം. ഫലിത നാടകം കാണുന്ന കൗതുക ത്തോടെ ഞാന്‍ അവളെ നോക്കിയിരിക്കുക മാത്രം ചെയ്തു.

സമ്മതിച്ചു ഇതൊക്കെ നിങ്ങളുടേതു തന്നെ. ആ നോട്ടത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ,

എന്റെ കൗതുകനോട്ടത്തില്‍ ഇക്കണ്ടകാ ണായതെല്ലാം എന്റേ്‌റേതാണെന്ന 'ധാര്‍ഷ്ട്യ മുണ്ടായിരുന്നുവോ? എങ്കില്‍ മോശം തന്നെ. അവളോടുള്ള പ്രിയം കൊണ്ട് സ്വത്തെല്ലാം അവളുടെ പേര്‍ക്കെഴുതി ക്കൊടുത്തതാണല്ലോ ഞാന്‍. മാധുര്യം വിടാത്ത ഭാഷയിലാണെങ്കിലും സാറ എന്നെ വളച്ചൊടിച്ചും ദുര്‍വ്യാഖാനിച്ചും വേദനിപ്പിക്കുന്നില്ലേ? അയ്യയ്യോ. അരുതാ ത്തതൊന്നും സാറയെപ്പറ്റി വിചാരിക്കാതെ. മുയല്‍ കുഞ്ഞാണ് സാറ. കനിവുളള മുഖവും വെളുത്ത സൗമ്യതയും. പിരിലൂ സാണെനിക്കെന്ന് അവള്‍ക്കു തോന്നിയി ട്ടുണ്ടെങ്കില്‍ അതായിരിക്കണം ശരി. ഒരു പിരിലൂസന്‍ തുടക്കമിടുക വസ്തുവഹകള്‍ പൊട്ടിക്കുന്നതിലൂടെയായിരിക്കും.

സാറ തുടര്‍ന്നു പറഞ്ഞതു ഇത്രയുമാ യിരുന്നു.

.......... പക്ഷേ, ഒന്നും നശിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. നിങ്ങളുടെ മട്ടും മാതി രിയും കാണുമ്പോള്‍ പേടി തോന്നുന്നുണ്ട്. നോട്ടത്തിലൂടെയും വെപ്രാളം പിടിച്ച കാട്ടി ക്കൂട്ടലിലൂടെയും നിങ്ങള്‍ എന്നെ പേടിപ്പി ക്കുകയാണ്.

ഞാന്‍ കരഞ്ഞിരിക്കണം. അതിനാലാണല്ലോ കവിളില്‍ നനവനുഭവപ്പെട്ടതും, സാറ ഒരു മഴയ്ക്കപ്പുറത്തായതും. ഒപ്പം, എന്തിനാണ് കരഞ്ഞതെന്നോര്‍ത്ത് ഞാനത്ഭുതപ്പെടുകയുമുണ്ടായി. അല്ല എന്തിനാ ഞാന്‍ കരഞ്ഞത്? തീര്‍ച്ചയായും എന്നെ, സാറ കുറ്റപ്പെടുത്തിയത് കേട്ടിട്ടല്ല. അവള്‍ കുറ്റപ്പെടുത്തുകയായിരുന്നില്ല. ബുദ്ധിശൂന്യനായ എനിക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കിത്തരികയായിരുന്നു. എന്റെ മരത്തലയിലേക്ക് അടിച്ചുകേറ്റിത്തരികയായിരുന്നു. പിന്നെന്തിനാ ഞാന്‍ കരഞ്ഞത്? നല്ലവളായ സാറയെ വെറുതെ വേദനിപ്പിക്കേണ്ടി വന്നതോര്‍ത്തിട്ട്.....

സാറ തെറ്റിദ്ധരിപ്പിക്കാവുന്ന വിധം പെരുമാറിയതില്‍ എനിക്ക് ദുഖമുണ്ട്.

അപ്പറഞ്ഞത് അവള്‍ ശ്രദ്ധിച്ചതുപോലുമില്ല. അഴകും തുടിപ്പും നിറഞ്ഞ ചുമല്‍ വെട്ടിച്ചുകൊണ്ട് അവള്‍ മുറിവിട്ടു പോയി. എന്റെ ക്ഷമാപണം അവള്‍ തീര്‍ത്തും നിരാകരിച്ചുകളഞ്ഞതില്‍ സങ്കടം അളവറ്റതായി. പൊടുന്നനെ എനിക്ക് കോപം തോന്നാനും തുടങ്ങി. ഒരാള്‍ ക്ഷമ ചോദിക്കുമ്പോള്‍ അതിനെ മാനിക്കാതിരിക്കുന്നത് പോക്കിരിത്തരമല്ലേ?

അല്ലേ? അതിരുകടക്കരുത് നീ സാറ? ഞാന്‍ ഒച്ചവെച്ചു. അവള്‍ കടന്നുചെന്ന തളത്തില്‍ നിന്ന് ഒരുവക അനക്കങ്ങളുമുണ്ടായില്ല. ചെന്നു നോക്കുമ്പോഴെന്താ സംഗതി: കനപ്പെട്ട ഒരു പരസ്യ പുസ്‌കമെടുത്ത് തത്രപ്പെട്ട് പേജുകള്‍ മറിക്കുകയാണ് സാറ. ഒടുവില്‍ അവള്‍ക്കാവശ്യമുളള ഒരു മുഴുവന്‍ പേജ് കളര്‍പരസ്യം എന്റെ നേരെ നിവര്‍ത്തിപ്പിടിച്ചു വായിച്ചു.------

നിര്‍മ്മല്‍ ഭവന്‍, വൃദ്ധസദനം, പതിനാലു മുറികള്‍, മുറികള്‍ക്കെല്ലാം അറ്റാച്ചഡ് ബാത്ത്‌റൂം, ജാലകങ്ങള്‍ തുറന്നിട്ടാല്‍ കുന്നുകളുടെ കാഴ്ചയും നീലാകാശവും മന്ദമാരുതനും ചുറ്റുപാടുകളും ചെടികളും പൂക്കളും കിളികളും. മുറികള്‍ വെളുത്ത ചായമിട്ടതും ശുചിത്വമാര്‍ന്നതും. അന്തേവാസികളെ തൃപ്തിപ്പെടുത്തുന്ന തരം ഭക്ഷണവും പ്രത്യേകം പരിശീലനം ലഭിച്ച നേഴ്‌സുമാരുടെ ശുശ്രൂഷയും, പ്രാര്‍ത്ഥനാ ഹാള്‍, വായനാശാല, ആഴ്ചയിലൊരുവട്ടം നിര്‍ബന്ധിത വൈദ്യപരിശോധന, രോഗങ്ങള്‍ക്കിനം തിരിച്ച് സ്‌പെഷലിസ്റ്റുകള്‍, അങ്ങനെ സ്വര്‍ഗത്തിന്റെ പരിച്ഛേദം, വയസ്സായെന്നു തോന്നുമ്പോള്‍ ഇങ്ങോട്ടു വരിക; സ്വാഗതം. വായിച്ചു തീര്‍ത്ത് സാറ തിളങ്ങുന്ന നോട്ടമെറിഞ്ഞു. ആ പരസ്യത്തില്‍ ഞാനത്ര താല്‍പ്പര്യമൊന്നും കാണിച്ചില്ല. ഇത്ര ശ്രമിച്ച് ആ പരസ്യം കണ്ടത്തിപ്പിടിച്ച് അവള്‍ വായിച്ചു കേള്‍പ്പിച്ചു തന്നതിന്റെ ഉദ്ദേശ്യം പോലും അപ്പോള്‍ എനിക്കറിയില്ലായിരുന്നു. മറിച്ച് മനോരോ ഗാശുപത്രിയെക്കുറിച്ചുള്ള പരസ്യവാചകമായിരുന്നു അതെങ്കില്‍ അന്നേരത്തെ മാനസികനിലവെച്ച് എനിക്കെളുപ്പം മനസ്സിലായേനെ......

ഹോ, എനിക്ക് നിങ്ങളുടത്ര പ്രായമായിരുന്നെങ്കില്‍ ഈ പരസ്യം വായിച്ചാലുടനെ ചാടിപ്പുറപ്പെടുമായിരുന്നു. സാറ മന്ത്രിക്കുന്നതും തീവ്രവുമായ ഒച്ചയില്‍ പറഞ്ഞു.

സാറയ്ക്ക് വയസ്സാവാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാന്‍ പ്രേമപൂര്‍വം അവളുടെ സ്വര്‍ണനിറമുളള തലമുടിയില്‍ തലോടി. 

അവള്‍ എന്റെ കൈ എടുത്തുമാറ്റുകയും തുറിച്ചു നോക്കുകയും ചെയ്തു. അവളെന്തോ ഉദ്ദേശിച്ചുറച്ചിട്ടുണ്ടെന്ന് ആ നിരാകരണത്തിലൂടെ മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഞാന്‍ കേള്‍പ്പിച്ച പരസ്യത്തെക്കുറിച്ച് നിങ്ങള്‍ ഒന്നും പറഞ്ഞില്ല. അവള്‍, അതിശയനീയമായ ഒരു വസ്തുത കാഴ്ചവെച്ചിട്ടും ഞാന്‍ പ്രതികരിച്ചില്ലെന്ന വിധം തിരക്കി.

ഓ അതോ ആ പരസ്യം ആ പരസ്യത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അതേക്കുറിച്ച് പറയാന്‍ അശക്തനാണ് ഞാനെന്ന മട്ടില്‍ സാറയെ നോക്കിനില്‍പ്പായി.

പരസ്യമല്ല പ്രധാനം ഏറ്റവും സൗകര്യപ്രദമായ ഒരിടം നിങ്ങള്‍ക്കുണ്ടാക്കിത്തരിക എന്നതാണ്. നിങ്ങളുടെ തീരുമാനം പറയുക എന്നതാണ്.

ഇതോടെ കാര്യങ്ങളിലേക്ക് ശരിയായ രീതിയില്‍ ഞാന്‍ പ്രവേശിച്ചു. എനി ക്കെല്ലാം മനസ്സിലായെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ സാറയെ ധരിപ്പിക്കാന്‍ വെമ്പി. ഉദ്ദേശിക്കുന്ന വാക്കുകളാകട്ടെ ആത്മാവിന്റെ പൊട്ടക്കിണറ്റില്‍ ഇടംവലം ചുറ്റിയടിച്ചു. ചതഞ്ഞ മുഴക്കം മാത്രം തേട്ടിത്തേട്ടി വന്നു. അയ്യോ, അന്നേരവും ഞാന്‍ കരയുകയായിരുന്നുവെന്നതാണ് തമാശ. ഈ കരച്ചിലിന്റെ കാരണവും സത്യമാണേ, എനിക്ക് പിടികിട്ടിയില്ല കേട്ടോ.

വയസ്സായെന്ന് സ്വയം മനസ്സിലാക്കാനുളള വിവേകമൊക്കെ നിങ്ങള്‍ക്കായി.

അവള്‍ വിദ്യാര്‍ത്ഥിയോടെന്നവണ്ണം ശാന്തമായി എന്നെ ഗുണദോഷിച്ചു. ഞാന്‍ തലയാട്ടിക്കാണിച്ചു. അതെയതെ. അപ്പോഴും ഈ കണ്ണുനീര് വലിയ അപകടം ചെയ്തു. കണ്ണിലൊതുങ്ങി നില്‍ക്കാതെ അതങ്ങനെ നാലുപാടും തെറിച്ചു. ഒരു തുള്ളി സാറയുടെ വെളുത്ത രൂപത്തികവാര്‍ന്ന കൈത്തണ്ടയിലും പതിച്ചു. നീല നേത്രങ്ങള്‍ അലസമായുയര്‍ത്തി എന്നെ തുറിച്ചു നോക്കിയതിനു പിറകേ കൈലേസുകൊണ്ട് അവളതു തുടച്ചു കളഞ്ഞു. തുടര്‍ന്ന് വൃദ്ധസദനത്തിന്റെ ഫോണ്‍ നമ്പറില്‍ കറക്കിക്കറക്കി......

ആ സമയം ഞാന്‍ ചിലതൊക്കെ ചിന്തിച്ചിരുന്നു. അതൊന്നും സാറയെ കുറ്റപ്പെടുത്തിക്കൊണ്ടുളളതായിരുന്നില്ലെന്ന് വാതു വെയ്ക്കാം. ഒരാളെ കുറ്റപ്പെടുത്താനോ, കോര്‍ത്തെടുക്കാനോ എനിക്കാവില്ല. ഞാനൊരു പുണ്യാളനാണെന്നല്ല പറഞ്ഞോണ്ടു വരുന്നത്, നേരെചൊവ്വെ പള്ളിയില്‍ പോക്കു കൂടിയില്ല. അതുപോട്ടെ സാറ ഫോണില്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ചിലതൊക്കെ ചിന്തിച്ചിരുന്നതിനെക്കുറിച്ചാണല്ലോ സൂചിപ്പിച്ചത്. അത്ര വിശേഷപ്പെട്ട ഒന്നുമല്ല. ചെറിയൊരു സങ്കടം രണ്ടരക്കൊല്ലം മുമ്പു സാറയെ കെട്ടുമ്പോള്‍ അവള്‍ക്ക് ഞാന്‍ വയസ്സനായിരുന്നില്ലല്ലോയെന്ന്, നിങ്ങളെത്ര കരുത്തനാണ്! അന്നവള്‍ പ്രശംസിച്ചത് ഞാന്‍ കേള്‍ക്കുന്നുണ്ട്. കേള്‍ക്കുന്നുണ്ടേണ്ട--

തമാശയാണെന്നേ ഇതൊക്കെ. ഈ തമാശകള്‍ക്കിടയിലും പതിവുപോലെ ഒരു കോമാളി നിന്നു കരയുന്നുണ്ട്. പണ്ടത്തെ ദരിദ്രവാസിയായ കോമാളി. പൈപ്പുവെള്ളത്തിനും സൂര്യതാപത്തിനുമിടയില്‍ നെഞ്ചത്തടിച്ചുള്ള നിലവിളിയോടെ ആ കോമാളിപ്പയ്യന്‍-- 

പിന്നെ സ്‌നേഹം നക്ഷത്രമായി മിന്നുന്ന ഒരു മുഖവും പത്തിരുപത്തഞ്ചു കൊല്ലം എന്നോടൊപ്പം ജീവിച്ച ആഗ്‌നസ്. പിറക്കാതെപോയ കുട്ടികളുടെ പൂന്തോട്ടം ദുഖകരമാണേ അതൊക്കെ. ചങ്കിടിപ്പ് വരും. തൊണ്ട വരളും. വാട്ടര്‍ ബോട്ടില്‍ ബാഗിലാണ്. ബാഗ് കാറിന്റെ ഡിക്കിയിലും. സാറയ്ക്ക് ബുദ്ധിമുട്ടാവും കാറു നിറുത്താനും ഡിക്കിയിലെ ബാഗ് എടുക്കാനും. വെളളം കുടിച്ചില്ലെന്നുവെച്ച് തല്‍ക്കാലം ഒന്നും സംഭവിക്കില്ല, കുറച്ചു ദാഹമല്ലാതെ. ---ഒന്നും ചിന്തിക്കരുത്.

വൃശ്ചികത്തിലെ ഈ തണുത്ത പ്രഭാതത്തിലൂടെ സാറ എന്നേയും കൊണ്ടുപോകുകയാണെന്നുമാത്രം വിചാരിച്ചേക്കുക: നന്മ നിറഞ്ഞ ഒരിടത്തേക്ക്. അവളെപ്പോലെ ഔദാര്യവും കരുണയും ആര്‍ക്കെന്നോട് കാണിക്കാനാവും? പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കിയതും ഉചിതജ്ഞയായ ഒരു കൂട്ടുകാരിയായി അവള്‍ മാറിയതു കണ്ടാട്ടെ.

നമുക്ക് അകന്ന് കഴിയാം, നമ്മുടെ-ബന്ധം നിലനിറുത്തിക്കൊണ്ടു തന്നെ എന്താ?

ഇതാണ് സാറയുടെ പ്രത്യേകത. എത്ര ഭംഗിയായാണ് എന്നെ പറഞ്ഞുമനസ്സിലാക്കിയത്. അവള്‍ എന്തെങ്കിലും നിര്‍ദ്ദേശിച്ചുകഴിഞ്ഞാല്‍പ്പിന്നെ നിഷേധിക്കാനാവില്ല.

കാര്‍ പ്രധാന വീഥിയില്‍ നിന്ന് ഇടറോഡിലേക്കു തിരിഞ്ഞു. ചുറ്റും പൂമരങ്ങളുടെ സമ്മോഹനത ദൃശ്യമായി. ദൂരെ ആകാശ മിറങ്ങിക്കിടക്കുന്നകുന്നുകള്‍. വൃദ്ധസദനം അടുക്കാറായെന്നു തോന്നുന്നു.

ഇടറോഡിലേക്കു തിരിയുന്നിടത്ത് ഒരു ബോര്‍ഡ് കണ്ടു. അതെനിക്ക് വ്യക്തമായി വായിക്കാന്‍ സാധിച്ചു:

-----ഇറച്ചിക്കോഴികള്‍ വില്പനയ്ക്ക്.

(വ്യദ്ധസദനം)-ടി.വി. കൊച്ചുബാവ - പ്ലസ് വണ്‍ തുല്യതാക്ലാസ്സ്

PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


No comments: